കൊലപാതകക്കേസില്‍ ഒളിവില്‍പ്പോയ പ്രതി 28 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. കോഴിക്കോട്‌ ചെറുവണ്ണൂര്‍ കൊല്ലേരിത്താഴം വീരാറ്റിത്തറയില്‍ (ശ്രീശൈലം) ശ്രീകുമാറിനെ(ചിങ്കു-51) യാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ചെട്ടികുളങ്ങര പേള ചേന്നത്തുവീട്ടില്‍ ജയപ്രകാശിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണിയാള്‍.

1995 ജനുവരി 12 നായിരുന്നു സംഭവം. അക്കാലത്ത്‌ ചെട്ടികുളങ്ങര സ്വദേശിയായിരുന്ന ശ്രീകുമാര്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന്‌ കാട്ടുവള്ളില്‍ ക്ഷേത്രഗ്രൗണ്ടില്‍ വച്ച്‌ ജയപ്രകാശുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ ജയപ്രകാശ്‌ എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രിയില്‍ വച്ച്‌ മരിച്ചു. ഇതോടെ ശ്രീകുമാര്‍ ഒളിവില്‍ പോകുകയായിരുന്നു. മാവേലിക്കര പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ മറ്റു പ്രതികളായ പ്രദീപും ജയചന്ദ്രനും വിചാരണനടപടികളുമായി മുന്നോട്ടുപോയി. ഒളിവില്‍ പോയ ശ്രീകുമാറിനെ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

27 വര്‍ഷം ഒളിവില്‍ കഴിഞ്ഞ ഇയാളെ പിടികൂടാന്‍ ജില്ലാ പോലീസ്‌ മേധാവി ചൈത്ര തെരേസാ ജോണ്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ശ്രീകുമാറിന്റെ നാട്ടില്‍നിന്നും കിട്ടിയ വിവരങ്ങളനുസരിച്ച്‌ മംഗലാപുരം, മൈസൂര്‍, ബംഗളുരു എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി. ഈ പ്രദേശങ്ങളില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്‌തശേഷം ഇയാള്‍ കോഴിക്കോട്ടെത്തി ഹോട്ടല്‍ജോലിയും കല്‍പ്പണിയും ചെയ്യുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന്‌ ഹോട്ടലുകളും കല്‍പ്പണി കരാറുകാരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെയാണ്‌ ഇയാളെ കണ്ടെത്തിയത്‌. കോഴിക്കോട്‌ ഹോട്ടല്‍ ജോലി ചെയ്‌ത്‌ വരുന്നതിനിടയില്‍ വിവാഹം കഴിച്ച്‌ കുടുംബത്തോടൊപ്പം കോഴിക്കോട്‌ ചെറുവണ്ണൂരില്‍ കഴിയുകയായിരുന്നു ഇയാള്‍.

ഡി.വൈ.എസ്‌.പി: എം.കെ.ബിനുകുമാര്‍, എസ്‌.എച്ച്‌.ഒ: സി.ശ്രീജിത്ത്‌, എ.എസ്‌.ഐ: റിയാസ്‌.പി.കെ, സി.പി.ഒമാരായ ഉണ്ണിക്കൃഷ്‌ണപിള്ള, മുഹമ്മദ്‌ഷഫീക്ക്‌, അരുണ്‍ഭാസ്‌കര്‍, സിയാദ്‌. എസ്‌ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇന്ന്‌ മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഒന്നില്‍ ഹാജരാക്കും.