സിനിമയിലും രാഷ്ട്രീയത്തിലും പകരം വയ്ക്കാനില്ലാത്ത ഇടം ഒഴിച്ചിട്ട് യാത്രയായിരിക്കുകയാണ് ഇന്നസെന്റ്. താരലോകവും ആരാധലോകവും ഒന്നടങ്കം അനുശോചിക്കുകയാണ്. നര്‍മ്മം രസകരമായി അവതരിപ്പിക്കുമ്പോഴും അടിയുറച്ച രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന നേതാവായിരുന്നു ഇന്നസെന്റ്. മരണം വരെ അടിയുറച്ച കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു താരം.

കഴിഞ്ഞ വര്‍ഷം താരത്തിനെ കുറിച്ച് വന്ന വ്യാജവാര്‍ത്തയിലാണ് താരം രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. 2022 ഫെബ്രുവരി 20 നാണ് തന്നെ പറ്റിയുള്ള ഒരു വ്യാജ പോസ്റ്റ് അദ്ദേഹം തന്നെ കാണാനിടയാകുന്നത്. സിനിമയില്‍ വന്നപ്പോള്‍ ഒരാവേശത്തിന് ഞാന്‍ ഇടതുപക്ഷക്കാരനായി എന്ന് തുടങ്ങുന്ന പോസ്റ്റായിരുന്നു അത്. പോസ്റ്റ് കണ്ടയുടനെ അദ്ദേഹം തന്നെ അതിന് മറുപടിയുമായി എത്തി.

തന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നെന്നും ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് താന്‍ വളര്‍ന്നതെന്നും മരണം വരെ അതില്‍ മാറ്റമില്ലെന്നുമാണ് അന്ന് അദ്ദേഹം ആ പോസ്റ്റിനോട് പ്രതികരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെള്ളിത്തിരയില്‍ തിളങ്ങുമ്പോഴും 1970കളില്‍ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു ഇന്നസെന്റ്. 1979-ല്‍ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായി ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ആ തിരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. പിന്നീട് 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫിന്റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റ് വിജയിച്ചു.

അങ്ങിനെ ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയ ഇന്നസെന്റ്, ഒരു രാഷ്ട്രീയക്കാരനാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നാണ് പറയാറുള്ളത്. എങ്കില്‍പ്പോലും ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലറായും ചാലക്കുടിയില്‍ നിന്നുള്ള ലോക്സഭാ അംഗമായും എത്തി ഇന്നസെന്റ് രാഷ്ട്രീയവും വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.

എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇന്നസെന്റിനെ കണ്ടവര്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു വീണ്ടും മല്‍സരിക്കുന്നില്ലേ, എന്ന്. അതിനു മറുപടിയായി അന്ന് അദ്ദേഹം പറഞ്ഞത് അവസാനംവരെ ഇതുപോലെ ജീവിക്കണം എന്നാഗ്രഹിക്കുന്നത് അസുഖമാണ്. എനിക്ക് ആ അസുഖം തുടങ്ങിയിട്ടുണ്ടോ എന്ന് സംശയം തോന്നിയതുകൊണ്ടാണു സ്വയം ചികിത്സിച്ചു മാറാന്‍ തീരുമാനിച്ചത് എന്നായിരുന്നു.