കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് കോവിഡുമായി പോരാട്ടത്തിലായിരുന്ന എബ്രഹാം സ്‌കറിയ (65) അവസാനം മരണത്തിന് കീഴടങ്ങി. വെന്റിലേറ്ററിൻെറ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന എബ്രഹാം സ്‌കറിയ ഇന്ന് പതിനൊന്നുമണിയോട് കൂടിയാണ് മരണമടഞ്ഞത്.

സിപാപ് മെഷീൻ റ്റൊളറേറ്റ്    ചെയ്യാൻ പറ്റാത്തതിനാൽ വെന്റിലേറ്ററിൻെറ സഹായം എബ്രഹാം സ്‌കറിയ ആവശ്യപ്പെട്ടപ്രകാരമാണ്    നൽകിയത്. ഭാര്യ കുഞ്ഞുമോൾ റോയൽ ലിവർപൂൾ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സായിട്ട് ജോലി ചെയ്യുകയാണ്.  പരേതൻ റാന്നി മാക്കപ്പുഴ താമറത്ത് കുടുംബാംഗമാണ്. മക്കൾ ക്രിസ്ബിൻ, ക്രിസി. മരുമകൻ ബിമൽ.

ലിവർപൂളിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്ന എബ്രഹാം സ്‌കറിയ ലിവർപൂളുകാരുടെ പ്രിയപ്പെട്ട  അവറാച്ചനായിരുന്നു. ലിവർപൂൾ ഐൻട്രി ഹോസ്പിറ്റലിൽ ആയിരുന്നു എബ്രഹാം സ്‌കറിയ അഡ്മിറ്റ്‌ ചെയ്യപ്പെട്ടിരുന്നത്.   ലിവർപൂളിൽ കോവിഡിൻെറ താണ്ഡവം തുടരുകയാണെങ്കിലും ആദ്യമായിട്ടാണ് ഒരു മലയാളി മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

എബ്രഹാം സ്‌കറിയയുടെ മരണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.