ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനില്‍ കഴിഞ്ഞ മാസം 97 പേരുടെ മരണത്തിനിടയാക്കി തകര്‍ന്നുവീണ യാത്രാവിമാനത്തിലെ പൈലറ്റുമാര്‍ യാത്രയിലുടനീളം കോവിഡിനെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നുവെന്നും വിമാനത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധിച്ചിരുന്നില്ലെന്നും കണ്ടെത്തല്‍. വ്യോമയാനമന്ത്രി ഗുലാം സര്‍വര്‍ ഖാന്‍ ആണ് ഇക്കാര്യം പാക്ക് പാര്‍ലമെന്റിനെ അറിയിച്ചത്. അമിത ആത്മവിശ്വാസവും ശ്രദ്ധക്കുറവുമാണ് ദുരന്തത്തിനു കാരണമാ‌യതെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് മന്ത്രി പറഞ്ഞു.

മേയ് 22ന് ലാഹോറില്‍നിന്നു കറാച്ചിയിലേക്കു പറന്ന എ320 എയര്‍ബസ് ലാന്‍ഡിങ്ങിനു തൊട്ടുമുൻപ് കറാച്ചിയിലെ ജിന്ന വിമാനത്താവളത്തിനു സമീപം ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു. 91 യാത്രക്കാരും 8 ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. 97 പേര്‍ മരിച്ചു. രണ്ട് യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. യാത്രയിലുടനീളം പൈലറ്റുമാര്‍ കൊറോണയെക്കുറിച്ചാണു ചര്‍ച്ച ചെയ്തിരുന്നത്. വിമാനം ഉയർത്താന്‍ കണ്‍ട്രോള്‍ ടവറില്‍നിന്ന് നിര്‍ദേശിച്ചെങ്കിലും സാരമില്ല, ഞങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാം എന്നായിരുന്നു മറുപടി. അമിത ആത്മവിശ്വാസമായിരുന്നു പൈലറ്റുമാര്‍ക്കെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാനുഷികമായ പിഴവാണ് ദുരന്തത്തിന് ഇടയാക്കിയതെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ വിമാനം പറന്നിരുന്ന ഉയരത്തെക്കുറിച്ചു നല്‍കിയ നിര്‍ദേശങ്ങള്‍ പൈലറ്റുമാര്‍ അവഗണിച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോളും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ലാന്‍ഡിങ് ശ്രമത്തിനിടെ വിമാനത്തിന്റെ എന്‍ജിനുകള്‍ക്കു തകരാറു സംഭവിച്ച കാര്യം ട്രാഫിക് കണ്‍ട്രോളര്‍മാര്‍ പൈലറ്റുമാരെ അറിയിച്ചില്ലെന്നും മന്ത്രി പറഞ്ഞു. പൈലറ്റുമാരും ട്രാഫിക് കണ്‍ട്രോളര്‍മാരുമായുള്ള ആശയവിനിമയം റെക്കോര്‍ഡ് ചെയ്തതു താന്‍ കേട്ടുവെന്നും മന്ത്രി പറഞ്ഞു.

വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നില്ലെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പൈലറ്റുമാര്‍ ഇതുസംബന്ധിച്ച് കണ്‍ട്രോള്‍ റൂമില്‍ പരാതിപ്പെട്ടിരുന്നുമില്ല. വിമാനം നിലത്തിറക്കിയപ്പോൾ ലാന്‍ഡിങ് ഗിയര്‍ പ്രവർത്തിച്ചിരുന്നില്ല. മൂന്നുവട്ടം റണ്‍വേയില്‍ ഇടിച്ച വിമാനം വീണ്ടും ഉയർത്തുകയായിരുന്നു. നിലത്തിടിച്ച രണ്ട് എൻജിനുകളും വിമാനം വീണ്ടും പറന്നുയർന്നപ്പോൾ തകരാറിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിയന്ത്രിത വിമാനക്കമ്പനിയില്‍ 40 ശതമാനം പൈലറ്റുമാർ വ്യാജലൈസന്‍സ് ഉപയോഗിച്ചാണു വിമാനം പറത്തുന്നതെന്നു മന്ത്രി പറഞ്ഞു. രാഷ്ട്രീയ അടിസ്ഥാനത്തില്‍ പൈലറ്റുമാരെ നിയമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. നാല് പൈലറ്റുമാരുടെ ബിരുദം വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈസ് (പിഐഎ) ഉടച്ചുവാര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.