കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രഫഷനൽ നാടക-സീരിയൽ-സിനിമാ നടനുമായ മണി മായമ്പിള്ളി (മണികണ്ഠൻ-47) അന്തരിച്ചു. ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. തൃശൂർ കോട്ടപ്പുറം മായമ്പിള്ളി ഇല്ലത്ത് നീലകണ്ഠൻ ഇളയതിന്‍റെയും ദേവകി അന്തർജ്ജനത്തിന്‍റെയും മകനാണ്. 15 വർഷത്തോളമായി പറവൂർ ചേന്ദമംഗലത്താണ് താമസം.

തൃശൂർ മണപ്പുറം കാർത്തിക നാടകവേദിയുടെ കുട്ടനും കുറുമ്പനും എന്ന നാടകം മുതൽ ഇദ്ദേഹം നാടകരംഗത്തു സജീവമായിരുന്നു. തൃശൂർ യമുന എന്‍റർടെയ്‌നേഴ്‌സിന്‍റെ കടത്തനാടൻ പെണ്ണ് തുമ്പോലാർച്ച എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു 2015-16 വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകനടനുള്ള അവാർഡ് ലഭിച്ചത്. ഈ നാടകത്തിൽ തുമ്പോലാർച്ചയുടെ ഭർത്താവ് പാക്കനാരും മുത്തച്ഛനുമായി ഇരട്ടവേഷത്തിൽ മികച്ച പ്രകടനമാണ് അവാർഡ് നേടികൊടുത്തത്.

നാടകരംഗത്ത് ദീർഘകാലം തിരുവനന്തപുരം കേന്ദ്രീകരിച്ചും പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം സംഘചേതന, ഓച്ചിറ നിള, രാജൻ പി. ദേവിന്‍റെ ചേർത്തല ജൂബിലി തുടങ്ങി ഒട്ടേറെ നാടകസമിതികളുടെ നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കുങ്കുമപ്പൂവ്, ഇന്ദുലേഖ, ചന്ദനമഴ, ദേവീ മാഹാത്മ്യം, ഭാഗ്യജാതകം, നിലവിളക്ക്, അൽഫോൻസാമ്മ, ബാലഗണപതി, അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങി നിരവധി സീരിയലുകളിലും ചൈതന്യം, സത്യൻ അന്തിക്കാടിന്‍റെ ജോമോന്‍റെ സുവിശേഷങ്ങൾ തുടങ്ങിയ ഏതാനും സിനിമകളിലും ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുണ്ട്.

ഭാര്യ: ശ്രീകുമാരി. മക്കൾ: അക്ഷയ്, അഭിനവ്. ശവസംസ്‌കാരം ശനിയാഴ്ച 12ന് ചേന്ദമംഗലം കോട്ടയിൽകോവിലകം പൊതുശ്മശാനത്തിൽ.

ഇന്ന് രാവിലെയും പതിവുപോലെ ഗുഡ്‌മോര്‍ണിംഗ് മെസേജ് അയച്ച ചേട്ടന്‍ കുറച്ച് കഴിഞ്ഞു മരിച്ചു എന്ന് പറയുമ്പോള്‍ താങ്ങാന്‍ ആവുന്നില്ല… എന്നാണ് നടി സീമ ജി നായര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

വാക്കുകള്‍ കിട്ടുന്നില്ല വിടപറയാന്‍. പ്രായം നോക്കാതെ എല്ലാവരെയും മേനോനെ എന്ന് വിളിച്ചുകൊണ്ടു തമാശ പറഞ്ഞു എപ്പോഴും ഖനഗംഭീര ശബ്ദത്തില്‍ എല്ലാവരോടും സ്‌നേഹത്തോടെ നിറഞ്ഞു നിന്നു മുഖം നോക്കാതെ ചിലപ്പോള്‍ പെരുമാറും. കുറച്ചു കഴിഞ്ഞാല്‍ പറയും അപ്പോള്‍ അങ്ങനെ അങ്ങ് പറഞ്ഞു പോയി ഒന്നും മനസ്സില്‍ വയ്ക്കരുത് എന്നാണ് നടി ഉമ നായര്‍ കുറിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മണി മായമ്പിള്ളിയെ കുറിച്ച് നീണ്ട കുറിപ്പാണ് നടന്‍ ആനന്ദ് നാരായന്‍ പങ്കുവച്ചത്. പ്രണാമം മണി ചേട്ടായെന്ന് പറഞ്ഞാണ് ആനന്ദ് നാരായന്റെ കുറിപ്പ് തുടങ്ങുന്നത്. മണി മായമ്പള്ളി എന്ന എന്റെ മണി ചേട്ടന്‍ ഒരു സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല എനിക്ക്. എനിക്ക് എന്നല്ല മണി ചേട്ടനെ അറിയാവുന്നവര്‍ക്ക് എല്ലാം ഒരു കൂട്ടുകാരനായിരിന്നു അദ്ദേഹം.

മണിച്ചേട്ടന്റെ സ്വന്തം ശൈലിയില്‍ ഉള്ള ഒരു ചിരി ഉണ്ട് ഉള്ളു കൊണ്ടു മനസ്സു നിറഞ്ഞു ചിരിക്കുന്ന ഒരു ചിരി, ആ ചിരിയും തമാശയും ചേട്ടന്റെ ആ ശബ്ദവും ലൊക്കേഷനില്‍ നിറഞ്ഞു നില്‍ക്കും. ഏതാണ്ട് ഒരേ ടൈമില്‍ ഷൂട്ട് നടന്നുകൊണ്ടിരുന്ന രണ്ടു സീരിയലുകള്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചു.

സ്വാതി നക്ഷത്രം ചോതി ഇവിടെ തിരുവന്തപുരം ലൊക്കേഷനില്‍ നിന്നും ഉണ്ണിമായ എറണാകുളം ലൊക്കേഷനിലേയ്ക്ക് ഞങ്ങള്‍ ഒരുമിച്ച് എന്റെ കാറില്‍ ആണു യാത്ര, നാല് മണിക്കൂര്‍ ഡ്രൈവ് എനിക്ക് വെറും 40 മിനിറ്റു ഡ്രൈവ് ആയി തോന്നിയ നാളുകള്‍, മണി ചേട്ടന്‍ പറയാറുണ്ട് അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ തട്ടേല്‍ വീണു മരിക്കണം അതാണ് ഒരു നടന് ദൈവം തരുന്ന ഓസ്‌കര്‍ എന്ന്.

പരിചയപെട്ട ആ നാള്‍ മുതല്‍ (ജൂണ്‍ 2)ഇന്നലെ വരെ മണി ചേട്ടന്‍ മെസ്ജ് അയക്കാത്ത ദിവസങ്ങള്‍ ഇല്ല, രാവിലെ ഫോണ്‍ എടുക്കുമ്പോ ആദ്യം കാണുന്നത് മേന്‍നെ,, നെ എന്നൊരു നീട്ടി വിളിയുടെ വോയിസ് മെസ്ജ് അല്ലേല്‍ ഗുഡ് മോര്‍ണിംഗ്, സുപ്രഭാതം ഇതൊക്കെ ആണു. ഇന്നലെ മണിച്ചേട്ടന്‍ നമ്മളെ ഒക്കെ വിട്ടു പോയി എന്ന് കേട്ടപ്പോള്‍ തന്നെ എന്റെ മനസ്സില്‍ തോന്നിയ ഒരു കാര്യം നാളെ മുതല്‍ എനിക്ക് മണി ചേട്ടന്റെ മെസ്ജ് ഇല്ലഎന്നായിരുന്നു.

പക്ഷെ ഇന്നും( 03/06/21)പതിവ് പോലെ എനിക്ക് ഒരു മെസ്ജ് വന്നു മണി ചേട്ടന്‍ ഈ ലോകത്ത് ഇല്ലല്ലോ എന്ന് ചിന്തിച്ച എനിക്ക് എന്റെ മണി ചേട്ടന്റെ ആത്മാവ് മകനിലൂടെ അയച്ച മെസേജ്. ചേട്ടാ, ചേട്ടന്‍ മരിച്ചിട്ടില്ല ചേട്ടാ. ഞങ്ങളുടെ ഒക്കെ മനസ്സില്‍ മണി ചേട്ടന് ഞങ്ങള്‍ മരിക്കും വരെയാണു ആയുസ്സ്. മണി ചേട്ടന് ആയിരം പ്രണാമമെന്നുമായിരുന്നു ആനന്ദ് കുറിച്ചത്.