ദിവസങ്ങളായി തുടരുന്ന കനത്തമഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിനേയും തുടർന്ന് കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. നിരവധി വീടുകളും റോഡുകളും വെള്ളത്തിൽ.
ജനജീവിതവും ദുസ്സഹമായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഗ്രാമീണ മേഖലകൾ ഒറ്റപ്പെട്ട അവസ്ഥയാണ്. ഇടറോഡുകൾ ഏറെയും വെള്ളത്തിൽ മുങ്ങി. മിക്ക വീടുകളിലും വെള്ളം കയറിത്തുടങ്ങി. നെൽക്കർഷകരും ആശങ്കയിലാണ്. കഴിഞ്ഞ വർഷത്തേക്കാൾ വെള്ളം ഉയർന്നിട്ടുണ്ട്. പ്രധാന നദീതീരങ്ങളും തോടുകളും കരകവിഞ്ഞൊഴുകാൻ തുടങ്ങി. ഇന്നലെ മഴ അല്പം ശമിച്ചെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് നിലച്ചില്ല. നദികളുടേയും തോടുകളുടേയും തീരങ്ങളിൽ താമസിക്കുന്നവർക്ക് അതാത് പഞ്ചായത്ത് അധികൃതർ ജാഗ്രതാ നിർദേശം നൽകുന്നുണ്ട്.
തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നതിനുള്ള നടപടി അധികൃതർ ആരംഭിച്ചിട്ടുണ്ട്. ജെസിബിയും മോട്ടറും അടക്കമുള്ള ഉപകരണങ്ങളുമായി ഇറിഗേഷൻ ഉദ്യോഗസ്ഥർ തോട്ടപ്പള്ളിയിൽ ക്യാന്പ് ചെയ്യുന്നുണ്ട്. കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടും റവന്യു വകുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിക്കാത്തതിനെതിരേ പ്രതിഷേധമുണ്ട്. അന്പലപ്പുഴ, തകഴി, എടത്വ, മുട്ടാർ, തലവടി, വീയപുരം, ചെറുതന പഞ്ചായത്തിലാണ് വെള്ളക്കെടുതി കൂടുതൽ അനുഭവപ്പെടുന്നത്.
വീടുകൾ വെള്ളത്തിലാവുകയും വെള്ളത്തിന്റെ വരവും ശക്തമായതോടെ തൊഴുത്തുകളിൽനിന്നും മൃഗങ്ങളെ കരയിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് പല വീട്ടുകാരും. ചിലയിടങ്ങളിൽ തട്ട് നിർമിച്ചാണ് മ്യഗങ്ങളെ പാർപ്പിച്ചിരിക്കുന്നത്. നീരേറ്റുപുറം-മുട്ടാർ-കിടങ്ങറ, എടത്വ-കളങ്ങര-മാന്പുഴക്കരി, എടത്വ-തായങ്കരി-വേഴപ്രാ, എടത്വ-വീയപുരം എന്നീ റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. പല റോഡുകളിലും ഗതാഗതം നിലച്ചു. കാഞ്ഞിരംതുരുത്ത് റോഡ് പൂർണമായും മുങ്ങിയതോടെ കരയുമായുള്ള ബന്ധംതന്നെ നിലച്ച മട്ടാണ്. ജലമാർഗമാണ് ഇവരുടെ ആശ്രയം. വള്ളമില്ലാത്ത കുടുംബങ്ങളുടെ സ്ഥിതി ഏറെ ദയനീയമാണ്. പാടശേഖരത്തിനു നടുവിൽ തുരുത്തിനു സമാനമായി താമസിക്കുന്ന ഒറ്റപ്പെട്ട കുടുംബങ്ങളുടെ സ്ഥിതി വിവരണാതീതമാണ്. നദിയിലെ കുത്തൊഴുക്ക് നിരവധി വീടുകൾക്ക് ഭീഷണിയാണ്. കരയിലേക്ക് ഒഴുക്ക് പതിക്കുന്നതോടെ വൻതോതിൽ കരയിടിഞ്ഞ് നദിയായി രൂപാന്തരപ്പെടുകയാണ്. കരയിടിയുന്നത് വൻതോതിൽ വീടുകൾക്ക് ബലക്ഷയമുണ്ടാക്കും. മാത്രമല്ല കരകൃഷിയേയും സാരമായി ബാധിച്ചു കഴിഞ്ഞിട്ടുണ്ട്.
നൂറു കണക്കിന് നേന്ത്രവാഴകൾ, മരിച്ചീനി, ചേന, ചേന്പ് ഉൾപ്പടെയുള്ള ഇടവിളകളും കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ നശിച്ചു. കുട്ടനാട്ടിലെ നെൽക്കർഷകർക്കാണ് കടുത്ത ആശങ്ക. നദി കരകവിഞ്ഞതും മഴ ശക്തിയർജിച്ചതും മൂലം രണ്ടാംകൃഷി ഇറക്കിയ പാടങ്ങളിൽ മടവീഴ്ചയും വെള്ളവും കയറി തുടങ്ങി.
സംരക്ഷണഭിത്തി നിർമിക്കാത്ത ബണ്ടുകൾക്ക് ഉയരക്കുറവുള്ള പാടശേഖരങ്ങളിൽ കർഷകർ പാടത്തു ചുറ്റും ജാഗ്രതയോടുകൂടിയാണ് കാത്തു നിൽക്കുന്നത്. കുട്ടനാട്ടിൽ 2000 ഹെക്ടറോളം പാടത്ത് വിതയിറക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഇക്കുറി രണ്ടാംകൃഷി കുറവായിരുന്നു. കഴിഞ്ഞവർഷം 7200 ഹെക്ടറിൽ രണ്ടാംകൃഷി ഇറക്കിയിരുന്നു. മഴ തുടർന്നാൽ ആദ്യ വിത ഉപേക്ഷിക്കേണ്ട അവസ്ഥയാണ് കർഷകർക്ക്. രണ്ടാംകൃഷി ഇറക്കിയ പാടത്ത് ഒട്ടുമിക്ക കർഷകരും ചെറുകിടകൃഷിക്കാരും പാട്ടകർഷകരുമാണ്. പണം പലിശയ്ക്കെടുത്തും കടം വാങ്ങിയുമാണ് മിക്കവരും കൃഷി ഇറക്കിയത്. കനത്ത മഴയും വെള്ളപ്പൊക്കവും കർഷകരുടെ പ്രതീക്ഷയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുകയാണ്.
Leave a Reply