തൃശൂര്‍ വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്ന് ഇരുപത് കോടി തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കൊല്ലം സ്വദേശി ധന്യ മോഹന്‍ പൊലീസില്‍ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ മോഹന്‍ കീഴടങ്ങിയത്. പ്രതിയെ സ്റ്റേഷനില്‍ നിന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയി.

മണപ്പുറം കോംപ്ടക് ആന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറാണ് കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യ മോഹന്‍. കഴിഞ്ഞ 18 വര്‍ഷത്തോളമായി സ്ഥാപനത്തിലെ ജീവനക്കാരിയാണിവര്‍. 2020 മെയ് മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്ന് 19.94 കോടി രൂപ തട്ടിയെടുത്തു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്താണ് തട്ടിപ്പ് നടത്തിയത്. പിടിയിലാകുമെന്ന് മനസിലായതോടെ ശാരീരിക ബുദ്ധിമുട്ടുകള്‍ അഭിനയിച്ച് ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.

ആഡംബര വസ്തുക്കളും സ്ഥലവും വീടും ഉള്‍പ്പെടെ ധന്യ വാങ്ങിയെന്നാണ് കരുതുന്നത്. 18 വര്‍ഷമായി തിരുപഴഞ്ചേരി ക്ഷേത്രത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. ഒളിവില്‍ പോകുന്നതിന് മുമ്പും ഇവിടെ തന്നെയായിരുന്നു യുവതിയുടെ താമസം.