ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടനിൽ പണപ്പെരുപ്പം മൂലം ഉണ്ടായ ജീവിത ചെലവുകളുടെ വർദ്ധനവ് മൂലം , ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ബില്ലുകൾ പോലും അടയ്ക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ഏകദേശം 8 മില്യനോളം ജനങ്ങൾ. ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ഏകദേശം 7.8 മില്യനോളം ജനങ്ങളാണ് ഇപ്പോൾ ബില്ലുകൾ അടയ്ക്കാനാകാതെ ബുദ്ധിമുട്ടുന്നത്. 2020 ലെ കണക്കുകൾ പ്രകാരം ഇത് 5.3 മില്യൻ മാത്രമായിരുന്നു.
ഉക്രൈൻ യുദ്ധം കാരണം കഴിഞ്ഞ ആറ് മാസത്തിനിടെ ഊർജ്ജം, ഭക്ഷണം, ഇന്ധനം എന്നിവയുടെ വില കുത്തനെ ഉയർന്നു. പണപ്പെരുപ്പം കഴിഞ്ഞ 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 10.1 % എന്നതിലേക്ക് കഴിഞ്ഞമാസം എത്തിയതും ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഊർജ്ജ ബില്ലുകളെ കുറിച്ചുള്ള ആശങ്ക മൂലം വീട്ടിൽ ആയിരിക്കുമ്പോൾ താൻ ബ്ലാങ്കറ്റ് പുതച്ചാണ് തണുപ്പകറ്റുന്നതെന്ന് ഗെയ്ൻസ്ബറോയിൽ നിന്നുള്ള നിക്കോൾ മാധ്യമങ്ങളോട് പറഞ്ഞു. മുഴുവൻ സമയം ജോലി ചെയ്തിട്ടും തന്റെ സാലറി ഭേദപ്പെട്ട നിലയിലായിട്ടും തനിക്ക് ഹീറ്ററും, ഓവനും മറ്റും ഉപയോഗിക്കാൻ ഭയമാണെന്ന് അവർ പറഞ്ഞു. ഇതേ അവസ്ഥയിലൂടെയാണ് ബ്രിട്ടനിലെ ഭൂരിഭാഗം ജനങ്ങളും കടന്നു പോകുന്നത്.
ഉക്രൈൻ യുദ്ധം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും, പൗണ്ടിന്റെ വിലയിടിവുമെല്ലാം ഭക്ഷ്യസാധനങ്ങളുടെ ഉൾപ്പെടെ അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. സെപ്റ്റംബർ വരെയുള്ള കാലയളവിൽ ബ്രിട്ടനിൽ ഭക്ഷ്യസാധനങ്ങളുടെ വിലയിൽ 1980 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 14.6 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടൊപ്പം തന്നെ ഊർജ്ജബില്ലുകളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ഗവൺമെന്റ് കുറഞ്ഞത് ആറ് മാസത്തേക്ക് യൂണിറ്റ് വില പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാൽ തന്നെയും ഈ ശൈത്യകാലത്ത് ദശലക്ഷക്കണക്കിന് ആളുകൾ വർദ്ധിച്ച ബില്ലുകൾ മൂലം ബുദ്ധിമുട്ടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Leave a Reply