ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ വടക്കുകിഴക്കൻ ലണ്ടനിൽ നടന്ന വെടിവയ്പ്പിൽ 9 വയസ്സുകാരി മലയാളി പെൺകുട്ടിക്ക് ഗുരുതര പരിക്ക് പറ്റിയ കേസിൽ 33 കാരനായ ജവോൺ റൈലിയ്ക്ക് ജീവപര്യന്തം തടവ്. കുറഞ്ഞത് 34 വർഷം കഴിഞ്ഞേ പരോൾ പരിഗണിക്കുകയുള്ളുവെന്ന് ഓൾഡ് ബെയ്ലി കോടതി വിധിച്ചു. സംഭവം 2024 മെയ് 29 നാണ് സംഭവം നടന്നത് . ഇരു വിഭാഗം ഗുണ്ടാ സംഘങ്ങൾ തമ്മിൽ നടത്തിയ ആക്രമണത്തിൽ മലയാളി പെൺകുട്ടിക്ക് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. ടോട്ടനം ടർക്ക്സ് ഗാങ് എതിരാളികളായ ഹാക്ക്നി ടർക്ക്സിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് ദുരന്തം സംഭവിച്ചത്.
റൈലി തന്നെയാണ് ആക്രമണ പദ്ധതി തയ്യാറാക്കിയത് എന്ന് കോടതി കണ്ടെത്തിയിരുന്നു.. ഇതിനായി റോഡിലെ ഗതാഗതവും സ്ഥലപരിസരവും പ്രതി മുൻകൂട്ടി പരിശോധിച്ചു പദ്ധതി തയാറാക്കിയിരുന്നു. നേരിട്ട് വെടിവെച്ചത് മറ്റൊരാളായിരുന്നുവെങ്കിലും ആക്രമണത്തിന്റെ സംഘാടകനായ റൈലി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു . വെടിവെച്ച മുഖ്യപ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല .
സ്കൂൾ അവധിക്കിടെ ബർമിംഗ്ഹാമിൽ നിന്ന് കുടുംബസുഹൃത്തിനെ കാണാൻ എത്തിയ മലയാളി കുടുംബം റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് വെടിയുണ്ട പെൺകുട്ടിയുടെ തലയിൽ തുളച്ചുകയറിയത്. തലച്ചോറിൽ കുടുങ്ങിയ വെടിയുണ്ട നീക്കം ചെയ്യാൻ കഴിയാതെ വന്നതിനാൽ ഡോക്ടർമാർക്ക് ടൈറ്റാനിയം പ്ലേറ്റ് ഘടിപ്പിച്ച് ജീവൻ രക്ഷിക്കേണ്ടിവന്നു. മൂന്നു മാസം ആശുപത്രി കിടക്കയിൽ കഴിയേണ്ടിവന്ന ശേഷമാണ് കുട്ടിയെ ഡിസ്ചാർജ് ചെയ്തത്. ശരീരത്തിന്റെ ഒരു ഭാഗത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടിരിക്കുകയാണെന്നും ജീവിതം മുഴുവൻ ചികിത്സ ആവശ്യമായിരിക്കുമെന്നും മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Leave a Reply