തിങ്കളാഴ്ച വൈകുന്നേരമാണ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ ബാലയുടെ അവസ്ഥ ഗുരുതരമാണെന്ന തരത്തിൽ വാർത്തകളും റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആരോഗ്യസ്ഥിതിയെ കുറിച്ച് പ്രതികരിച്ചെത്തിയിരിക്കുകയാണ് താരത്തെ ചികിത്സിച്ച ഡോക്ടർ സുധീന്ദ്രൻ. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ബിലിറൂബിന്റെ അളവ് ബാലയിൽ വളരെ കൂടുതലായിരുന്നുവെന്ന് കരൾ രോഗ വിദഗ്ധനായ ഡോക്ടർ പറയുന്നു.

ഭക്ഷണം കഴിക്കാനാകാതെ ബാല ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ഇനിയും ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ അവസ്ഥ ഗുരുതരമാകുകയും ചെയ്യുമെന്ന് മനസിലായതോടെയാണ് ബാലയെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി അധികൃതർ പുറത്തു വിട്ടിട്ടില്ല. നിലവിൽ ബാലയുടെ ആരോഗ്യനില സ്‌റ്റേബിൾ ആണെന്നും ഡോക്ടർ പറഞ്ഞു. വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഡോക്ടറുടെ പ്രതികരണം.

‘ബാല അഡ്മിറ്റ് ആയ സമയത്ത് അവസ്ഥ കുറച്ച് ക്രിട്ടിക്കൽ ആയിരുന്നു. ബിലിറൂബിന്റെ അളവ് കൂടുതലായിരുന്നു. രക്തം കട്ടപിടിക്കുന്നതിന് സമയം എടുത്തിരുന്നു. ലിവറിന്റെ 20-30% മാത്രമേ പ്രവർത്തിക്കുന്നുണ്ടായിരുന്നുള്ളൂ. സിറോസിസ് ബാധിച്ച ലിവർ ട്രാൻസ്പ്ലാന്റ് ചെയ്യുകയാണ് ഏറ്റവും നല്ലത്. വർഷങ്ങളോളം ഉള്ള ഡാമേജ് ആയതുകൊണ്ട് മരുന്നിലൂടെ മാറ്റുക പ്രയാസമാണ്. എഫക്ടീവ് ആയ മരുന്ന് ഇല്ലെന്ന് തന്നെ പറയാം. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ട്രാൻസ്പ്ലാന്റ് ചെയ്യുകയാണ് ഏറ്റവും നല്ലത്’ ഡോക്ടർ സുധീന്ദ്രൻ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാലയുടെ ആരോഗ്യസ്ഥിതി ഇപ്പോൾ സ്‌റ്റേബിളാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ബാലയെ ആശുപത്രിയിലേക്ക് കൊണ്ടു വരുമ്പോൾ ബോധമുണ്ടായിരുന്നു. പക്ഷെ നോർമൽ അല്ലായിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ ലിവർ മാറ്റിവെയ്‌ക്കേണ്ടി വരുമെന്നാണ് തോന്നുന്നതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

ബാല ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ, നടൻ ഉണ്ണി മുകുന്ദൻ, എൻ.എം. ബാദുഷ, അമൃതാ സുരേഷ്, സംഗീത സംവിധായകൻ ഗോപി സുന്ദർ തുടങ്ങിയവർ കഴിഞ്ഞദിവസം ആശുപത്രിയിലെത്തിയിരുന്നു.