കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയായ യുവതിക്ക് നേരെ നടന്ന മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശത്തെ തുടർന്ന് പുറത്തുവന്നു. ഭർത്താവിനെ പൊലീസ് ജീപ്പിൽ കൊണ്ടുപോകുന്നത് കണ്ടതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസുകാർ ഭർത്താവിനെ മർദിക്കുന്നതായി കണ്ടതെന്ന് ഷൈമോൾ പറയുന്നു. എന്തിനാണ് മർദനം നടത്തുന്നതെന്ന് ചോദിച്ചപ്പോൾ വാക്കുതർക്കമുണ്ടായതായും, അന്ന് സ്റ്റേഷനിലെ എസ്‌എച്ച്ഒ ആയിരുന്ന കെ.ജി. പ്രതാപചന്ദ്രൻ തന്നെ നെഞ്ചിൽ പിടിച്ചു തള്ളുകയും കരണത്തടിക്കുകയും ചെയ്തതായും ഷൈമോൾ വ്യക്തമാക്കി. 2024 ജൂൺ 19-നാണ് സംഭവം.
നോർത്ത് പൊലീസ് സ്റ്റേഷനോട് ചേർന്ന് റെയിൽവേ സ്റ്റേഷനു സമീപം ബെൻ ടൂറിസ്റ്റ് ഹോം നടത്തുന്ന ബെൻജോ ബേബിയുടെ ഭാര്യയാണ് ഷൈമോൾ. സ്റ്റേഷനിൽ മർദനമേറ്റതിനു പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടുകയും പരാതി നൽകുകയും ചെയ്തതോടെ, പൊലീസ് കള്ളക്കേസുകൾ ചുമത്തിയെന്നും ഷൈമോൾ ആരോപിക്കുന്നു. സിഐയെ മാന്തിപ്പറിച്ചതും സ്റ്റേഷനിലെ ഫർണിച്ചർ നശിപ്പിച്ചെന്നുമെന്ന ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിച്ചതെന്ന് അവർ പറഞ്ഞു. ഇതോടെയാണ് നീതി തേടി നിയമ പോരാട്ടത്തിനിറങ്ങാൻ തീരുമാനിച്ചതെന്നും ദമ്പതികൾ വ്യക്തമാക്കി.
സ്റ്റേഷൻ മർദനത്തിന് രണ്ട് ദിവസം മുൻപ് സമീപത്തെ ഹോട്ടലിൽ പൊലീസ് നടത്തിയ മർദനദൃശ്യം ബെൻജോ മൊബൈൽ ഫോണിൽ പകർത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ദൃശ്യങ്ങൾ കൈമാറാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ബെൻജോയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും ദമ്പതികൾ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ഇവർ, സിഐയെ പ്രതിയാക്കി എറണാകുളം എസിജെഎം കോടതിയിൽ സ്വകാര്യ പരാതിയും നൽകിയിട്ടുണ്ട്. കേസ് ഇപ്പോഴും മജിസ്ട്രേറ്റ് കോടതിയിൽ തുടരുകയാണെന്നും, നീതിക്കായുള്ള പോരാട്ടം തുടരുമെന്നും ദമ്പതികൾ അറിയിച്ചു.











Leave a Reply