ലണ്ടൻ ∙ കൊറോണ വൈറസ് ബാധ അനിയന്ത്രിതമായ സാഹചര്യത്തിൽ കഴിയുമെങ്കിൽ ചൈനയിൽനിന്നു മാറിനിൽക്കാൻ ബ്രിട്ടിഷ് പൗരന്മാർക്കു നിർദേശം. ഏതെങ്കിലും മാർഗത്തിൽ സ്വദേശത്തേക്കു തിരികെയെത്താനോ മറ്റു സുരക്ഷിതമായ രാജ്യങ്ങളിലേക്കു മാറാനോ ആണ് വിദേശകാര്യ മന്ത്രാലയം നൽകുന്ന നിർദേശം. ഇതിന് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്തുനൽകും.

വൈറസ് ബാധയുടെ പ്രശ്നങ്ങളിൽനിന്നും പരമാവധി ഒഴിവാകുക എന്ന ഉദ്ദേശ്യത്തോടെയാണു നിർദേശം നൽകുന്നതെന്നു വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വ്യക്തമാക്കി. ചൈനയുടെ വിവിധ സിറ്റികളിൽനിന്നും ഇപ്പോഴും ബ്രിട്ടനിലേക്കു വിമാന സർവീസുകൾ ലഭ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വുഹാനിൽ നിന്നും നേരത്തെ ചാർട്ടേഡ് വിമാനത്തിൽ നൂറിലറെ ആളുകളെ ബ്രിട്ടൻ തിരികെ എത്തിച്ചിരുന്നു. ഈ നടപടി തുടരുമെന്നും ആർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.

ഇതിനു പുറമെയാണ് ഏതുവിധേനയും ചൈനയിൽനിന്നും മാറിനിൽക്കാനും പൗരന്മാർക്ക് നിർദേശം നൽകുന്നത്. ചൈനയിൽ 30,000 ബ്രിട്ടിഷ് പൗരന്മാരുണ്ടെന്നാണ് സർക്കാർ കണക്ക്. ചൈനയിലെ ബ്രിട്ടിഷ് എംബസിയിലും കോൺസുലേറ്റുകളിലും അത്യാവശ്യത്തിനുള്ള ജീവനക്കാരെ മാത്രം നിലനിർത്തി മറ്റുള്ളവരെയെല്ലാം സർക്കാർ തിരികെ എത്തിക്കും. നിലവിൽ ബ്രിട്ടനിൽ രണ്ടുപേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 414 കേസുകൾ പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തി. സംശയകരമായി ആശുപത്രിയിൽ എത്തുന്നവരെയെല്ലാം പരിശോധിച്ചു രോഗം പടരുന്നതു പൂർണമായും തടയാനാണ് എൻഎച്ച്എസ് ശ്രമം