മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചുവീഴ്ത്തി, ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയതിനെ തുടര്‍ന്ന് സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ പ്രതി പിടിയില്‍. കാര്‍ ഡ്രൈവര്‍ കരുനാഗപ്പള്ളി സ്വദേശി അജ്മലാണ് പിടിയിലായത്. സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് ശാസ്താംകോട്ട പോലീസ് ഇയാളെ പിടികൂടിയത്.
സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീത്തുകയും തുടര്‍ന്ന് കാര്‍ നിര്‍ത്താതെ വീണുകിടന്ന സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി രക്ഷപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.46-നാണ് സംഭവം.
സ്‌കൂട്ടറിന് പിന്നില്‍ കാര്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ കുഞ്ഞുമോള്‍ കാറിനടിയിലേക്ക് വീണു. ആളുകള്‍ ഓടിക്കൂടുന്നത് കണ്ട് രക്ഷപ്പെടാന്‍ ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തു. പിന്നിലെ ടയര്‍ കുഞ്ഞുമോളുടെ കഴുത്തിലൂടെ കയറിയിറങ്ങി. നാട്ടുകാര്‍ ചേര്‍ന്ന് കുഞ്ഞുമോളെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 9.45-ഓടെ മരണം സ്ഥിരീകരിച്ചു.
കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറും ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. എന്നാല്‍ അജ്മല്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായാണ് വിവരം.
Leave a Reply