സാമൂഹ്യ പ്രതിബദ്ധത ഉള്ള പല പ്രശ്‌നങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നടന്‍ ജയസൂര്യ പങ്കുവയ്ക്കാറുണ്ട്. തെറ്റായ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറാന്‍ ആരാധകരെ ഉപദേശിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ഊരും പേരും അറിയാത്ത റോഡില്‍ ചോരയൊലിച്ച് കിടന്നയാള്‍ക്ക് രക്ഷകനായെത്തിയത് ജയസൂര്യയായിരുന്നു. ആശുപത്രിയില്‍ അയാളെ എത്തിച്ചപ്പോള്‍ പലരും താനാണ് അപകടമുണ്ടാക്കിയതെന്ന് വിചാരിച്ചു. പിന്നീട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയെന്ന് ജയസൂര്യ പറഞ്ഞു.
അങ്കമാലിയില്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു ഞാന്‍. ഒബ്റോണ്‍ മാളിന് സമീപത്ത് ഒരു ആള്‍ക്കൂട്ടം കണ്ടു. ആക്സിഡന്റാണെന്ന് സംശയം തോന്നിയപ്പോള്‍ ഡ്രൈവറോട് വണ്ടി ഒതുക്കാന്‍ പറഞ്ഞു. അയാള്‍ ചോരയില്‍ കുളിച്ച് കമിഴ്ന്നു കിടക്കുമ്പോള്‍ ആളുകള്‍ പരസ്പരം തര്‍ക്കിച്ച് നില്‍ക്കുകയാണ്. അടുത്തു ചെന്നപ്പോള്‍ അയാള്‍ വേദനകൊണ്ട് പുളയുന്നുണ്ട്. ഞാനും അവിടെ ഉണ്ടായിരുന്ന ഒരു പയ്യനും കൂടി അദ്ദേഹത്തെ നേരെ ഇടപ്പള്ളിയിലുള്ള എംഎജെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ പലരും വിചാരിച്ചത് എന്റെ വണ്ടി തട്ടിയാണ് അയാള്‍ക്ക് അപകടം പറ്റിയതെന്നാണ്. ഞാന്‍ അവരോട് കാര്യം പറഞ്ഞു. എനിക്ക് അദ്ദേഹത്തെ അറിയില്ലെന്നും ഏതോ ഒരാള്‍ ഇടിച്ചിട്ട് പോയതാണെന്നും. ലൊക്കേഷനിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹം എന്നെ നന്ദിയോടെ ഒന്നു നോക്കി. ഞാന്‍ വലിയ കാര്യം ചെയ്തു എന്ന തോന്നല്‍ എനിക്കില്ല.
ഒരുകാര്യം ഞാന്‍ പറയട്ടെ. ആര്‍ക്കും ജീവിതത്തില്‍ അബദ്ധം സംഭവിക്കാം. നമ്മുടെ വണ്ടി മറ്റൊരാള്‍ക്ക് മേല്‍ തട്ടാം. പക്ഷേ അവരെ ഉപേക്ഷിച്ച് കടന്നുകളയരുത്. അപകടത്തില്‍പ്പെട്ടത് നമ്മുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ആസ്പത്രിയില്‍ എത്തിക്കണം. ആ സമയത്ത് തര്‍ക്കിക്കാന്‍ നില്‍ക്കരുത്.
Leave a Reply