ബ്രിട്ടണിലെ നഴ്സുമാരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ റോയല്‍ കോളേജ് ഓഫ് നഴ്സിങ് (ആര്‍.സി.എന്‍)ന്റെ ഏറ്റവും പ്രധാന റീജിയണായ ലണ്ടന്‍ ബോര്‍ഡിലേയ്ക്ക് മലയാളിയായ എബ്രാഹം പൊന്നുംപുരയിടം തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ അഞ്ച് ലക്ഷത്തോളും നഴ്സുമാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സംഘടനയില്‍ അറുപതിനായിരത്തില്പരം അംഗങ്ങളുള്ള ലണ്ടന്‍ റീജിയണില്‍ 20 അംഗ ബോര്‍ഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി എന്ന നിലയില്‍ ചരിത്ര നേട്ടമാണ് എബ്രാഹം കൈവരിച്ചിരിക്കുന്നത്. പാലാ സ്വദേശിയായ എബ്രാഹം കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ലണ്ടന്‍ കേന്ദ്രീകരിച്ച് നഴ്സിങ് ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമാണ്. 2021 ജനുവരി 1 മുതല്‍ നാല് വര്‍ഷത്തേയ്ക്കാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മുന്‍പ് 2016ല്‍ ഈ സ്ഥാനത്തേയ്ക്ക് മത്സരിച്ചിരുന്നുവെങ്കിലും വാശിയേറിയ പോരാട്ടത്തിനൊടുവില്‍ നിസ്സാര വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്

ആഗോളതലത്തില്‍ നഴ്സുമാര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനുകളില്‍ ഏറ്റവും വലതും സ്വാധീനശേഷിയുള്ളതുമാണ് ആര്‍.സി.എന്‍. 1916ല്‍ നഴ്സുമാര്‍ക്കായി സ്ഥാപിതമായ സംഘടന പിന്നീട് ബ്രിട്ടീഷ് രാജകുടുംബം റോയല്‍ ചാര്‍ട്ടറിലൂടെ നല്‍കിയ പ്രത്യേക പദവിയിലൂടെയാണ് റോയല്‍ കോളേജ് ഓഫ് നഴ്സിങ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. നഴ്സുമാരെ കൂടാതെ നഴ്സിങ് വിദ്യാര്‍ത്ഥികള്‍, മിഡ്വൈഫുമാര്‍, ഹെല്‍ത്ത് അസിസ്റ്റന്റുമാര്‍ എന്നിവര്‍ ആര്‍.സി.എന്‍ അംഗങ്ങളാണ്. ബ്രിട്ടണിലെ തൊഴിലാളി സംഘടന എന്ന സ്ഥാനത്തേക്കാള്‍ ഉപരിയായി അന്താരാഷ്ട്ര തലത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ആരോഗ്യമേഖലയില്‍ ആര്‍.സി.എന്‍ നടത്തി വരുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ നഴ്സിങ് നയരൂപീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആര്‍.സി.എന്‍ നേതൃത്വം നല്‍കാറുണ്ട്. കൂടാതെ ലോകമെമ്പാടുമുള്ള നിരവധി നഴ്സിങ് സംഘടനകളും ഇവരോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആര്‍.സി.എന്‍ ലണ്ടന്‍ റീജിയണില്‍ ഗ്രേറ്റര്‍ ലണ്ടനിലെ 32 കൗണ്‍സിലുകളില്‍ നിന്നുമുള്ള എന്‍.എച്ച്.എസിനു കീഴിലുള്ള 69 സ്ഥാപനങ്ങളിലും 3000 ല്പരം സ്വകാര്യ ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളുമായി ജോലി ചെയ്യുന്ന 60,000 ല്പരം അംഗങ്ങളാണുള്ളത്. ഇംഗ്ലണ്ടില്‍ ഒമ്പത് റീജിയണുകളും സ്കോട്ട്ലാന്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ റീജിയണുകളുമായി ആകെയുള്ള 12 റീജിയണുകളില്‍ ഏറ്റവും പ്രധാന റീജിയണാണ് ലണ്ടന്‍ എന്നുള്ളത് എബ്രാഹത്തിന്റെ വിജയത്തിന് ഏറെ പ്രാധാന്യമുളവാക്കുന്നത്. സംഘടനയുടെ ദേശീയ ആസ്ഥാന കേന്ദ്രം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ ലണ്ടനിലെ കാവന്‍ഡിഷ് സ്ക്വയറിലുള്ള കെട്ടിടത്തിലാണ് ലണ്ടന്‍ റീജിയന്റെ ഓഫീസും. ഏറെ പ്രാധാന്യമുള്ള ഒരു സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ബ്രിട്ടണിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റ നഴ്സുമാര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കുന്നതിന് എബ്രാഹത്തിന് സാധ്യമാകുമെന്ന് കണക്കാക്കപ്പെടുന്നു. എല്ലാ വര്‍ഷവും ആര്‍.സി.എന്‍ സംഘടിപ്പിക്കുന്ന നഴ്സുമാരുടെ ദേശീയ കണ്‍വന്‍ഷനില്‍ തുടര്‍ച്ചയായ അഞ്ച് വര്‍ഷം വോട്ട് അവകാശമുള്ള പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് അഞ്ച് ലക്ഷത്തോളും വരുന്ന അംഗങ്ങളില്‍ കേവലം 600ല്‍ പരം ആളുകള്‍ക്ക് മാത്രമാണ് വോട്ട് അവകാശം ലഭ്യമാകുന്നത്.