അബുദാബി നഗരത്തിൽ സൗജന്യ ബസ് യാത്രാ സംവിധാനം ശനിയാഴ്ച മുതൽ നിലവിൽ വരും. നഗരത്തിലെ ദർബ് ടോൾ ഗേറ്റുകൾ ആരംഭിക്കുന്നതിനൊപ്പമാണ് സൗജന്യ ബസ് സർവീസുകളും ആരംഭിക്കുന്നത്.

‘പാർക്ക് ആൻഡ്‌ റൈഡ്’ എന്നപേരിൽ നടപ്പാക്കുന്ന ഈ പദ്ധതി പ്രകാരം 104, 411 എന്നിങ്ങനെ രണ്ട് റൂട്ടുകളിലാണ് സൗജന്യ സർവീസ്. മറ്റ് പ്രദേശങ്ങളിൽ നിന്ന് ദിവസേന നഗരത്തിലേക്ക് വന്നുപോകുന്നവർക്ക് ടോൾ ഒഴിവാക്കി യാത്ര ചെയ്യാൻ ഈ സർവീസുകൾ ഉപയോഗിക്കാം. സ്വന്തം വാഹനങ്ങൾ നിശ്ചിത ഇടങ്ങളിൽ പാർക്ക് ചെയ്ത് അവിടെനിന്നുള്ള ബസ്സുകളിൽ യാത്രചെയ്യാൻ സാധിക്കും.

നഗരത്തിലേക്കും തിരിച്ചും ടോൾ നൽകികൊണ്ടുള്ള യാത്ര ഒഴിവാക്കാനുള്ള അവസരം ഇതിലൂടെ സ്വകാര്യ വാഹന ഉപയോക്താക്കൾക്ക് ലഭിക്കുമെന്ന് നഗര ഗതാഗത വിഭാഗം വ്യക്തമാക്കി. മുഹമ്മദ് ബിൻ സായിദ് സിറ്റിയിലും ഷഹാമയിലും 500 വീതം പാർക്കിങ് കേന്ദ്രങ്ങളും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.

ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ആറുമുതൽ വൈകീട്ട് ഒൻപത് വരെയാണ് സർവീസുകളുണ്ടാവുക. രാവിലെ ആറുമുതൽ ഒൻപത് വരെയും വൈകിട്ട് നാല് മുതൽ ഒൻപത് മണി വരെയും 20 മിനിറ്റ് ഇടവേളകളിൽ സർവീസ് ഉണ്ടായിരിക്കും. മറ്റു സമയങ്ങളിൽ 60 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസുകൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

24 സീറ്റുകളുള്ള ബസാണ് സർവീസ് നടത്തുക. ഈ സേവനത്തിനായി പ്രത്യേക സർവീസ് കാർഡ് ആവശ്യമാണ്. ഒരു ദിവസത്തേക്ക് മാത്രം സാധുതയുള്ളവയാണ് കാർഡുകൾ. ഒരോ സ്വകാര്യ വാഹനത്തിലും ഡ്രൈവറടക്കം മൂന്നുപേർക്ക് ബസ്സുകളിൽ സൗജന്യ യാത്ര അനുവദനീയമാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് സർവീസുകൾ നടത്തുക.

104ാം നമ്പർ ബസ് മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ അൽ ഹുവൈം സ്ട്രീറ്റിൽ നിന്ന് പുറപ്പെട്ട് അബുദാബി മെയിൻ ബസ് സ്റ്റേഷൻ, അൽ വഹ്ദ മാൾ, ഇത്തിസലാത്ത് ബിൽഡിങ്, ഹോസ്ൻ വഴി സർവീസ് നടത്തും. 50 മിനിറ്റാണ് ഇതിനെടുക്കുക.

411ാം നമ്പർ ബസ് ഷഹാമയിൽ നിന്നും ആരംഭിച്ച് അബുദാബി മെയിൻ ബസ് സ്റ്റേഷൻ, അൽ ദാനയിലെ മറിയം ബിന്ത് സയീദ് മോസ്ക് പാർക്കിംഗ്, അബുദാബി സെൻട്രൽ പോസ്റ്റ് ഓഫീസ് പാർക്കിംഗ്, അൽ ദാനയിലെ ഷെയ്ഖ് ഖലീഫ, സുൽത്താൻ ബിൻ സായിദ് സ്ട്രീറ്റ് വഴി സർവീസ് നടത്തും. 50 മിനിറ്റാണ് യാത്രാ സമയം.