തൃശ്ശൂർ: ‘സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ്’ നിക്ഷേപ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് വിട്ടയച്ചു. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ പ്രവർത്തിച്ചിട്ടുണ്ടോയെന്നും, ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നുമാണ് ഇഡി പ്രധാനമായും പരിശോധിച്ചത്. ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയുടെ മൊഴിയും ഇഡി രേഖപ്പെടുത്തി.
തൃശ്ശൂർ സ്വദേശിയായ സ്വാതിക് റഹീം 2019ൽ ആരംഭിച്ച സേവ് ബോക്സ്, ഇന്ത്യയിലെ ആദ്യ ഓൺലൈൻ ലേല ആപ്പെന്ന പേരിലാണ് അവതരിപ്പിച്ചത്. എന്നാൽ 2023ൽ ആപ്പിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി വ്യക്തമായതോടെ അന്വേഷണം ശക്തമാക്കിയിരുന്നു . കോടികൾ തട്ടിയെടുത്ത കേസിൽ സ്വാതിക് പൊലീസ് പിടിയിലായതിനു പിന്നാലെ ഇഡിയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സിനിമാതാരങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സ്വാതിക്, സേവ് ബോക്സിന്റെ പ്രചാരണത്തിനായി ജയസൂര്യയെ ബ്രാൻഡ് അംബാസിഡറായി സമീപിക്കുകയും ഏകദേശം രണ്ട് കോടി രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. നിരവധി സിനിമാ താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും ആപ്പിന്റെ പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വാതിക്കിനും ജയസൂര്യയ്ക്കുമിടയിലെ പണമിടപാടുകൾ പരിശോധിച്ച ശേഷം ഇഡി ചോദ്യം നടത്തിയത്. ഡിസംബർ 24നും ജയസൂര്യ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നുവെന്നും, തെളിവുകൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.











Leave a Reply