തെക്കൻ കുവൈത്തിൽ അഹമ്മദി ഗവർണറേറ്റിലെ മംഗഫിൽ വിദേശ തൊഴിലാളി തിങ്ങി പാർക്കുന്ന മേഖലയിലാണ് ഇന്നലെ പുലർച്ചെ തീ പിടിത്തമുണ്ടായത്. തൊഴിലാളികളെ പാർപ്പിച്ചിരുന്ന 6 നില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 പേർ മരിച്ചു. മരിച്ചവരിൽ 25 പേരെങ്കിലും മലയാളികളാണെന്നാണ് കമ്പനി അധികൃതർ നൽകുന്ന വിവരം. കെട്ടിടത്തിന്റെ (ബ്ലോക്ക്–4) താഴത്തെ നിലയിൽ നിന്നു തീ പടരുകയായിരുന്നു. ഇരുനൂറോളം പേരാണ് ഈ കെട്ടിടത്തിൽ താമസിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം.
195 പേരായിരുന്നു കെട്ടിടത്തിൽ താമസക്കാരായി ഉണ്ടായിരുന്നത്. 146 പേരിൽ 49 പേർ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. നിസാര പരിക്കേറ്റ 11 പേരെ ചികിത്സ നൽകി ഡിസ്ചാർജ് ചെയ്തു. സംഭവ സമയത്ത് 19 പേർ വിവിധ കമ്പനികളിൽ ജോലിയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് ഫ്ലാറ്റിൽ തീപടർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് നിയമലംഘനങ്ങൾ പരിശോധിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യാൻ സർക്കാർ ഉത്തരവിട്ടു. നിയമം ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനും അന്വേഷണം തീരുന്നതുവരെ കെട്ടിട ഉടമയെയും സെക്യൂരിറ്റി ജീവനക്കാരനെയും കസ്റ്റഡിയിൽ വയ്ക്കാനും ഉത്തരവിട്ടു. രാജ്യത്തെ വിവിധ കെട്ടിടങ്ങളിൽ മിന്നൽ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കാനും ഉത്തരവിൽ പറഞ്ഞു. കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കും. കെട്ടിട ഉടമയുടെ അത്യാഗ്രഹമാണ് അപകടത്തിലേക്കു നയിച്ചതെന്ന് ഉപപ്രധാനമന്ത്രി ഷെയ്ക് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് പറഞ്ഞു. ആഭ്യന്തര മന്ത്രാലയം അന്വേഷണം ഊർജിതമാക്കി.
കുവൈത്തിലെ തീപിടിത്തത്തിൽ പരിക്കേറ്റ ഇന്ത്യക്കാർക്കുള്ള സഹായം ഉറപ്പുവരുത്തുന്നതിനും മൃതദേഹങ്ങൾ നേരത്തെ നാട്ടിലെത്തിക്കുന്നത് ഉറപ്പ് വരുത്തുന്നതിനുമായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് അടിയന്തരമായി കുവൈത്തിലേക്ക് തിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് യാത്ര.
കുവൈത്ത് തീപിടുത്തത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ദൗർഭാഗ്യകരമായ സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായും ചിലർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കുവൈത്ത് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഇന്ത്യൻ എംബസിക്ക് നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യന്‍ എംബസിയിലെ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: +965-65505246.
Leave a Reply