ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ നടന്‍ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ചടങ്ങിനെയാകെ സ്തംഭിപ്പിച്ചിരുന്നു. ഭാര്യയെക്കുറിച്ചുള്ള പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ഇതിനകം നടന്റെ തല്ല് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നടൻ അക്കാദമിക്ക് ഓസ്‌കാർ അവാർഡ് തിരികെ നൽകേണ്ടിവരുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അക്കാദമി.
‘ഒരു തരത്തിലുമുള്ള അക്രമങ്ങളെയും അക്കാദമി അംഗീകരിക്കുന്നില്ല. 94-ാമത് അക്കാദമി അവാർഡ് ജേതാക്കളെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആഘോഷിക്കുന്നതിൽ സന്തോഷം’, എന്നാണ് അക്കാദമി ട്വീറ്റ് ചെയ്തത്.
തന്റെ ഭാര്യയെ കളിയാക്കിയെന്ന് ആരോപിച്ചായിരുന്നു വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ കയ്യേറ്റം ചെയ്തത്. വേദിയിലേക്ക് കടന്നു വന്ന വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വില്‍സ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്റ്റൈലിനെ കളിയാക്കിയതായിരുന്നു വില്‍സ്മിത്തിനെ ചൊടിപ്പിച്ചത്. ‘എന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്നും വില്‍ സ്മിത്ത് മുഖത്തടിച്ച ശേഷം ക്രിസ് റോക്കിനോട് പറഞ്ഞു. വില്‍സ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്‌കാര്‍ വേദിയെ ഞെട്ടിക്കുകയും ചെയ്തു. പിന്നാലെ സ്മിത്ത് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
‘എനിക്ക് അക്കാദമിയോട് മാപ്പ് പറയണം… എന്റെ എല്ലാ നോമിനികളോടും മാപ്പ് പറയണം. കല ജീവിതത്തെ അനുകരിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പിന്നാലെ തന്നെ അവാര്‍ഡിന് അര്‍ഹനാക്കിയ റിച്ചാര്‍ഡ് വില്യംസ് എന്ന കഥാപാത്രത്തെ പരാമര്‍ശിച്ച അദ്ദേഹം ‘ഞാന്‍ ഒരു ഭ്രാന്തനായ പിതാവിനെപ്പോലെയാണ്. എന്നാല്‍ സ്‌നേഹം നിങ്ങളെ ഭ്രാന്തന്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും.’ എന്നും കൂട്ടിച്ചേര്‍ത്തു. റിച്ചാര്‍ഡ് വില്യംസ് തന്റെ കുടുംബത്തെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തതുപോലെ, തന്റെ സഹ അഭിനേതാക്കളെ ‘സംരക്ഷിക്കുന്നതിന്’ വേണ്ടിയാണ് സിനിമ നിര്‍മ്മിക്കുന്നതില്‍ കൂടുതല്‍ സമയവും ചെലവഴിച്ചത് എന്നും സ്മിത്ത് പറഞ്ഞു.
Leave a Reply