ഇപ്സ്വിച്ച്: ക്രിസ്തുമസും പുതുവത്സരവും പ്രൗഢ ഗംഭീര ആഘോഷമാക്കി ഇപ്സ്വിച്ചിലെ മലയാളികൾ. ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ മലയാളി കൂട്ടായ്മ്മകളിൽ ഒന്നായ ഇപ്സ്വിച് കേരളാ കൾച്ചറൽ അസോസിയേഷന്റെ (കെസിഎ) നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് മലയാളികളാണ് പങ്കെടുത്തത്. കെസിഎയുടെ രക്ഷാധികാരി ഡോ. അനൂപ് ഉദ്ഘാടനം ചെയ്ത തിരുപ്പിറവി-നവവത്സര ആഘോഷത്തിൽ ഫാ. ടോമി മണവാളൻ ക്രിസ്മസ് സന്ദേശം നൽകി.

ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ അണിനിരന്ന കലാസന്ധ്യ വേദിയിൽ ആവേശത്തിരയിളക്കിയ ദൃശ്യ-ശ്രവണ വിരുന്നാണ് സമ്മാനിച്ചത്. വിവിധ മ്യൂസിക് വേദികളിലൂടെ യുകെ മലയാളികൾക്കിടയിൽ ശ്രദ്ധേയനായ അഭിജിത് യോഗിയുടെ സംഗീത വിരുന്ന് ആഘോഷത്തിന് ഇരട്ടി മധുരമാണ് പകർന്നത്. അഭിജിത്തിനൊപ്പം പ്രശസ്ത ഗായിക രേഷ്മയും കൂടി ചേർന്നപ്പോൾ ആഘോഷരാവ് സംഗീതസാന്ദ്രമായി.

ക്രിസ്തുമസ് ആഘോഷത്തിൽ ആടിയും പാടിയും സമ്മാനങ്ങളും ആശംസകളുമായി സാന്താക്ലോസും, ഇപ്സ്വിച് മലയാളികളുടെ കരോൾ സംഘത്തിന്റെ ഭക്തിസാന്ദ്രമായ കരോൾ ഗാനങ്ങളും, ഒപ്പം താളം പിടിച്ചും നൃത്തം ചെയ്തും സദസ്സും ചേർന്നപ്പോൾ ക്രിസ്തുമസ് ആഘോഷം വർണ്ണാഭമായി. ക്രിസ്തുമസ് ആഘോഷത്തിനിടെ സംഘടിപ്പിച്ച നറുക്കെടുപ്പിലൂടെ വിജയികളായവർക്കുള്ള വിവിധ ഹോം അപ്ലയൻസസും, ട്രാവൽ വൗച്ചറും സമ്മാനമായി നൽകി.

കെസിഎ സംഘടിപ്പിച്ച കേക്ക് ബേക്കിങ് പരിശീലനത്തിൽ തയ്യാറാക്കിയ കേക്ക് മിക്സ് ഉപയോഗിച്ചുണ്ടാക്കിയ കേക്ക് മുറിച്ചായിരുന്നു തിരുപ്പിറവി ആഘോഷത്തിന് നാന്ദി കുറിച്ചത്. കേക്ക് മുറിച്ചു മധുരം വിളമ്പിക്കൊണ്ട് തങ്ങളുടെ സ്നേഹ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന വേദികൂടിയാവുകയായിരുന്നു ആഘോഷം.

കെസിഎ ഒരുക്കിയ ഫൈവ് കോഴ്സ് ക്രിസ്തുമസ് ഡിന്നർ ആഘോഷരാവിലെ ഹൈലൈറ്റായി. മാസ്മരികത നിറഞ്ഞ കലാസന്ധ്യയും, ഭക്തിസാന്ദ്രമായ ക്രിസ്തുമസ് കരോളും, സംഗീത വിരുന്നും, വിഭവ സമൃദ്ധമായ ഗ്രാൻഡ് ഡിന്നറും, ഡിസ്‌ക്കോയും അടക്കം വേദിയെ കോരിത്തരിപ്പിച്ച ആഘോഷ രാവ് ഇപ്സ്വിച് മലയാളി കൂട്ടായ്‌മ്മയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തെ അവിസ്മരണീയമാക്കി.

കെസിഎ പ്രസിഡൻ്റ് ജോബി ജേക്കബ്, വൈസ് പ്രസിഡൻ്റ് സിജോ, സെക്രട്ടറി ജുനോ ജോൺ, ജോയിൻ്റ് സെക്രട്ടറി ബിലു, ട്രഷറർ ടോംജോ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.