അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്‍നിര്‍ത്തി നടന്‍ മോഹന്‍ലാലിനെ ലക്ഷ്യമിട്ട് ബിജെപി പ്രത്യക്ഷത്തില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമില്ലാത്ത ലാലിനെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉപയോഗപ്പെടുത്താനാണ് ആലോചന. തിരുവനന്തപുരമടക്കം ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന ഏതാനും മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രചരണത്തിനിറക്കാന്‍ പറ്റുമോ എന്നതാണ് പ്രധാന ആലോചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്ത് മത്സരിച്ച കെ ബി ഗണേഷ് കുമാറിനു വേണ്ടി മോഹന്‍ലാല്‍ പരസ്യമായി രംഗത്തിറങ്ങിയതിനാല്‍ ലാല്‍ ബിജെപി മുന്നണി സ്ഥാനാര്‍ത്ഥിക്കു വേണ്ടി രംഗത്തിറങ്ങിയാല്‍ ഭരണപക്ഷത്തിനു പോലും എതിര്‍ക്കാന്‍ കഴിയില്ലന്നാണ് കണക്കു കൂട്ടല്‍. ഗണേഷ് കുമാര്‍ സഹ പ്രവര്‍ത്തകന്‍ എന്നതിലുപരി സുഹൃത്തായതിനാലാണ് താന്‍ പ്രചരണത്തിന് വന്നതെന്ന് പത്തനാപുരത്ത് ലാല്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് മത്സരിക്കുന്ന ബിജെപി മുന്നണി സ്ഥാനാര്‍ത്ഥിയും ലാലിന്റെ ‘സുഹൃത്തു’ തന്നെയാണെങ്കില്‍ കാര്യങ്ങള്‍ ബിജെപിക്ക് എളുപ്പമായേക്കും. നോട്ട് അസാധുവാക്കല്‍ സംബന്ധമായി കേന്ദ്ര സര്‍ക്കാര്‍ വെല്ലുവിളി നേരിട്ട ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടിയെ പരസ്യമായി പിന്തുണച്ച് മോഹന്‍ലാല്‍ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷത്ത് നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടും ഇക്കാര്യത്തില്‍ ലാല്‍ തന്റെ നിലപാട് മാറ്റാന്‍ തയ്യാറായിരുന്നില്ല. ലാലിനെ പ്രധാനമന്ത്രിക്കൊപ്പം ഒരു പ്രചരണ യോഗത്തില്‍ ലഭിച്ചാല്‍ പോലും അത് സംസ്ഥാനത്ത് തരംഗമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതിനായി ബിജെപി അനുഭാവിയായ ലാലിന്റെ അടുത്ത സുഹൃത്തിനെ മുന്‍നിര്‍ത്തിയാണ് ചരടുവലി. ലാല്‍ താല്‍പര്യപ്പെട്ടാല്‍ രാജ്യസഭാ അംഗത്വം നല്‍കാന്‍ നടപടി സ്വീകരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇപ്പോള്‍ തന്നെ തയ്യാറാണ്. ചെറിയ ഒരു സഹകരണമാണ് നിലവില്‍ ബിജെപി നേതൃത്വം ലാലിന്റെ ഭാഗത്ത് നിന്നും ആഗ്രഹിക്കുന്നതെങ്കിലും ലാല്‍ അഭിനയത്തോട് വിട പറയുന്ന ഘട്ടത്തില്‍ അവരുടെ പ്രതീക്ഷകള്‍ വലുതാണ്. ദക്ഷിണേന്ത്യയില്‍ തമിഴകത്ത് രജനികാന്തും കേരളത്തില്‍ മോഹന്‍ലാലും സഹകരിച്ചാല്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍. കര്‍ണ്ണാടക, തെലങ്കാന സംസ്ഥാനങ്ങളിലും സൂപ്പര്‍ താരങ്ങളെ ലക്ഷ്യമിട്ട് ബിജെപി നീക്കം തുടങ്ങി കഴിഞ്ഞു. ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെങ്കിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ അട്ടിമറി വിജയവും പാര്‍ട്ടി നേതൃത്വം മുന്നില്‍ കാണുന്നുണ്ട്. രജനികാന്തിന് തമിഴകത്തും ലാലിന് കേരളത്തിലും ഉള്ള ജനപിന്തുണ അവര്‍ക്ക് മുഖ്യമന്ത്രിമാരാവാന്‍ യോഗ്യത നല്‍കുന്നതാണെന്നാണ് ബിജെപിയുടെ ഒരു പ്രമുഖ നേതാവിന്റെ കമന്റ്. തമിഴകത്ത് രജനികാന്ത് കോണ്‍ഗ്രസ്സുമായല്ല ബിജെപിയുമായി തന്നെയാണ് സഹകരിക്കുക എന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. കഴിഞ്ഞ ദിവസം മഹിള കോണ്‍ഗ്രസ്സ് നേതാവു കൂടിയായ നടി നഗ്മ രജനിയെ സന്ദര്‍ശിച്ചത് അദ്ദേഹത്തിന്റെ കോണ്‍ഗ്രസ്സ് സഹകരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു.
Leave a Reply