മാപ്രംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി കവിരാജിനെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. കല്യാണരാമനിലും നിറത്തിലും നിറഞ്ഞു നിന്ന കവിരാജ് ഇപ്പോള്‍ ജീവിതവേഷത്തില്‍ കെട്ടിയാടുന്നത് പൂജാരി വേഷമാണ്. എന്നാല്‍ കലാജീവിതം കൈവിട്ടിട്ടില്ലെന്നും നല്ല വേഷങ്ങള്‍ കിട്ടിയാല്‍ അഭിനയത്തിലേക്കു തിരിച്ചെത്തുമെന്നും കവിരാജ് പറയുന്നു.

ഇല്ലായ്മകളിലാണു കവിരാജിന്റെ ജീവിതം തുടങ്ങുന്നത്. ആലപ്പുഴയില്‍ സ്റ്റീല്‍പാത്ര വില്‍പന തുടങ്ങിയ ആദ്യകാല കടകളിലൊന്ന് കവിരാജിന്റെ പിതാവ് സുബ്രഹ്മണ്യന്‍ ആചാരിയുടേതായിരുന്നു. സ്വര്‍ണപ്പണിയും വ്യാപാരവും എല്ലാം ഉണ്ടായിരുന്നെങ്കിലും അതെല്ലാം നഷ്ടത്തിലായി. 6 മക്കളെയും കൊണ്ട് ഒന്നുമില്ലായ്മയിലേക്ക് എന്ന അവസ്ഥ ആ അച്ഛന് വന്നു. ശേഷം പിതാവ് കാന്‍സര്‍ ബാധിച്ചു മരിച്ചതോടെ ജീവിതം ഇനി എങ്ങനെ എന്ന ചോദ്യമാണ് ബാക്കിയായത്. അമ്മ സരസ്വതി അമ്മാളിന് വേണ്ടിയായി പിന്നീടുള്ള ജീവിതം. 10ാം ക്ലാസില്‍ എത്തിയതോടെ സ്വര്‍ണപ്പണി തുടങ്ങി.

പഠനവും ജോലിയും ഒന്നിച്ചു കൊണ്ടുപോകാനാവാത്ത സ്ഥിതി വന്നതോടെ നാടുവിട്ട് കോടമ്പക്കത്ത് എത്തി. ഒരു സുഹൃത്തിനെ യാദൃച്ഛികമായി കണ്ടുമുട്ടി. അയാള്‍ക്കൊപ്പം എത്തിയത് ഹൈദരാബാദിലെ നൃത്തപഠനകേന്ദ്രത്തിലായിരുന്നു. നൃത്തം പഠിച്ചു, ഒപ്പം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി. കിട്ടുന്ന തുക വീട്ടിലേയ്ക്ക് അയച്ചു കൊടുക്കും. ഇതിനു പുറമെ, സഹോദരിയുടെ ഭര്‍ത്താവ് മരിച്ചതോടെ ആ കുടുംബത്തെയും ഒപ്പം കൂട്ടി. നിറത്തിനു ശേഷം കല്യാണരാമന്‍, തെങ്കാശിപ്പട്ടണം, കുഞ്ഞിക്കൂനന്‍, രണ്ടാംഭാവം, മഴത്തുള്ളിക്കിലുക്കം തുടങ്ങി 50ലേറെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ കവിരാജ് വേഷമിട്ടു.

പിന്നീട് സീരിയലിലേയ്ക്ക് ചുവടുവെച്ചു. പ്രമുഖ ചാനല്‍ പരമ്പരകളില്‍ വില്ലനും നായകനുമായി താരം ാേനിറഞ്ഞു നിന്നു. ഇതിനിടെയാണ് കൊല്ലം സ്വദേശിനി അനു ജീവിതത്തിലേയ്ക്ക് എത്തുകയും ചെയ്തു. ജീവിത്തില്‍ കാലുറപ്പിച്ചു വന്നപ്പോഴാണ് അമ്മയുടെ വിയോഗം. അമ്മകൂടി പോയതോടെ ആത്മീയതയിലേക്കു കൂടുതല്‍ അടുക്കുകയായിരുന്നു. മന്ത്രങ്ങളും മറ്റും പഠിച്ചുതുടങ്ങി. മകന്‍ ജനിച്ച് കുറച്ചുനാളുകളേ ആയിരുന്നുള്ളൂ. ആത്മീയതയിലേക്കു തിരിഞ്ഞതോടെ ഭാര്യയില്‍ ആശങ്ക നിഴലിച്ചു. വഷളാവുന്നു എന്ന് കണ്ടതോടെ വീട്ടുകാരെത്തി അനുവിനെ കൊണ്ടുപോയി. അപ്പോഴാണ് ശരിക്കും ഒറ്റപ്പെടല്‍ കവിരാജ് അറിയുന്നത്. അങ്ങനെയാണ് ഹിമാലയ യാത്ര തുടങ്ങിയത്.

ബദരീനാഥ് ക്ഷേത്രത്തിലാണ് അത് അവസാനിച്ചത്. പുതിയ ജന്മമെടുക്കുകയാണെന്ന തോന്നല്‍ ഉണ്ടായത് അവിടെ നിന്നാണ്. തിരിച്ചെത്തിയ ഉടന്‍ ഭാര്യയെ വിളിച്ചു. നാട്ടിലെത്തി, പതിയെ ക്ഷേത്രപൂജകളിലും സപ്താഹങ്ങളിലും ഭാഗമാവുകയും ചെയ്തു. ഇതിനിടെ ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിനു സമീപം വീടുപണിയുകയും ചെയ്തു.