എം.ജി.ബിജുകുമാർ
മുറ്റത്തിൻ്റെ കോണിൽ നിൽക്കുന്ന മഞ്ഞമന്ദാരത്തിന്റെ അരികിൽ അവധി ദിവസത്തിന്റെ ആലസ്യം നിറഞ്ഞ മനസ്സുമായി കസേരയിൽ ഇരിക്കുകയായിരുന്നു ഞാൻ. ചൂടുകാപ്പി ഊതിയൂതിക്കുടിക്കുമ്പോൾ വായിക്കാനെടുത്ത പത്രം മടിയിൽ തന്നെയിരിപ്പുണ്ടായിരുന്നു. റോഡിൽ അയൽവാസികളായ കുട്ടികൾ കളിക്കുന്നതിന്റെ ബഹളം മുഴങ്ങുമ്പോൾ കുളിയ്ക്കാനുള്ള മടി നിറഞ്ഞ മനസ്സുമായി പത്രം എടുത്തു നിവർത്തി .
എന്നും പുഴയിലാണ് കുളിയ്ക്കാറ്. വീട്ടിൽ നിന്നിറങ്ങി നടന്ന് പുഴയിലെത്തുമ്പോഴേക്കും മടി മാറുമെന്നതാണ് വസ്തുത. പുഴയിലേക്ക് എടുത്തുചാടി അൽപ്പം നീന്തുമ്പോഴേക്കും ഒരു ദിവസത്തേക്കുള്ള ഉന്മേഷം താനേ വരുമെന്നതാണ് യാഥാർത്ഥ്യം.
പത്രത്തിലെ ആദ്യപേജിൽ “ഇന്ന് ഹൃദയദിനം” എന്ന ചെറിയ കുറിപ്പ് വായിച്ചിരിക്കവേ ചാറ്റൽ മഴയെത്തി. പത്രവുമായി സിറ്റൗട്ടിലേക്ക് കയറിയിരുന്നു വായന തുടരുമ്പോഴും കുട്ടികൾ കളി നിർത്താൻ ഭാവമില്ലെന്ന രീതിയിൽ ബഹളം തുടർന്നു. അല്പം കഴിഞ്ഞപ്പോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ ഓലപ്പന്ത് സിറ്റൗട്ടിലേക്ക് വന്നു വീണു. അപ്പോഴേക്കും മഴ ഇരച്ചെത്തി. അതിനാൽ പന്തെടുക്കാൻ വരാതെ കുട്ടികൾ അവരവരുടെ വീടുകളിലേക്ക് ഓടി. എൻ്റെ ദൃഷ്ടി ആ ഓലപ്പന്തിൽത്തന്നെ തറഞ്ഞു നിന്നു.
ബാല്യകാലത്ത് ഏറുപന്തും ചില്ലിപ്പന്തുമൊക്കെ കളിയ്ക്കാൻ എത്രയെത്ര ഓലപ്പന്തുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നത് ഗൃഹാതുരതയോടെ ഞാൻ ഓർത്തു. അതിനെപ്പറ്റി ആലോചിച്ച് ഇരിക്കവേയാണ് അബിയെപ്പറ്റിയുള്ള ഓർമ്മ എന്റെ മനസ്സിലേക്ക് ചാറ്റൽമഴ പോലെ എത്തിയത്. മാസങ്ങൾക്ക് മുമ്പ് ഒരേയൊരു പ്രാവശ്യമേ കണ്ടിട്ടുള്ളൂ എങ്കിലും അവന്റെ മുഖം ഇന്നും മറന്നിട്ടില്ല. അവൻ കൈത്തലം തിരിച്ചുപിടിച്ച് നെറ്റിയിൽ വെച്ച് ചൂട് നോക്കിയത് എങ്ങനെയാണ് മറക്കാൻ കഴിയുക….!
ഓർമ്മകൾ മഴയുടെ താളത്തിൽ പിന്നിലേക്ക് ഒഴുകി.
എവിടെയോ ദീർഘയാത്ര പോയിട്ട് തിരിച്ച് വരുന്നതിനിടയിലാണ് ഒരു വൈകുന്നേരം ബന്ധുവായ രാജേട്ടന്റെ വീട്ടിൽ സ്നേഹ സന്ദർശനത്തിനായി കയറിയത്. അവിടെയെത്തുമ്പോൾ ചേട്ടൻ വിറകു കീറുകയായിരുന്നു. എന്നെക്കണ്ട് പുളളിക്കാരൻ അതൊക്കെ നിർത്തി സിറ്റൗട്ടിൽ വന്നിരുന്നു. ഞങ്ങൾ വെടി പറഞ്ഞിരിക്കവേ ചേട്ടന്റെ ഭാര്യ നികിത കാപ്പി ഉണ്ടാക്കി കൊണ്ടുവന്നു.
“ആഹാ ! നീയീ വഴിയൊക്കെ അറിയുമോ? കുറേക്കാലമായല്ലോ ഈ വഴി വന്നിട്ട് .” കാപ്പിയുമായി വന്ന നികിതയങ്ങനെ പറയവേ മറുപടിയായി ഞാനൊന്നു ചിരിച്ചു.
ഞങ്ങൾ ഒരേ കോളേജിൽ പഠിച്ചവരും സമപ്രായക്കാരുമാണ്.
കാപ്പി കുടിച്ചു കൊണ്ട് മൂവരും വിശേഷങ്ങൾ പറഞ്ഞ് ഇരിക്കുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ “സന്ധ്യയ്ക്ക് മുമ്പ് കുളിച്ചേക്കാം, അല്ലെങ്കിൽ പിന്നെ തുമ്മലിൻ്റെ ഘോഷയാത്രയാണ്.! ഒരു അഞ്ചു മിനിറ്റ് ,ഞാൻ വേഗം കുളിച്ചിട്ടു വരാം ” എന്ന് പറഞ്ഞു ചേട്ടൻ കുളിക്കാനായി അകത്തേക്ക് പോയി.
ഞാനും നികിതയും സിറ്റൗട്ടിൽ തന്നെയിരുന്ന് അവരുടെ മകൾ അക്ഷരയുടെ പഠനകാര്യത്തെപ്പറ്റിയൊക്കെ സംസാരിക്കുകയായിരുന്നു.
“അവൾ ഏഴാം ക്ലാസിലായി, എങ്കിലും അവധി എന്നു കേട്ടാൽ ട്യൂഷന് പോകാൻ മടിയാണ് ”
നികിത പരിഭവം പറഞ്ഞു.
” കുട്ടികളൊക്കെ അങ്ങനെയാണ്, അവർക്കും കളിക്കാനൊക്കെ അല്പം സമയം വേണ്ടേ ?”
എന്റെ മറുപടി കേട്ട് അവൾ നീട്ടിയൊന്നു മൂളി.
” നല്ല പാർട്ടിയോട് ആണ് ഞാൻ എന്തായാലും ഇക്കാര്യം പറഞ്ഞത്. എന്തുപറഞ്ഞാലും പിള്ളേരുടെ ഭാഗത്താണ് നിൻ്റെ സപ്പോർട്ട് എന്ന് ഞാൻ ഓർത്തില്ല ”
അതും പറഞ്ഞ് അവൾ മുറ്റത്തേക്ക് നോക്കവേ ഒരു പയ്യൻ റോഡിൽ നിന്നും മുറ്റത്തേക്ക് കയറി വന്നു.
“എന്താടാ എന്തുപറ്റി?” അവൾ ആഗതനോടു തിരക്കവേ ഞാൻ കൗതുകത്തോടെ അവനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. അവൻ വായ തുറന്നു ഒരു പല്ലിൽ പിടിച്ച് അവളെ കാണിച്ചു. എന്നിട്ട് എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ പുറത്തേക്കു വന്നില്ല.
” വീട്ടിൽ പോ ,അമ്മയുടെ അടുത്തേക്ക് ചെല്ല് ” അവൾ അവനോട് സ്നേഹത്തോടെ പറഞ്ഞു.
” ഏതാ ഈ പയ്യൻ? എന്താ പറ്റിയത് ?”
ഞാനവളോട് തിരക്കി.
” ഇവൻ സംസാരിക്കില്ല ബുദ്ധിക്ക് അല്പം പ്രശ്നമുണ്ട്.” എന്ന് അവൾ പറയുമ്പോൾ അവൻ നികിതയോട് അവന്റെ കൂടെ ഇറങ്ങിച്ചെല്ലാൻ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.
” അമ്മയുടെ അടുത്തേക്ക് ചെല്ല്, നേരം സന്ധ്യയായി, മഴയും വരുന്നുണ്ട് ”
അവൾ അവനോട് വീണ്ടും പറഞ്ഞു.
മഴയുടെ മുന്നറിയിപ്പെന്നോണം
ഒരു ചെറിയ തണുത്ത കാറ്റ് ഞങ്ങടെ തഴുകി കടന്നു പോയി. അപ്പോൾ അവൻ എന്റെ അടുത്തേക്ക് നടന്നു വന്നു. എന്നിട്ട് വായ തുറന്ന് പല്ലിൽ പിടിച്ച് എന്തൊക്കെയോ എന്നോട് പറയാൻ ശ്രമിച്ചു. പല്ലിനു വേദന ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു.
പെട്ടെന്നാണ് അവൻ ബലമായി എന്റെ കയ്യിൽ കയറിപ്പിടിച്ചത്. ഞാനും അവനൊപ്പം ചെല്ലാൻ ആംഗ്യം കാണിച്ചു. ഞാൻ ഒന്നു പകച്ചു.
” വിട് ! ആ ചേട്ടൻ ഇവിടെയുള്ളതല്ല.”
നികിത അവനോട് ഉറക്കെ പറഞ്ഞു. പക്ഷേ അവൻ പിടിവിട്ടില്ല. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കുഴങ്ങി. ഭിന്നശേഷിയുള്ള പയ്യൻ ആയതിനാൽഎങ്ങനെ പ്രതികരിക്കും എന്നറിയാതെ ഞാൻ അല്പം ഭയന്നു.
” അയ്യോ വിട് , ആ ചേട്ടന് പനിയാണ് ,ഉവ്വാവാണ്; വയ്യാതെ ഇരിക്കുകയാണ്.”
എൻ്റെ ഭീതി കണ്ട് നികിത അവനോട് ഉറക്കെപ്പറഞ്ഞു. പെട്ടെന്ന് അവന്റെ മുഖം അല്പം മ്ളാനമായി. അവൻ പിടിവിട്ടു കൊണ്ട് എന്നെ തന്നെ നോക്കി. അതിനുശേഷം അവൻ കൈത്തലത്തിൻ്റെ പിറകുവശം കൊണ്ട് എൻ്റെ നെറ്റിയിൽ വച്ചു. എന്നിട്ട് പനിയാണെന്ന് ബോധ്യപ്പെട്ടത് പോലെ സഹാനുഭൂതിയോടെ എന്നെ നോക്കി.
പിന്നെ തിരിഞ്ഞു നടന്നു. റോഡിലേക്കിറങ്ങി അവൻ നടന്നു നീങ്ങി. എനിക്ക് ആകെ കഷ്ടം തോന്നി. ഞാൻ അവനെക്കുറിച്ച് നികിതയോട് അന്വേഷിച്ചു. അവൾ അവനെപ്പറ്റി പറഞ്ഞു തുടങ്ങിയത് ശ്രദ്ധയോടെ ഞാൻ കേട്ടിരുന്നു.
” അഭിഷേക് എന്നാണ് അവന്റെ പേര്. അവൻ ആകെ പറയുന്നത് അമ്മ, അബി, ഗോണി എന്നീ വാക്കുകൾ മാത്രമാണ്. അവൻ്റെ പേര് ചോദിച്ചാൽ അബി എന്നാണ് അവൻ പറയുക. അതു കൊണ്ടെല്ലാവരും അവനെ അബി എന്നാണ് വിളിയ്ക്കാറ്. ”
അവൾ പറഞ്ഞു നിർത്തി.
ബാക്കി കേൾക്കാൻ കൗതുകത്തോടെ ഇരിക്കുന്നത് കണ്ട് അവൾ തുടർന്നു.
എപ്പോഴും അവൻ ഗോണീ.., ഗോണീ ..,,എന്ന് പറഞ്ഞുകൊണ്ടിരിക്കും. അപ്പോഴൊക്കെ ഓലപ്പന്ത് ഉണ്ടാക്കി കൊടുത്തുകൊണ്ടിരിക്കണം. അങ്ങനെ ഉണ്ടാക്കിക്കിട്ടുന്ന ഓലപ്പന്തുകളെല്ലാം ചാക്കിൽ ഇട്ടുവയ്ക്കുകയും ചെയ്യും”
അവൾ പറയുന്നതും കേട്ടിരിക്കവേ എനിക്കുണ്ടായ സംശയം ഞാൻ നികിതയോട് പറഞ്ഞു.
“ഗോണി എന്നത് ഹിന്ദി വാക്കല്ലേ ?
അതവൻ എങ്ങനെ പഠിച്ചു.?”
നികിത എൻ്റെ സംശയത്തിന് മറുപടിയായി തുടർന്നു.
” അവൻ ജനിച്ചത് ഇവിടെയാണെങ്കിലും ഒരു വയസ്സിനു ശേഷം പത്തു വർഷത്തോളം വളർന്നത് പൂനയിലാണ്.അവിടെവച്ച് ആ വാക്ക് മനസ്സിൽ പതിഞ്ഞതാവും.”
അവൾ തന്റെ നിഗമനം പറഞ്ഞു.
“ഇവന് സഹോദരങ്ങൾ ഉണ്ടോ ? അവർക്കും ഇങ്ങനെ പ്രശ്നമുണ്ടോ? ” ഞാൻ തിരക്കി.
” ഇളയത് പെൺകുട്ടിയാണ്, അവൾക്ക് യാതൊരു പ്രശ്നവുമില്ല. ഇവനെ ഗർഭംധരിച്ച് ഇരിക്കുമ്പോഴാണ് ഇവൻ്റെ അപ്പൂപ്പൻ കാളവണ്ടി ഓടിച്ചു കൊണ്ടു പോകവേ വല്ലായ്മ വന്ന് വീഴുകയും കാളവണ്ടിച്ചക്രം കഴുത്തിലൂടെ കയറിയിറങ്ങുകയും ആശുപത്രിയിലെത്തിച്ചുവെങ്കിലും താമസിയാതെ അയാൾ മരിക്കുകയും ചെയ്തു. അത് ഇവൻ്റെ അമ്മയ്ക്ക് ഒരു ഷോക്കായിരുന്നു. അതിൻ്റെ ആഘാതം ഗർഭസ്ഥശിശുവിലും ബാധിച്ചതിനാലാവും അവനിങ്ങനെയായതെന്ന് കരുതാനേ നിവൃത്തിയുള്ളു. ”
അതുകൂടി കേട്ടപ്പോൾ അവനോട് വീണ്ടും സ്നേഹം തോന്നിപ്പോയി.
” കണ്ടാൽ പയ്യനെന്ന തോന്നുമെങ്കിലും മുപ്പതിനടുത്ത് പ്രായമുണ്ട്.”
അവൾ ഓർമ്മിച്ചിട്ടെന്നോണം പറഞ്ഞു.
അങ്ങനെ അവൻ്റെ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇരിഞ്ഞെടുത്ത കുറച്ച് ഓലക്കാലുമായി അബി നടന്നു വരുന്നത് കണ്ടു. അവൻ ഞങ്ങളെ നോക്കി ഒന്നു രണ്ട് സെക്കൻ്റ് നേരം നിന്നു.
” വേഗം പോ, ഇരുട്ടിത്തുടങ്ങി ,” അവനോട് നികത വിളിച്ചു പറഞ്ഞു. സമയം സന്ധ്യ മയങ്ങിയിരുന്നു.
” സ്നേഹത്തോടെ പറഞ്ഞാൽ അവൻ എല്ലാം. കേൾക്കും. എവിടെപ്പോയാലും ഇവൻ ആരുടെയും ഒന്നും എടുക്കില്ല. ആകെ ഓലയും ഓലമടലും മാത്രം മതി അവന്. മടല് വെട്ടി മുറിച്ച് അവൻ തന്നെ ബാറ്റ് ഉണ്ടാകും. ഓലക്കാൽ അമ്മയുടെയോ, മറ്റാരുടെയെങ്കിലോ കയ്യിൽ കൊടുത്തു ഓലപ്പന്തുണ്ടാക്കിക്കും. എത്ര പന്ത് കിട്ടിയാലും അവൻ വീണ്ടും ഗോണി… ഗോണി എന്നു പറഞ്ഞു വഴക്കുണ്ടാക്കിക്കൊണ്ടിരിക്കും.”
നികിത അവനെപ്പറ്റി പറഞ്ഞു നിർത്തവേ രാജേട്ടൻ കുളിച്ചിട്ട് വന്നു. പിന്നെ ഞങ്ങൾ മൂവരും കൂടി അവന്റെ കാര്യങ്ങൾ സംസാരിച്ചിരിക്കുമ്പോൾ അക്ഷര ട്യൂഷനും കഴിഞ്ഞെത്തി. അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.
” ഇന്ന് അടി വല്ലതും കിട്ടിയോടീ ?”
നികിത അവളോട് കളിയാക്കും വിധം തിരക്കി.
“ഓ പിന്നെ ! അടി വാങ്ങാനല്ലേ ട്യൂഷന് പോകുന്നേ.. ഒന്നു പോ അമ്മേ”
അക്ഷരയുടെ മറുപടി കേട്ട് ഞാൻ ചിരിച്ചു. തുടർന്ന് രസകരമായ പല സംഭവങ്ങളും പറഞ്ഞിരുന്നു നേരംപോയി. യാത്രപറഞ്ഞ് ഇറങ്ങുമ്പോഴേക്കും അബിയുടെ കാര്യം താത്കാലികമായി മറന്നിരുന്നു. പിന്നീട് ഇടയ്ക്കൊരു പ്രാവശ്യം രാജേട്ടൻ്റെ വീട്ടിൽ പോയപ്പോൾ അവൻ കൈത്തലം തിരിച്ച് നെറ്റിയിൽ വെച്ചത് ഓർത്തിട്ടുണ്ട്.അവരോട് അതിനെപ്പറ്റി സംസാരിച്ചിട്ടുമുണ്ട്.
ഓർമ്മകളിൽ നിന്നുണർന്നപ്പോഴും മഴ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.
പത്രം മടക്കി വെച്ച് ഞാൻ ആ ഓലപ്പന്തെടുത്ത് വെറുതേ അമ്മാനമാടി. അതെൻ്റെയുള്ളിൽ മറവിയിലാണ്ട ഒന്നിലേക്ക് എന്നെ വീണ്ടും കൊണ്ടുചെന്നെത്തിച്ചു.;
ഹൃദയത്തിൽ വിങ്ങലായിത്തീർന്ന, മന:പ്പൂർവ്വം മറക്കാൻ ശ്രമിച്ചിരുന്ന ഒന്നിലേക്ക്.!
ഹൈസ്കൂളിലെത്തിയപ്പോൾ മറ്റൊരു സ്കൂളിൽ നിന്നും ടി സി വാങ്ങി വന്ന ഒരു സഹപാഠി ഉണ്ടായിരുന്നു. ശ്വാസംമുട്ടലും മറ്റെന്തൊക്കെയോ അസുഖങ്ങളും ഉള്ളതിനാൽ അവൻ ഞങ്ങളോടൊപ്പം കളിക്കാൻ കൂടാറില്ലായിരുന്നു. ഞങ്ങൾ കളിക്കാൻ ഗ്രൗണ്ടിലേക്ക് പായുമ്പോൾ അവൻ ക്ലാസ്സ് റൂമിനരികിലെ വരാന്തയിൽ തന്നെ ഇരിക്കും. ക്രമേണ ഞങ്ങൾ ചങ്ങാതിമാരായി. അവന് ഓലപ്പന്ത് വളരെ ഇഷ്ടമായിരുന്നു. സ്കൂളിലെ തെങ്ങിൽ നിന്നും ഓലക്കാലിരിഞ്ഞ് വരാന്തയിൽ നിൽക്കുമായിരുന്ന സഹപാഠിയ്ക്ക് ഞാൻ പന്തുണ്ടാക്കിക്കൊടുക്കുമായിരുന്നു.
അത് മൂന്നും നാലും എണ്ണം ഉപയോഗിച്ച് അവൻ അമ്മാനമാടുന്നത് കാണാൻ എന്നും കൗതുകമായിരുന്നു. ആ വർഷം തന്നെ കൊല്ലപ്പരീക്ഷക്കു മുമ്പ് മുമ്പ് അവൻ ട്യൂമർ ബാധിച്ച് മരിച്ചത് ഒരു വിങ്ങലായി ഹൃദയത്തിൽ നിറഞ്ഞുനിന്നിരുന്നു.
അവന്റെ മൃതദേഹം കാണാൻ പോകുമ്പോഴും എന്റെ കൈവശം ഒരു ഓലപ്പന്ത് ഉണ്ടായിരുന്നുവെന്ന് ഇന്നുമോർക്കുന്നു. അവന്റെ ജീവനറ്റ ശരീരം കണ്ട് തിരിഞ്ഞു നടക്കുമ്പോൾ നിറകണ്ണുകളോടെ ആ ഓലപ്പന്ത് അവന്റെ വീട്ടുമുറ്റത്തുള്ള വാടിയ ഗന്ധരാജൻ ചെടിയുടെ ചുവട്ടിൽ ഉപേക്ഷിച്ച് സങ്കടത്തോടെയാണ് വീട്ടിലേക്ക് തിരിച്ച് പോന്നത്. കുറേക്കാലം അത് വിങ്ങലായി മനസ്സിൽ ഉണ്ടായിരുന്നു. മനപൂർവ്വം അതിനെ മറവിയിലേക്ക് തള്ളിവിടാൻ ശ്രമിച്ചുകൊണ്ടിരുന്ന ഒന്നായിരുന്നു ആ സംഭവം. എന്നാൽ കുറെ കാലത്തിനു ശേഷം അവൻ്റെ ഓർമ്മ മനസ്സിൽ എത്തിയപ്പോഴേക്കും ഹൃദയം വിങ്ങുന്നുണ്ടായിരുന്നു. അവന്റെ പുഞ്ചിരിക്കുന്ന മുഖം ഉള്ളിൽ നിറയുമ്പോഴേക്കും മഴ തോർന്നിരുന്നു
സഹപാഠിയേപ്പറ്റിയുള്ള ചിന്തകളാൽ മനസ്സിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു. ഓർമ്മകളുടെ തിരയിളക്കത്തിൽ അത് ഉള്ളിലാകെ നുരഞ്ഞുപൊന്തി. വേഗമിറങ്ങി വീടിൻ്റെ പിന്നിൽ നിൽക്കുന്ന ചെറിയ തെങ്ങിൽ നിന്നും കുറച്ച് ഓലക്കാലെടുത്ത് ഈർക്കിൽ കളഞ്ഞ് എടുക്കുമ്പോൾ മീൻ വെട്ടിക്കൊണ്ടിരുന്ന അമ്മ അതു കണ്ട് എന്നെ സൂക്ഷിച്ചൊന്നു നോക്കി. ഇവനിതെന്തു ചെയ്യാൻ പോവാണെന്ന ചോദ്യം ആ നോട്ടത്തിലുണ്ടായിരുന്നു.
ഞാൻ ആ ഓലക്കാലുമായി സിറ്റൗട്ടിലെത്തി നാലഞ്ച് ഓലപ്പന്തുകളുണ്ടാക്കി. പെട്ടെന്ന് കുളിച്ച് വസ്ത്രവും ധരിച്ച് പ്രഭാത ഭക്ഷണവും കഴിച്ച് ആ പന്തുമായി ബൈക്കിനടുത്തേക്ക് നടക്കുമ്പോൾ അമ്മ തുണി വിരിച്ചു കൊണ്ട് മുറ്റത്തുണ്ടായിരുന്നു.
“ഈ പുനർജന്മം എന്നു പറയുന്നത് ശരിക്കും ഉള്ളതാണോമ്മേ? ”
ഞാൻ അമ്മയോട് തിരക്കി.
” പറഞ്ഞു കേട്ടിട്ടുണ്ടെന്നല്ലാതെ അനുഭവം വരാതെ എങ്ങനെയാ വിശ്വസിക്കുക !” അമ്മയോടതിന് മറുപടി പറയാതെ ഞാൻ ബൈക്കിൽ പുറപ്പെട്ടു.
ചോദ്യത്തിൻ്റെ കാര്യമെന്തെന്നറിയാതെ അതിനെപ്പറ്റി ആലോചിച്ച് അമ്മ അകത്തേക്ക് കയറുമ്പോഴേക്കും ബൈക്കിൽ ഞാൻ കുറേ ദൂരം താണ്ടിയിരുന്നു.
ഒരു മണിക്കൂറത്തെ യാത്രയ്ക്കു ശേഷം രാജേട്ടൻ്റെ വീട്ടിലെത്തി. പത്രം വായിച്ചു കൊണ്ടിരുന്ന രാജേട്ടൻ എന്നോട് കയറിയിരിക്കാൻ പറഞ്ഞപ്പോഴും അതിനെക്കുറിച്ച് ചിന്തിക്കാതെ ബൈക്കിൽ ഇരിക്കുമ്പോഴാണ് നികിത വെളിയിലേക്ക് വന്നത്.
“ആഹാ ഈ വഴിയൊക്കെ നീ മറന്നെന്ന് അക്ഷര കഴിഞ്ഞ ദിവസം പറഞ്ഞതേയുള്ളു. ” എന്നെക്കണ്ട നികിത കുശലം പറഞ്ഞു.
” ആ അബിയെ ഒന്നു വിളിയ്ക്കാമോ? ആ മാനസിക അസ്വാസ്ഥ്യമുള്ള പയ്യനെ ?”
അവളുടെ കുശലത്തിനു മറുപടി പറയാതെ ഞാൻ ചോദിച്ചു.
“അയ്യോ ! അവനും അമ്മയും സഹോദരിയും അവൻ്റെ അച്ഛൻ്റെയടുത്തേക്ക് പോയി. പൂനയിലെ ജോലി സ്ഥലത്തേക്ക്. ഇനി കുറച്ചു കാലത്തേക്ക് മടങ്ങി വരവുണ്ടാകില്ലെന്നാ തോന്നുന്നത്. ”
നികിത പറഞ്ഞത് കേട്ട് എൻ്റെ മുഖം മ്ളാനമായി.
“എന്ത് പറ്റിയെടാ ?എന്താ കാര്യം ?”
രാജേട്ടനും ചോദിച്ചു.
“ഏയ് ഒന്നുമില്ല! അവന് ഞാൻ ഓലപ്പന്ത് ഉണ്ടാക്കിക്കൊണ്ടു വന്നതായിരുന്നു.”
ഞാൻ ഗദ്ഗദത്തോടെ പറഞ്ഞു.
” അത് പോട്ടെ ! കയറി വാ, കപ്പ പുഴുങ്ങിയത് കഴിയ്ക്കാം.”
നികിത കഴിക്കാൻ വിളിക്കവേ അക്ഷര ജനാലയ്ക്കരികിലിരുന്ന് എന്തോ എഴുതുന്നത് കാണാമായിരുന്നു.
” ഇപ്പോൾ വേണ്ട, പോയിട്ടൽപ്പം കാര്യമുണ്ട് ” എന്ന് മറുപടി പറഞ്ഞ് ഞാൻ ബൈക്ക് തിരിച്ചു.
ബൈക്കിലിരുന്ന് മുറ്റത്തേക്ക് നോക്കുമ്പോൾ പൂക്കളില്ലാത്ത ഗന്ധരാജൻ ചെടിയിലേക്ക് എൻ്റെ ദൃഷ്ടി എത്തി. അത് വീണ്ടും എന്റെയുള്ളിലെ ഓർമ്മകളുടെ വേദനയുടെ തീ ആളിക്കത്തിച്ചു. കണ്ണു നിറയുന്നതുപോലെ തോന്നി. ഓലപ്പന്തുകൾ ഗന്ധരാജൻ ചെടികളുടെ ചുവട്ടിലേക്കിട്ട് റോഡിലേക്കിറങ്ങുമ്പോൾ “ഈ ചെറുക്കനിത് എന്തു പറ്റി ?” എന്ന് നികിത ചോദിക്കുന്നുണ്ടായിരുന്നു.
റോഡിലൂടെ ബൈക്കിൽ യാത്ര തിരിക്കുമ്പാഴേക്കും മഴ തുടങ്ങിയിരുന്നു. ഉള്ളിലെ ചൂട് ശമിപ്പിക്കാൻ കഴിയുന്നതല്ലെങ്കിലും ആ മഴയിലൂടെ നനഞ്ഞ് ഞാൻ മുന്നോട്ട് നീങ്ങി.
മറവിയിൽ ഒടുങ്ങാതെ തികട്ടി വരുന്ന ഓർമ്മകളിലെ ഹൃദയബന്ധങ്ങളുടെ വേദനയുമായി ആർത്തലച്ചു പെയ്യുന്ന മഴയിൽ വഴിയിലെ ഒഴുകുന്ന വെള്ളം തെറിപ്പിച്ചു കൊണ്ട് ഞാൻ ബൈക്കിൽ മുന്നോട്ട് പൊക്കോണ്ടേയിരുന്നു.
അപ്പോൾ ജനാലയിലൂടെ മഴയും കണ്ടിരിക്കുന്ന അക്ഷര ഗന്ധരാജൻ്റെ ചുവട്ടിൽ കിടക്കുന്ന ഓലപ്പന്തുകളിൽ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു.
എം.ജി.ബിജുകുമാർ : പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ B.Ed ഉം പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.
“ഓർമ്മപ്പെയ്ത്തുകൾ ” എന്ന ചെറുകഥയ്ക്ക് തപസ്യയുടെ സംസ്ഥാന ചെറുകഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിരവധി ചെറുകഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള പണിപ്പുരയിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA )
നിലാശലഭം എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്. പന്തളം മഹാദേവർ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി പത്തനംതിട്ട ജില്ല ജോ:സെക്രട്ടറി, എന്നീ ചുമതലകൾ വഹിക്കുന്നു.











Leave a Reply