നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം തയ്യാറായി. കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പൊലീസ് തയാറാക്കി. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ദിലീപിനെതിരെ ചുമത്തും.

നടി ആക്രമിക്കപ്പെട്ട് എട്ടു മാസം തികയുന്ന ഇന്ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മജിസ്‌ട്രേട്ട് അവധിയായതിനാല്‍ ദിവസം മാറ്റുകയായിരുന്നു. നിയമവിദഗ്ധരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനു ശേഷം അടുത്ത ദിവസം തന്നെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. സമീപകാലത്തു കേരള പൊലീസ് തയാറാക്കിയ ഏറ്റവും സമഗ്രവും സൂക്ഷ്മവുമായ കുറ്റപത്രമാണിതെന്ന് അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുറ്റസമ്മത മൊഴികള്‍, സാക്ഷിമൊഴികള്‍, കോടതി മുന്‍പാകെ നല്‍കിയ രഹസ്യ മൊഴികള്‍, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍, സൈബര്‍ തെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍, സാഹചര്യ ത്തെളിവുകള്‍ എന്നിവ പട്ടികയാക്കി പ്രത്യേക ഫയലുകളാക്കിയാണ് അനുബന്ധ കുറ്റപത്രമായി സമര്‍പ്പിക്കുന്നത്. ഇതുവരെ പൊലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തിലുണ്ടെന്നാണു സൂചന. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്ന വേളകളില്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ നേരിട്ടു സമര്‍പ്പിച്ചിരുന്ന വിവരങ്ങളാണിത്.

കേസിന്റെ പ്രാധാന്യവും പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാഹചര്യവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാര്‍ശയും ഡിജിപി സമര്‍പ്പിക്കും.