ലണ്ടന്‍: റോയല്‍ സ്‌റ്റോക്ക് ആശുപത്രിയിലെ അടിയന്തര വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മൂന്ന് രോഗികളുടെ മരണകാരണം പോര്‍ട്ടബിള്‍ ഓക്‌സിജന്‍ ടാങ്കുകള്‍ കാലിയായതിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. ഏകദേശം ഒരു വര്‍ഷം മുന്‍പ് നടന്ന മരണങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. അതേസമയം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഓക്‌സിജന്റെ കുറവ് മാത്രമല്ല മരണകാരണമായിരിക്കുന്നതെന്ന് എന്‍.എച്ച്.എസ് ട്രസ്റ്റ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഓക്‌സിജന്‍ ടാങ്കുകള്‍ കാലിയായിരുന്നതായി കൃത്യമായ തെളിവുകള്‍ ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2017 മെയ് മുതല്‍ 2018 ഫെബ്രുവരി വരെ സ്‌റ്റോക്ക്-ഓണ്‍-ട്രെന്റിലെ റോയല്‍ സ്‌റ്റോക്ക് ആശുപത്രിയില്‍ നിന്നുള്ള ബ്രിതീംഗ് ഉപകരണങ്ങളാണ് രോഗികള്‍ ഉപയോഗിച്ചിരുന്നത്. ഓക്‌സിജന്‍ ടാങ്കുകള്‍ കാലിയായാല്‍ രോഗികളുടെ കൂടെയുള്ളവര്‍ക്ക് മനസിലാകുന്ന വിധത്തില്‍ അലാറം ഘടിപ്പിക്കാത്ത സിലിണ്ടറുകളായിരുന്നു ഇവര്‍ ഉപയോഗിച്ചിരുന്നത്. ഓക്‌സിജന്‍ കാലിയായിട്ടാണ് മരണം സംഭവിച്ചതെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അലാറം ഘടിപ്പിച്ച 60 സിലിണ്ടറുകള്‍ അധികൃതര്‍ വാങ്ങിയിരിന്നു. ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മെഡിക്കല്‍ സ്റ്റാഫ് രോഗികളുടെ മേല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.

കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അലാറം ഘടിപ്പിച്ച ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയും ചെയ്തു. സിലിണ്ടര്‍ കാലിയാകുന്നതിന് അനുസരിച്ച് അലാറം സൂചകങ്ങള്‍ നല്‍കും. രോഗിയുടെ കൂടെയുള്ള സഹായിക്ക് വരെ ഈ സൂചകള്‍ നോക്കി മനസിലാക്കാന്‍ കഴിയും. പാലിയേറ്റീവ് കെയറില്‍ കഴിയുന്ന ഒരു രോഗിയുടെ മരണം അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റു രോഗികളുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ വിസമ്മതിച്ചു. സംഭവത്തെക്കുറിച്ച് വിദഗ്ദ്ധ അന്വേഷണം നടത്തുകയാണെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ജോണ്‍ ഓക്‌സ്‌റ്റോബി പറഞ്ഞു.