ലോക്സഭാ തെരഞ്ഞെടുപ്പോടെ പിസി ജോർജിന്റെ ജനപക്ഷം പാർട്ടി വലിയ വെല്ലുവിളികളാണ് നേരിടുന്നത്. തെരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സ്വന്തം മണ്ഡലമായ പൂഞ്ഞാറിൽ വരെ മൂന്നാംസ്ഥാനത്തായി പിസി. ഇതോടെ എൻഡിഎയിലും പിസി ജോർജ്ജിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു. പത്തനംതിട്ടയിൽ ബിജെപി പിന്നോട്ടടിക്കപ്പെട്ടത് ജോർജിന്റെ സ്ത്രീ, മുസ്‌ലിം വിരുദ്ധ നിലപാടുകൾ മൂലമാണെന്നും മകനെ വളർത്തുവാനുള്ള പിസിയുടെ ശ്രമങ്ങൾക്ക് പാർട്ടി കുടപിടിക്കേണ്ടെന്നും പത്തനംതിട്ടയിലും പൂഞ്ഞാറിലും ചേർന്ന തെരെഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ ബിജെപി നേതൃത്വം തീരുമാനിച്ചു. ഇതോടെ പാലായിലെ ഷോൺ ജോർജ്ജിന്റെ സീറ്റ് മോഹവും വെള്ളത്തിൽ വരച്ച വരപോലെയായി. ജോർജ്ജിന്റെ മുസ്‌ലിം വിരുദ്ധ പരാമർശം കൂടി പുറത്തായതോടെ കൂടുതൽ വെട്ടിലായിരുന്നു.
ഇതിനു പിന്നാലെയാണ് പിസിക്കെതിരെ കൈക്കൂലി ആരോപണവുമായി പിസിയുടെ തന്നെ മുൻ പേഴ്സണൽ പ്രൈവറ്റ് സെക്രട്ടറി മുഹമ്മദ് സക്കീർ രംഗത്തെത്തിയത്.എന്നാൽ പിസി ജോർജിനെതിരെ കൈക്കൂലി ആരോപണം നടത്തിയ മുൻ പേഴ്സണൽ പ്രൈവറ്റ് സെക്രട്ടറി പിഇ മുഹമ്മദ് സാക്കിറിനും വാർത്ത പ്രസിദ്ധപ്പെടുത്തിയ മാധ്യമങ്ങൾക്കും എതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി പിസി ജോർജ്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും കേരളാ ജനപക്ഷം സെക്കുലർ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ജോർജ് ജോസഫ് പറഞ്ഞു. ഇവർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചതായും തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ടയിൽ നടന്ന പൊതുസമ്മേളനത്തിലാണ് മുഹമ്മസ് സക്കീർ ഇക്കാര്യങ്ങൾ തുറന്നടിച്ചത്. മുൻപ് മുഹമ്മദ് സക്കീർ കൈക്കൂലി വാങ്ങിയ 10 ലക്ഷം രൂപ താൻ ഇടപെട്ട് തിരികെ കൊടുത്തുവെന്നു പിസി ജോർജ് അവകാശപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് ഇപ്പോൾ മുഹമ്മദ് സക്കീർ രംഗത്തെത്തിയിരിക്കുന്നത്. മുസ്‌ലിം ജമാ അത്തുകളുടെ പ്രസിഡന്റ് കൂടിയായ ഇദ്ദേഹം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ഈ ആരോപണം പിസിക്ക് കൂടുതൽ വെല്ലുവിളി ആയിരിക്കുകയാണ്. തന്റെ സാന്നിധ്യത്തിൽ 5 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നാണ് മുഹമ്മദ് സക്കീർ ആരോപിക്കുന്നത്. ചീഫ് വിപ്പായിരുന്ന കാലത്ത് നടത്തിയ വികസനപ്രവർത്തനങ്ങളുടെ പേരിലും പേഴ്സണൽ സ്റ്റാഫുകൾ നിയമിച്ച വകയിലും പിസി ജോർജ്ജ് കൈക്കൂലി കൈപറ്റി എന്നാണ് മുഹമ്മദ് സാക്കീർ ആരോപിക്കുന്നത്. ഇ കെ കുഞ്ഞു മുഹമ്മദ് ഹാജിയില്‍ നിന്നുമാണ് തന്റെ സാന്നിധ്യത്തില്‍ പണം വാങ്ങി എന്നാണ് സക്കീര്‍ അതിശക്തമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
പിസി ജോർജ്ജിന്റെ പ്രൈവറ്റ് സെക്രട്ടറിയും അതിലുപരി സന്തത സഹചാരിയും മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന മുഹമ്മദ് സക്കീർ പിസിക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ വരുന്ന പാലാ ഉപതെരെഞ്ഞെടുപ്പിൽ പിസിക്ക് ബിജെപി സീറ്റ് നല്കിയേക്കുമോ എന്ന കാര്യം സംശയമാണ്. നിലവിൽ ബിജെപിയുമായി അഭിപ്രായ വ്യത്യാസം നിലനിൽക്കുന്ന സാഹചര്യത്തിൽ പിസിയുടെ മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് കൈക്കൂലി ആരോപണം തടസസമാകുമെന്നുറപ്പാണ്. ബിജെപിയിലേക്ക് പോയതോടെ ഈരാറ്റുപേട്ടയിലെ പൂഞ്ഞാറിലും ജനപിന്തുണ നഷ്ടപ്പെട്ട പിസി ജോർജ്ജിന് ഹിന്ദുത്വ അനുകൂല നിലപാടുകൾ വിനയായിരുന്നു. ഒടുവിൽ നടത്തിയ മുസ്‌ലിം വിരുദ്ധ നിലപാടോടെയാണ് മുഹമ്മദ് സാക്കീർ ഉൾപ്പെടെയുള്ളവർ ഇടഞ്ഞത് എന്നാണ് വിവരം.
Leave a Reply