നടിയെ ആക്രമിച്ച കേസിൽ നടൻ കുഞ്ചാക്കോ ബോബനെ ഇന്നലെ വിസ്തരിച്ചു. മുൻപ് ദിലീപിനെതിരെ നൽകിയ മൊഴിയിൽ കുഞ്ചാക്കോ ബോബൻ ഉറച്ചു നിന്നതായാണ് റിപ്പോർട്ട്. വലിയ ഇടവേളക്ക് ശേഷം നടി മഞ്‍ജു വാര്യർ അഭിനയത്തിലേക്ക് മടങ്ങി വന്ന ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ഒപ്പം അഭിനയിച്ചിരുന്നു.
ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അഭിനയിക്കരുത് എന്ന രീതിയിൽ ദിലീപ് തന്നോട് സംസാരിച്ചതായി നേരത്തെ കുഞ്ചാക്കോ ബോബൻ മൊഴി നൽകിയിരുന്നു.പൊലീസിന് നൽകിയ ഈ മൊഴി ഇന്നലെ പ്രത്യേക കോടതിയിൽ കുഞ്ചാക്കോ ബോബൻ ആവർത്തിച്ചതായാണ് റിപ്പോർട്ട്. മുൻപ് രണ്ടു തവണ ഹാജരാകണമെന്ന് കോടതി കുഞ്ചാക്കോ ബോബനോട് ആവശ്യപ്പെട്ടിരുന്നു. ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ഇന്നലെ നടൻ തിരികെ നൽകി.
നടി ബിന്ദു പണിക്കരും ഇടവേള ബാബുവും വിസ്താരത്തിനിടെ ദിലീപിന് അനുകൂലമായി കൂറ് മാറിയിരുന്നു. രമ്യ നമ്പീശൻ, സഹോദരൻ സുബ്രഹ്മണ്യൻ, ഡ്രൈവർ സതീശൻ എന്നിവരെ കോടതി ഇനി വിസ്തരിക്കും. ഇതിനോടകം 36 പേരെ കോടതി വിസ്ഥരിച്ചു കഴിഞ്ഞു. തന്റെ സിനിമയിലെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ് എന്നും അതിൽ താൻ അഭിപ്രായം പറയാറില്ല എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു.
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ട്രഷറർ ആയിരുന്ന തന്നെ അപ്രതീക്ഷിതമായി മാറ്റിക്കൊണ്ടാണ് ദിലീപ് ആ സ്ഥാനത്തേക്ക് വന്നതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ നിന്ന് ദിലീപ് നേരിട്ട് പറഞ്ഞാൽ താൻ പിന്മാറാം എന്നായിരുന്നു കുഞ്ചാക്കോ ബോബൻ നൽകിയ മറുപടി. എന്നാൽ, ദിലീപ് അങ്ങനെ ആവശ്യപ്പെട്ടില്ല. താൻ സിനിമയിൽ നിന്ന് സ്വയം പിന്മാറണം എന്നായിരുന്നു ദിലീപിന്റെ ആവശ്യം എന്നും കുഞ്ചാക്കോ ബോബൻ നേരത്തെ പറഞ്ഞിരുന്നു.
Leave a Reply