കോട്ടയം നാഗമ്പടം പാലത്തിൽ അപകടം; ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

കോട്ടയം നാഗമ്പടം പാലത്തിൽ അപകടം; ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം
March 03 15:49 2021 Print This Article

കോട്ടയം: കോട്ടയം എം സി റോഡിൽ നാഗമ്പടത്ത് ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. നാഗമ്പടം പാലത്തിലായിരുന്നു വാഹനാപകടം ഉണ്ടായത്.

പുത്തേട്ട് പ്രകാശിന്റെ ഭാര്യയും കോട്ടയം നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയുമായ നിഷയാണ് മരിച്ചത്. രാവിലെ ജോലി സ്ഥലത്തേക്ക് ഭർത്താവ് പ്രകാശിനൊപ്പം സ്‌കൂട്ടറിൽ വരികയായിരുന്നു നിഷ. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ടോറസ് ലോറി ഇടിക്കുകയും നിയന്ത്രണം നഷ്ടമായ സ്‌കൂട്ടറിൽ നിന്നും ഇരുവരും റോഡിലേക്ക് വീഴുകയും നിഷയുടെ തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങുകയുമായിരുന്നു.

നാഗമ്പടം  പാലത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തു വെച്ച് മറ്റൊരു ടോറസ് ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ സ്‌കൂട്ടർ മറിയുകയും പുറകിലൂടെ എത്തിയ ടോറസ് നിഷയുടെ തലയിലൂടെ കയറുകയായിരുന്നു എന്നും ദൃക്‌സാക്ഷികൾ പറയുന്നുണ്ട്.

ഈ സമയം റോഡിന്റെ എതിർദിശയിൽ നിന്നും ഒരു സ്വകാര്യ ബസ് എത്തിയിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. ഈ സ്വകാര്യ ബസ് ഇവരുടെ സ്‌കൂട്ടറിൽ തട്ടിയതാവാം അപകടകാരണമെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ, ഇതു സംബന്ധിച്ചു അന്വേഷണം നടത്തണമെന്നാണ് പൊലീസ് പറയുന്നത്.

സ്ഥലത്തെത്തിയ പോലീസ് ഇരുസാധ്യതകളും അന്വേഷിക്കും എന്ന് പറഞ്ഞു. അഗ്നി രക്ഷാ സേന എത്തിയാണ് റോഡിൽ നിന്നും ശരീര ഭാഗങ്ങളും രക്തവും കഴുകിക്കളഞ്ഞത്. ഭർത്താവ് പ്രകാശിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. നിഷയുടെ മൃതദേഹം കോട്ടയം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അംഷ,അംഷിത് എന്നിവർ മക്കളാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles