ലണ്ടന്‍: എന്‍എച്ച്എസില്‍ ഒട്ടേറെ നിയന്ത്രണങ്ങള്‍ രഹസ്യമായി നടപ്പാക്കുന്നുവെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. വിവരം പുറത്തു വന്നാല്‍ വന്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നതിനാലാണ് ഇതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കുക, സേവനങ്ങളുടെ ലഭ്യത കുറയ്ക്കുക, ചികിത്സയിലും പ്രിസ്‌ക്രിപ്ഷനുകളിലും കുറവ് വരുത്തുക തുടങ്ങിയവയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ എന്‍എച്ച്എസ് നേതൃത്വം തയ്യാറാകുന്നില്ലെന്ന് ബിഎംഎ പറയുന്നു. എന്‍എച്ച്എസ് ഫണ്ടുകള്‍ക്ക് നിയന്ത്രണം വരുത്തിയതിനു ശേഷമാണ് ഇത്തരം നിയന്ത്രണങ്ങളേക്കുറിച്ച് അധികൃതര്‍ ചിന്തിച്ചു തുടങ്ങിയതെന്നാണ് വിവരം.

ഈ വര്‍ഷം ഏര്‍പ്പെടുത്തിയ കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ക്കു ശേഷം ചില മേഖലകളില്‍ 2017-18 വര്‍ഷത്തേക്ക് നിര്‍ദേശിച്ചിരിക്കുന്ന നീക്കിയിരുപ്പ് നേടാനാണ് പ്രധാനമായും ശ്രമം നടക്കുന്നത്. 13 മേഖലകളിലെ എന്‍എച്ച്എസ് വികസന പദ്ധതികളേക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് വിവരാവകാശ നിയമപ്രകാരം ബിഎംഎ ആവശ്യമുന്നയിച്ചിരുന്നു. എട്ട് പ്രദേശങ്ങളില്‍ നിന്ന് മറുപടി ലഭിച്ചു. എന്നാല്‍ സുപ്രധാന മേഖലകളിലെ രേഖകള്‍ ആരും നല്‍കിയിട്ടില്ലെന്ന് ബിഎംഎ വ്യക്തമാക്കി. ഇത്തരം നിയന്ത്രണങ്ങള്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്ക് ലഭിക്കുന്ന ചികിത്സക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പ്രവചിക്കാന്‍ കഴിയില്ലെന്ന് ബിഎംഎ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ഡഡോ.ഡേവിഡ് റിഗ്ലി പറഞ്ഞു.

ആശുപത്രികളില്‍ മാത്രമല്ല ജിപി സര്‍ജറികളിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് വന്‍ ഭീഷണിയാണ് ഇവ ഉയര്‍ത്തുന്നത്. രോഗികളെ വന്‍ തോതില്‍ ബാധിക്കാനിടയുള്ള നിയന്ത്രണങ്ങളാണ് രഹസ്യമായി നടപ്പാക്കാന്‍ പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഈ നിയന്ത്രണങ്ങള്‍ നടപ്പാക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.