തലശ്ശേരി സബ് കളക്ടറുടെ ഐഎഎസ് റദ്ദാക്കാൻ കേന്ദ്രത്തിന്റെ ശുപാർശ. തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാനാണ് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ആസിഫ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി ഐഎഎസ്. നേടിയെന്ന പരാതിക്കു പിന്നാലെയാണ് നടപടി.
ഒബിസി സംവരണം ലഭിക്കാൻ പരീക്ഷ എഴുതുന്നതിന് തൊട്ടു മുമ്പുള്ള മൂന്ന് സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും ഒരു വർഷം കുടുംബത്തിന്റെ വാർഷിക വരുമാനം ആറുലക്ഷത്തിൽ താഴെയാകണമെന്നതാണ് മാനദണ്ഡം. എന്നാൽ മൂന്നു സാമ്പത്തിക വർഷങ്ങളിലും ആസിഫിന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം ആറുലക്ഷത്തിൽ കൂടുതലാണെന്ന് തെളിഞ്ഞിരുന്നു.
ആസിഫിന്റെ ഒബിസി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിർദേശമുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കണയന്നൂർ തഹസിൽദാർമാർക്കെതിരെ നടപടി എടുക്കാനും നിർദേശമുണ്ട്. നിലവിൽ ആസിഫിന് ഇതുവരെ ഐഎഎസ് നൽകി സ്ഥിരപ്പെടുത്തിയിട്ടില്ല. സംസ്ഥാന സർക്കാരിൽനിന്ന് വിജിലൻസ് ക്ലിയറൻസ് കിട്ടാത്തതിനാലാണ് ആസിഫ് പ്രൊബേഷനിൽ തുടരുന്നതെന്നാണ് സൂചന. അതിനാൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാരിനു തന്നെ നടപടി എടുക്കാമെന്നും കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു.
Leave a Reply