നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ മഞ്ജു വാര്യര്‍ പ്രധാന സാക്ഷി. കേസിലെ കുറ്റപത്രം ഇന്ന് ഉച്ചയ്ക്ക് സമര്‍പ്പിക്കും. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന സംബന്ധിച്ച കുറ്റപത്രമാണ് പ്രത്യേക അന്വേഷണസംഘം തയാറാക്കിയിരിക്കുന്നത്.
ആകെ 11 പ്രതികളുളള അന്തിമ റിപ്പോർ‍ട്ടിൽ ദിലീപ് എട്ടാം പ്രതിയാണ്. ആദ്യ കുറ്റപത്രത്തിലെ ഏഴ് പ്രതികളെ അതേപടി നിലനിർ‍ത്തും. കൃത്യം നടത്തിയവരും ഒളിവിൽ പോകാൻ സഹായിച്ചവരുമാണ് ആദ്യകുറ്റപത്രത്തിലുളളത്. ദിലീപ് , അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനിൽകുമാറിന്‍റെ സഹതടവുകാരനായിരുന്ന വിഷ്ണു എന്നിവരെയാണ് പുതുതായി അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.
ദിലീപിനെ ഒന്നാം പ്രതിയാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കേസിനെ അത് കൂടുതൽ സങ്കീർണമാക്കും എന്ന വിലയിരുത്തലിലാണ് എട്ടാം പ്രതിയാക്കിയത്. നേരത്തെ ചുമത്തിയ ഗൂഡാലോചന, കൂട്ടബലാൽസംഗം തുടങ്ങിയ കുറ്റങ്ങൾ അടക്കം പതിനേഴോളം വകുപ്പുകൾ ദിലീപിനിതെരെ കുറ്റപത്രത്തിലും ചുമത്തിയിട്ടുണ്ട്.
ദിലീപും സുനിയും മാത്രമാണ് ഗൂഡാലോചനയിൽ നേരിട്ട് പങ്കെടുത്തതെന്നാണ് കണ്ടെത്തൽ. സിനിമാ മേഖലയിൽ നിന്നുളള പ്രമുഖരടക്കം മൂന്നൂറ്റമ്പതോളം പേരെ കേസില്‍ സാക്ഷികളാക്കിയിട്ടുണ്ട്. മൊബൈൽ ഫോൺ രേഖകളടക്കം 450 രേഖകൾ തെളിവായി ഹാജരാക്കുന്നുണ്ട്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ഇന്ന് കുറ്റപത്രം സമർപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ