.തൊടുപുഴ ∙ അയ്യപ്പനും കോശിയിലെയും സിഐ സതീഷ് എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ മലയാള ചലച്ചിത്ര താരം അനിൽ നെടുമങ്ങാട് (48) മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണു സംഭവം. സിനിമാ ഷൂട്ടിങ്ങിനിടെ കൂട്ടുകാർക്കൊപ്പമാണ് അനിൽ ഇവിടെ കുളിക്കാനിറങ്ങിയത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്വദേശിയാണ്.
അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാവാട, കമ്മട്ടിപ്പാടം, ഞാൻ സ്റ്റീവ് ലോപ്പസ്, മൺട്രോത്തുരുത്ത്, ആമി, മേൽവിലാസം, ഇളയരാജ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് ജനപ്രീതി നേടിയ അഭിനേതാവാണ്.
ജോജു നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിങ് ഇടവേളയിൽ അദ്ദേഹം സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണു പോയെന്നാണ് വിവരം.
അനിലിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ തിരഞ്ഞു കണ്ടെത്തി പുറത്തേക്കെടുത്തു. തുടർന്ന് തൊടുപുഴയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം മരിച്ചിരുന്നു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. മലങ്കര ടൂറിസ്റ്റ് ഹബിലാണ് അപകടം നടന്നത് എന്നാണ് സൂചന. മലങ്കര ഡാമിൽ പലയിടത്തും ആഴത്തിലുള്ള കുഴികളുണ്ട്. ഇതിലൊന്നിലേക്ക് അദ്ദേഹം മുങ്ങിപോയതാവാം എന്നാണ് നാട്ടുകാർ പറയുന്നത്.
നാടകത്തിലൂടെ മിനിസ്ക്രീനിലേക്കും പിന്നീട് സിനിമയിലേക്കും എത്തുകയായിരുന്നു. മമ്മൂട്ടി നായകനായ തസ്കരവീരൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയം തുടങ്ങിയത്.
Leave a Reply