ബെംഗളൂരു: ബെംഗളൂരുവിലെ ഡൽഹി പബ്ലിക് സ്‌കൂളിന്റെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ നാല് വയസുകാരിക്ക് അന്ത്യം. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകൾ ജിയന്ന ആൻ ജിജോ ആണ് മരിച്ചത്. ചെല്ലഗരെയിൽ ഉള്ള ഡിപിഎസ്‌സിന്റെ പ്രീ സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്നു. കുഞ്ഞിന് അപകടം പറ്റിയത് എങ്ങനെയാണ് എന്നതിൽ ദുരൂഹത തുടരുകയാണ്. സ്‌കൂൾ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെ കുഞ്ഞ് കളിക്കുന്നതിനിടെ വീണു എന്നാണ് ആദ്യം സ്‌കൂൾ അധികൃതർ പറഞ്ഞത്. പിന്നെ സ്‌കൂളിന്റെ രണ്ടാം നിലയിൽ നിന്ന് താഴെ വീണെന്ന് സ്‌കൂളുകാർ മാറ്റി പറഞ്ഞു. ആദ്യം കൃത്യമായ ചികിത്സ നൽകാനോ മികച്ച ആശുപത്രിയിൽ കൊണ്ടുപോകാനോ സ്‌കൂൾ അധികൃതർ തയ്യാറായില്ലെന്നാണ് അച്ഛനമ്മമാർ ആരോപിക്കുന്നത്. പിന്നീട് മാതാപിതാക്കൾ എത്തിയാണ് ബംഗ്ലൂരുവിലെ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും കുഞ്ഞിന് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികളെ നോക്കാൻ രണ്ട് ആയമാരുണ്ടായിട്ടും കുട്ടി എങ്ങനെയാണ് കെട്ടിടത്തിന് മുകളിൽ എത്തിയതെന്നാണ് കുടുംബം ഉന്നയിക്കുന്ന സംശയം. കുട്ടിയെ നോക്കാൻ ചുമതല ഉണ്ടായിരുന്ന ആയ മോശമായി പെരുമാറിയിരുന്നുവെന്നും അച്ഛനമ്മമാർ ആരോപിക്കുന്നുണ്ട്. അവർ കുഞ്ഞിനെ അപകടപ്പെടുത്തിയതാണോ എന്ന് സംശയമുണ്ടെന്നും അച്ഛനമ്മമാർ പറയുന്നു.

ഒറ്റയ്ക്ക് ഇത്ര ചെറിയ കുഞ്ഞ് എങ്ങനെ ടെറസിലെത്തി എന്നതും അവിടെ നിന്ന് എങ്ങനെ താഴേയ്ക്ക് വീണതെന്നതും ദുരൂഹമാണ്. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചെന്നും പല ദൃശ്യങ്ങളും ലഭ്യമല്ലെന്നും അച്ഛനമ്മമാർ ആരോപിക്കുന്നു. സംഭവത്തിൽ ചെല്ലഗരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിന് പിന്നാലെ മലയാളിയായ പ്രധാനാധ്യാപകൻ തോമസ് ചെറിയാൻ ഒളിവിലാണ്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച ശേഷം പ്രിൻസിപ്പൽ മുങ്ങി.