കുടുംബശ്രീ 100 ദിവസം കൊണ്ട് 15690 പേർക്ക് തൊഴിൽ നൽകും. കുടുംബശ്രീയുടെ പ്രവർത്തനമികവിനെക്കുറിച്ച് അറിയാവുന്ന ആർക്കും ഇതൊരു അതിശയോക്തിയാണെന്നു തോന്നില്ല. കോവിഡ് കാലത്ത് കുടുംബശ്രീ വഴി രണ്ടായിരത്തോളം കോടി രൂപ പാവപ്പെട്ടവർക്ക് അധികവായ്പയായി ലഭ്യമാക്കുകയുണ്ടായി. അങ്ങനെ മൊത്തം ഏതാണ്ട് 10,000 കോടി രൂപ സാധാരണക്കാരുടെ വീടുകളിൽ എത്തിക്കുന്നു. അഞ്ചുലക്ഷം ലാപ്ടോപ്പുകൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിനുള്ള സ്കീം ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പമാണ് വ്യവസായ സേവന മേഖലകൾ കേന്ദ്രീകരിച്ച് വേതനാധിഷ്ഠിത തൊഴിലോ സ്വയം തൊഴിലോ ഉള്ള ഈ ബൃഹദ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
സൂക്ഷ്മ തൊഴിൽ സംരംഭങ്ങളിൽ വലിയ അനുഭവ സമ്പത്ത് കുടുംബശ്രീയ്ക്കുണ്ട്. അതുകൊണ്ട് ഇത്തരം സംരംഭങ്ങളെ ആശ്രയിച്ചുകൊണ്ടാണ് തൊഴിലവസര സൃഷ്ടിയ്ക്ക് പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ഗ്രാമീണ മേഖലയിൽ 600 പേർക്കും നഗരമേഖലയിൽ 660 പേർക്കും തൊഴിൽ നൽകുന്നതിനുള്ള സംരംഭങ്ങൾ ആരംഭിക്കും. കാർഷിക മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ സംരംഭങ്ങളിൽ 700 പേർക്ക് തൊഴിൽ നൽകും. ബ്ലോക്ക് അടിസ്ഥാനത്തിൽ സംരംഭകരെ പരിശീലിപ്പിച്ച് സ്വയം തൊഴിൽ പ്രാപ്തരാക്കുന്ന പദ്ധതിയാണ് സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണോർഷിപ്പ് പ്രോഗ്രാം. ഈ സംരംഭങ്ങളിൽ 1000 പേർക്ക് തൊഴിൽ നൽകും. ഹരിത കർമ്മ സേനയുമായി സഹകരിച്ച് ആരംഭിക്കുന്ന ഹരിതസംരംഭങ്ങളിൽ 3000 പേർക്ക് തൊഴിൽ നൽകും. അങ്ങനെ സൂക്ഷ്മ തൊഴിൽ സംരംഭങ്ങളിൽ മൊത്തം 5960 തൊഴിൽ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.
സമീപകാലത്ത് വൈദഗ്ധ്യവികസനത്തിന്റെ അടിസ്ഥാനത്തിൽ സേവന മേഖലയിൽ സ്വയം തൊഴിലോ വേതനാധിഷ്ഠിത തൊഴിലോ നൽകുന്നതിനുള്ള പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഫെസിലിറ്റി മാനേജ്മെന്റ് സെന്ററുകൾ വഴി 1046 പേർക്ക് തൊഴിൽ നൽകും. കൊച്ചി മെട്രോ ഇപ്പോൾ കുടുംബശ്രീ ഇത്തരത്തിൽ പരിപാലിക്കുന്നുണ്ട്. ഫിനിഷിംഗ് പരിശീലനത്തിനുശേഷം പ്രാദേശികമായി കടകളിലും കെയർ സ്ഥാപനങ്ങളിലും മറ്റുമായി 3195 പേർക്ക് തൊഴിൽ ലഭ്യമാക്കും. ഇതുപോലെതന്നെ കേന്ദ്രസർക്കാരിന്റെ സ്കീമായ ദീൻ ദയാൽ ഉപാധ്യായ വൈദഗ്ധ്യ വികസന പരിപാടിയുടെ നഗര ഉപജീവന മിഷന്റെയും കീഴിൽ 2000 പേർക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കും. അങ്ങനെ ആകെ വൈദഗ്ധ്യപോഷണത്തിന്റെ അടിസ്ഥാനത്തിൽ 6241 പേർക്ക് തൊഴിൽ നൽകും.
ആദ്യഘട്ടത്തിൽ 500 ജനകീയ ഹോട്ടലുകൾ ആരംഭിച്ചു. ഇനിയുള്ള 3 മാസം കൊണ്ട് 500 ഹോട്ടലുകൾ കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഇവയിൽ കുറഞ്ഞത് 1500 പേർക്ക് തൊഴിൽ ലഭിക്കും. കുടുംബശ്രീ ഡിസ് ഇൻഫെക്ഷൻ ടീമുകളിൽ 300 പേർക്ക് തൊഴിൽ ലഭിക്കും.
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തുടങ്ങുന്ന നൂതനമായ വിപണന ശൃംഖല കയർ & ക്രാഫ്റ്റ് സ്റ്റോറുകളാണ്. പേരിനുള്ള ഇമ്പത്തിനുവേണ്ടിയാണ് കയർ & ക്രാഫ്റ്റ് എന്നു വിളിക്കുന്നത്. യഥാർത്ഥത്തിൽ ഇത് ഭക്ഷ്യ സ്റ്റോറുകളും കൂടിയാണ്. ഹോം ഷോപ്പിയുടെ പ്രാദേശിക ഉൽപാദന ശൃംഖലയും ഇതുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുക. കേരളത്തിൽ ഉണ്ടാക്കുന്ന കളിമൺ പാത്രങ്ങൾ, മുള, ഈറ, വള്ളി തുടങ്ങിയവകൊണ്ടുള്ള നാനാവിധ ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാകും. തകർച്ചയെ നേരിടുന്ന ഈ മേഖലകൾക്ക് കേരളത്തിൽ എല്ലായിടത്തും ഒരു വിപണനശാല തുറന്നുകിട്ടുകയാണ്. ഇതുവഴി ആയിരക്കണക്കിനു പേർക്കാണ് ഉപജീവനം ഉറപ്പാകുന്നത്. അവരുടെ എണ്ണമൊന്നും ഇവിടെ കണക്കെടുക്കുന്നില്ല. ഒരു സ്റ്റോറിൽ വീടുകളിൽ വിപണനം നടത്തുന്നവരടക്കം 5 പേരെങ്കിലും വേണം. അടുത്ത 100 ദിവസത്തിനുള്ളിൽ 300 കേന്ദ്രങ്ങൾ തുറക്കും. ഇവയിൽ 1500 പേർക്ക് തൊഴിൽ ലഭിക്കും.
വിപണന കിയോസ്കുകൾ, കേരള ചിക്കൻ സംരംഭങ്ങൾ, ചിക്കൻ ഔട്ട്ലെറ്റുകൾ തുടങ്ങിയവയിൽ 189 പേർക്ക് തൊഴിൽ ലഭിക്കും. അങ്ങനെ വിപണനവുമായി ബന്ധപ്പെട്ട് മൊത്തം 3489 പേർക്കാണ് തൊഴിൽ ലഭിക്കുന്നത്. അങ്ങനെ മൊത്തം സൂക്ഷ്മസംരംഭങ്ങൾ (5960) വൈദഗ്ധ്യ പരിശീലനാടിസ്ഥാനത്തിലുള്ള തൊഴിലുകൾ (6241) അടക്കം മൊത്തം 15690 പേർക്ക് കുടുംബശ്രീ തൊഴിൽ നൽകും.
Leave a Reply