മമ്മൂട്ടി നാട്യങ്ങളില്ലാതെ നിറക്കൂട്ടില്ലാതെ എന്ന പുസ്തകത്തില്‍ നിന്ന്. നടനും സംവിധായകനുമായ മഹേഷ് എഴുതിയ അനുഭവക്കുറിപ്പ്
‘മുദ്ര’യുടെ ലൊക്കേഷനില്‍ വച്ചാണ് മമ്മുക്കയുമായി പരിചയപ്പെടുന്നത്. ആ സിനിമയില്‍ മമ്മുക്ക കഴിഞ്ഞാല്‍ പ്രധാനപ്പെട്ട റോള്‍ എന്റേതായിരുന്നു. കോമ്പിനേഷന്‍ സീനുകളില്‍ അഭിനയത്തെക്കുറിച്ചുള്ള ഒരുപാടു കാര്യങ്ങള്‍ പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ്. ‘മുദ്ര’ നന്നായി ഓടി. പിന്നീട് ഏറെ നാളുകള്‍ കഴിഞ്ഞാണ് മമ്മുക്കയെ കാണുന്നത്. ബാലുകിരിയത്തിന്റെ സഹോദരന്‍ ഗോപന്റെ പടത്തിന്റെ പൂജയ്ക്ക് പോയതായിരുന്നു ഞാന്‍. അവിടെ മമ്മുക്കയുമുണ്ട്.
”എടാ നീ നാട്ടിലുണ്ടായിരുന്നോ? നിന്നെ എവിടെയെല്ലാം തിരക്കി. ഐ.വി.ശശിയുടെ പുതിയ പടം ‘മൃഗയ’യില്‍ ഞാനും ലോഹിയും നിനക്കൊരു വേഷം പറഞ്ഞുവെച്ചിട്ടുണ്ട്. നാളെത്തന്നെ നീ മദ്രാസില്‍ പോയി ലോഹിയെ കാണണം.”
അന്ന് മൊബൈല്‍ ഫോണൊന്നുമില്ല. പിറ്റേന്നുതന്നെ മദ്രാസിലെത്തണമെങ്കില്‍ ഫ്‌ളൈറ്റില്‍ പോകണം. 620 രൂപയാണ് ഫ്‌ളൈറ്റ്ചാര്‍ജ്. കൂട്ടുകാരില്‍ നിന്നായി പണം കടം വാങ്ങി. നേരെ മദ്രാസിലെ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിലേക്ക്. അവിടെയാണ് ലോഹിയേട്ടനുള്ളത്. ലോഹിയേട്ടന്‍ എന്നെ ശശിയേട്ടന്റെ മുറിയിലേക്കു പറഞ്ഞയച്ചു. ഒറ്റനോട്ടത്തില്‍ ശശിയേട്ടന് എന്നെ പിടിച്ചില്ല. അതിനൊരു കാരണമുണ്ട്. ‘ഇണ’യില്‍ നായകനായി അഭിനയിച്ച മാസ്റ്റര്‍ രഘുവിനെ അഭിനയിപ്പിക്കാനാണ് ശശിയേട്ടന്റെ ആഗ്രഹം. എന്നാല്‍ ഞാന്‍ മതിയെന്ന് മമ്മുക്കയും ലോഹിയേട്ടനും വാശിപിടിച്ചു. അങ്ങനെയൊരു തര്‍ക്കം നില്‍ക്കുമ്പോഴാണ് ഞാന്‍ ചെന്നത്.
”എനിക്ക് ചാന്‍സുണ്ടാകുമോ ലോഹിയേട്ടാ?”
ഞാന്‍ ചോദിച്ചു.
”ഞാനാണ് സ്‌ക്രിപ്റ്റ് എഴുതുന്നതെങ്കില്‍ നീയായിരിക്കും ‘മൃഗയ’യിലെ തോമസ് കുട്ടിയുടെ റോളില്‍”
ലോഹിയേട്ടന്‍ പിന്നീട് ആ ഉറപ്പു പാലിക്കുകയും ചെയ്തു. എന്റെ കരിയറിലെ ഏറ്റവും നല്ല വേഷങ്ങളില്‍ ഒന്നാണ് ‘മൃഗയ’യിലേത്. ചുളിവുവീണ ഷര്‍ട്ടും പാന്റ്‌സുമൊക്കെയിട്ടാണ് ഞാനന്ന് ലൊക്കേഷനിലെത്തിയത്. സാമ്പത്തികമായി നല്ല ബുദ്ധിമുട്ടനുഭവിക്കുന്ന സമയമായിരുന്നു അത്. ഒരു ദിവസം മമ്മുക്ക എന്നോടു പറഞ്ഞു.
”ആളുകളുടെ മുമ്പില്‍ പോകുമ്പോള്‍ നീയൊരു നടനായിരിക്കണം. നിന്നെക്കണ്ട് മറ്റുള്ളവര്‍ അനുകരിക്കണം.”
1989 ഡിസംബറില്‍ മമ്മുക്കയും ജൂബിലി ജോയിയും ഉള്‍പ്പെടെയുള്ള ടീം ഗള്‍ഫ്ടൂറിന് പോകാനൊരുങ്ങുന്നു. അന്നുരാവിലെ എന്റെ വീട്ടിലേക്ക് ഡാന്‍സര്‍ തമ്പി വന്നു.
”മഹേഷിനെ ഇപ്പോള്‍ത്തന്നെ മമ്മുക്കയ്ക്ക് കാണണം. ഹോട്ടല്‍ പങ്കജിലുണ്ട്.”
മുണ്ടിട്ടാണ് മമ്മുക്കയെ കാണാന്‍ പോയത്. നിറം അധികമില്ലാത്ത ഷര്‍ട്ടും. കണ്ടയുടന്‍ മമ്മുക്കയുടെ സംസാരം എന്റെ വേഷത്തെക്കുറിച്ചായി.
”നീ ഇങ്ങനെയൊന്നുമല്ല നടക്കേണ്ടത്.”
ഞാന്‍ ചിരിച്ചതേയുള്ളൂ. അക്കാലത്ത് ഞാന്‍ അത്യാവശ്യം തടി വച്ചിരുന്നു.
”നീ നിന്റെ ആരോഗ്യം നോക്കണം. വാരിവലിച്ച് ഭക്ഷണം കഴിച്ച് ആരോഗ്യം നശിപ്പിക്കരുത്. ഞാന്‍ ഇന്ന് ഗള്‍ഫിലേക്ക് പോവുകയാണ്. ഒരാഴ്ചത്തെ ട്രിപ്പ്. അടുത്ത തിങ്കളാഴ്ച തിരിച്ചെത്തും. അന്ന് എന്നെ വന്നു കാണണം. ഈ ഹോട്ടലില്‍ത്തന്നെ കാണും”
കുറെനേരം സംസാരിച്ചശേഷമാണ് അന്നവിടം വിട്ടത്. ഗള്‍ഫില്‍ നിന്ന് വന്ന ദിവസം തന്നെ ഹോട്ടല്‍ പങ്കജിലെത്തി. എന്നെക്കണ്ടയുടന്‍ മമ്മുക്ക പെട്ടി തുറന്നു. നാല് ജോടി ഡ്രസ്സുകള്‍ എടുത്തു. ഷര്‍ട്ടും പാന്റുമല്ല. കുര്‍ത്തയും പൈജാമയും. അതും വില കൂടിയവ.
”ഗള്‍ഫില്‍നിന്ന് നിനക്കുവേണ്ടി വാങ്ങിയതാ. ഇനി ഈ വേഷത്തിലൊക്കെ നീ നടന്നാല്‍ മതി.”
ക്രോസ്‌ബെല്‍ട്ട് മണിയുടെ ‘കമാന്‍ഡര്‍’ എന്ന പടത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഒരിക്കല്‍ കോഴിക്കോട്ടെത്തിയത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഹിന്ദി പടത്തിന്റെ ഒരു ദിവസത്തെ വര്‍ക്കിനുവേണ്ടി മമ്മുക്കയും കോഴിക്കോട്ടെത്തി. ഞാനവിടെയുണ്ടെന്ന് അറിഞ്ഞപ്പോള്‍ വിളിപ്പിച്ചു.
”നിന്നെ ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. മഹേന്ദ്രന്‍ എന്ന തമിഴ് സംവിധായകന്‍ പുതിയൊരു പടം ചെയ്യുന്നു. മോഹമുള്‍. അതിലൊരു നായകനെ വേണമെന്നു പറഞ്ഞപ്പോള്‍ നിന്റെ പേരാണ് ഞാന്‍ സജസ്റ്റ് ചെയ്തത്. ഇന്നുതന്നെ മഹേന്ദ്രനെ ഫോണില്‍ വിളിക്കണം.”
മമ്മുക്ക മഹേന്ദ്രന്‍സാര്‍ താമസിക്കുന്ന ഹോട്ടലിന്റെ നമ്പര്‍ തന്നു. അപ്പോള്‍ത്തന്നെ വിളിച്ചു. എത്രയും പെട്ടെന്ന് കാണണമെന്ന് പറഞ്ഞു. അടുത്ത ദിവസം തന്നെ മദ്രാസിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് അയച്ചുതന്നു. മദ്രാസിലെത്തിയപ്പോള്‍ രാജകീയ സ്വീകരണമാണ് എനിക്കു ലഭിച്ചത്. മമ്മുക്കയ്ക്ക് അവര്‍ നല്‍കുന്ന ബഹുമാനം എത്രയുണ്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞത് അന്നാണ്. ഒരു കഥാപാത്രത്തെ പല രീതിയില്‍ അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു. ഞാന്‍ അഭിനയിച്ചു. അപ്പോള്‍ത്തന്നെ അദ്ദേഹം എനിക്ക് 25000 രൂപ അഡ്വാന്‍സ് തന്നു. ജീവിതത്തിലാദ്യമായാണ് അത്രയും തുക ഞാന്‍ കാണുന്നത്. ഹോട്ടലില്‍ നിന്നിറങ്ങി നേരെ പോയത് അടുത്തുള്ള ടെക്‌സ്റ്റയില്‍സിലേക്കാണ്. അവിടെ നിന്ന് 500 രൂപയ്ക്ക് പാന്റും ഷര്‍ട്ടും വാങ്ങിച്ചു. കൈയില്‍ കാശ് വന്ന സ്ഥിതിക്ക് മമ്മുക്ക പറഞ്ഞതുപോലെ നല്ല രീതിയില്‍ നടക്കാന്‍ തീരുമാനിച്ചു. ‘മോഹമുള്ളി’ന്റെ ഷൂട്ടിംഗ് സമയത്തും എനിക്ക് വി.ഐ.പി പരിഗണനയാണ് ലഭിച്ചത്. രാധികയായിരുന്നു നായിക. പക്ഷേ ആ പടം ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസായില്ല.
പിന്നീട് പല തവണയും മമ്മുക്ക എനിക്ക് സിനിമകളില്‍ വേഷം വാങ്ങിച്ചുതന്നിട്ടുണ്ട്. സാമ്പത്തികമായി പ്രയാസം വന്നപ്പോള്‍ ഞാന്‍ സിനിമ വിട്ട് അമേരിക്കയിലേക്കു പോയി. ആ സമയത്ത് ഷിക്കാഗോയിലാണ് ദുല്‍ഖര്‍ പഠിക്കുന്നത്. ദുല്‍ഖറിനെ കാണാന്‍ വരുമ്പോഴൊക്കെ മമ്മുക്ക വിളിക്കും. പോയി കാണും. സംസാരിക്കും.
”നാട്ടില്‍ വരുമ്പോള്‍ എന്നെ വിളിക്കണം.”
എന്നു പറഞ്ഞാണ് പിരിയാറ്.
പത്തുവര്‍ഷത്തെ അമേരിക്കന്‍ ജീവിതം അവസാനിപ്പിച്ച് ഞാന്‍ വീണ്ടും കേരളത്തിലെത്തി. സിനിമയില്‍ നല്ല നല്ല വേഷങ്ങള്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹം. നാട്ടിലെത്തിയ കാര്യം അറിയിക്കാന്‍ ഒരു ദിവസം ഞാന്‍ മമ്മുക്കയെ വിളിച്ചു.
”ഞാനിവിടെ ‘തുറുപ്പുഗുലാന്റെ’ സെറ്റിലുണ്ട്. നീ ഇവിടേക്കു വാ. നിനക്കു പറ്റിയ വേഷമെന്തെങ്കിലുമുണ്ടോയെന്ന് നോക്കാം.”
എന്നാല്‍ ദുരഭിമാനം കൊണ്ട് ഞാന്‍ പോയില്ല. വേഷങ്ങളൊന്നും കിട്ടാതെ ഞാന്‍ വീണ്ടും വീട്ടില്‍ത്തന്നെ ഇരിപ്പായി. ഇടയ്ക്ക് ലോഹിയേട്ടന്റെ ‘ചക്കരമുത്ത്’ ചെയ്തു. അതു കഴിഞ്ഞ് വീണ്ടും വീട്ടില്‍ത്തന്നെ. ആ സമയത്താണ് മമ്മുക്ക വിളിച്ച് ‘ഫേസ് ടു ഫേസി’ല്‍ റോളുണ്ടെന്ന് പറഞ്ഞത്. ഞാന്‍ പോയി അഭിനയിച്ചു. എന്റെ തടി കണ്ടപ്പോള്‍ മമ്മുക്ക ഒരു കാര്യം സൂചിപ്പിച്ചു.
”നീ കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ എന്റെ അപ്പനായിട്ട് അഭിനയിക്കാം.”
‘ഫേസ് ടു ഫേസി’ല്‍ നല്ല വേഷമായിരുന്നു. പക്ഷേ പടം ഓടിയില്ല. ഷെഡ്യൂള്‍ പായ്ക്കപ്പാവുന്ന ദിവസം മമ്മുക്ക പറഞ്ഞു.
”ഇനി നീ കയറിപ്പോയ്‌ക്കോളണം.”
ഇപ്പോഴും എന്നോട് ഒരു സഹോദരസ്‌നേഹമുണ്ട്, മമ്മുക്കയ്ക്ക്. എന്റെ അടുത്ത സുഹൃത്തിന്റെ കൈയില്‍ മമ്മുക്കയ്ക്ക് പറ്റിയ ഒരു കഥയുണ്ടെന്ന് പറഞ്ഞപ്പോള്‍ തിരക്കിനിടയിലും കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായി. ആഷിക് അബുവിന്റെ ‘ഗ്യാംഗ്‌സ്റ്ററി’ല്‍ അഭിനയിക്കുകയായിരുന്നു മമ്മുക്ക. അതിനിടയ്ക്ക് സമയം കണ്ടെത്തി അവന്റെ കഥ കേള്‍ക്കുകയും ചെയ്തു. അതിനുശേഷം എന്നെ വിളിച്ചു.
”എടാ, ഇത് ഈ നൂറ്റാണ്ടില്‍ ചെയ്യാന്‍ പറ്റുന്ന കഥയല്ല.”
മമ്മുക്കയെക്കുറിച്ച് ചിലരൊക്കെ പറയുന്നൊരു കാര്യമുണ്ട്-വലിയ ജാടക്കാരനാണ്, ചിരിക്കില്ല എന്നൊക്കെ. ശരിയാണ്. ജനങ്ങളുടെ മുമ്പില്‍ കോളിനോസ് പുഞ്ചിരിയുമായി അദ്ദേഹം ഒരിക്കലും വരാറില്ല. ക്യാമറയുടെ മുമ്പില്‍ മാത്രമേ അദ്ദേഹം അഭിനയിക്കാറുള്ളൂ. മലയാളത്തിലെ എണ്‍പതു ശതമാനം നടന്മാരും ക്യാമറയുടെ പിന്നിലാണ് അഭിനയിക്കുന്നത്. അതാണ് മമ്മുക്കയും മറ്റു നടന്മാരും തമ്മിലുള്ള വ്യത്യാസം.
Leave a Reply