പ്രശസ്ത സിനിമ– സീരിയൽ നടൻ ജി.കെ.പിള്ള (97) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസങ്ങളായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 325ലേറെ ചിത്രങ്ങളിൽ വേഷമിട്ട ജി.കെ.പിള്ള വില്ലൻ വേഷങ്ങളിലൂടെയാണ് പ്രശസ്തനായത്. സ്‌നാപക യോഹന്നാൻ, തുമ്പോലാർച്ച, ലൈറ്റ് ഹൗസ്, നായരുപിടിച്ച പുലിവാൽ, കണ്ണൂർ ഡീലക്‌സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കാര്യസ്ഥൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

അഭിനയിച്ച സിനിമകളിലെല്ലാം സ്വന്തം പേര് കൊരുത്തുവച്ചാണ് നടൻ ജി.കെ.പിള്ള അരങ്ങൊഴിയുന്നത്. ‘കാര്യസ്ഥൻ’ എന്ന ദിലീപ് ചിത്രത്തില്‍ പുത്തേഴത്തെ കാരണവരായി എത്തിയതോടെയായിരിക്കും ഒരുപക്ഷേ പുതുതലമുറയ്ക്ക് ജി.കെ.പിള്ള ഏറെ പരിചിതനായത്. മിനിസ്ക്രീനിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

വർക്കലയിൽ ഇടവയ്ക്കടുത്തു മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി 1924 ജൂലൈയിലാണ് ജി.കേശവപിള്ള എന്ന ജി.കെ.പിള്ളയുടെ ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അതിനുശേഷം സൈന്യത്തിൽ ചേർന്ന അദ്ദേഹം 15 വർഷം സൈനികസേവനം അനുഷ്ഠിച്ചു. 14–ാം വയസ്സിൽ‌ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.

നടൻ പ്രേം നസീറുമായി കുട്ടിക്കാലം മുതലുള്ള അടുപ്പമാണ് ജി.കെ.പിള്ളയെ സിനിമയിലെത്തിച്ചത്. സിനിമയിലെത്തി 65 വർഷം പിന്നിടുന്ന ഘട്ടത്തിലാണ് അന്ത്യം. 1954ൽ സ്‌നേഹസീമ എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയജീവിതം ആരംഭിച്ചത്. ഉയരമുള്ള ശരീരവും ശബ്ദഗാംഭീര്യവും വില്ലൻ വേഷങ്ങൾക്ക് കൂടുതൽ തന്മയത്വം നൽകി. അഭിനയ ജീവിതത്തിൽ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ അദ്ദേഹം സിനിമയിലും സീരിയലുകളിലും സജീവമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടെലിവിഷൻ പരമ്പരകളിലെ വേഷം കുടുംബസദസ്സുകളിലും പ്രിയങ്കരനാക്കി. വില്ലൻ കഥാപാത്രങ്ങൾക്കു പുതിയ ഭാവം നൽകി. ഡ്യൂപ്പുകളുടെ സഹായമില്ലാതെ തന്നെ സാഹസിക രംഗങ്ങളിൽ അഭിനയിച്ചു. തിക്കുറിശി മുതൽ പുതിയ തലമുറയിലെ നായകരോടൊപ്പംവരെ അഭിനയിച്ചിട്ടുണ്ട്. പഴയതും പുതിയതുമായ സൂപ്പർ താരങ്ങളുടെ താരോദയത്തിനു സാക്ഷിയായി. 15 വർഷം എക്സ് സർവീസ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.

ഭാര്യ: പരേതയായ ഉൽപ്പലാക്ഷിയമ്മ. മക്കൾ: പ്രതാപചന്ദ്രൻ, ശ്രീകല ആർ.നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി.പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ.

നടന്‍ ജി.കെ.പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സില്‍ ഇടം നേടിയ അഭിനേതാവായിരുന്നു. ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്‍റെ അഭിനയ ജീവിതം ബ്ലാക്ക് ആൻഡ് വൈറ്റ് ചലച്ചിത്രങ്ങള്‍ മുതല്‍ ടെലിവിഷന്‍ സീരിയലുകള്‍ വരെ വ്യാപിച്ച് നില്‍ക്കുന്നതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.