ബന്ധു വിഷം നൽകി അപായപ്പെടുത്താൻ ശ്രമിച്ചതിനെ കുറിച്ച് നടൻ പൊന്നമ്പലം. ഭക്ഷണത്തിലും മറ്റും സ്ലോ പൊയിസൺ നൽകി അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് നടൻ പറയുന്നത്. ഈ അടുത്തിടെയാണ് പൊന്നമ്പലം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രീയക്ക് വിധേയനായത്. മദ്യപിച്ച് വൃക്ക തകരാറിലാ‍യതല്ലെന്നും വിഷം ബാധിച്ചതാണെന്നും നടൻ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘മദ്യപിച്ച് തന്റെ വൃക്ക തകരാറിലായതാണെന്നാണ് പലരും വിചാരിച്ചത്. എന്നാൽ അങ്ങനെയല്ല. എന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. അതിൽ മൂന്നാമത്തെ ഭാര്യയുടെ മകൻ മനേജറായി എന്നോടൊപ്പം ഉണ്ടായിരുന്നു. ഒരു ദിവസം ബിയറിൽ എന്തോ വിഷം കലർത്തി നൽകി. ഇയാളാണ് ഇതിന് പിന്നിലെന്ന് ആദ്യം അറിയില്ലായിരുന്നു. പിന്നീട് ഇതെ സ്ലോ പൊയിസൺ രസത്തിൽ കലർത്തി തന്നു. ഇത് എന്റെ ആരോഗ്യത്തെ ബാധിച്ചു.

എന്നാൽ ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു. ഒപ്പം ജോലി ചെയ്തവരോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് അറിയുന്നത്. ഞാൻ നന്നായി ജീവിക്കുന്നുവെന്നതിന്റെ അസൂയ കൊണ്ട് കൂടിയാണ് ഇതെല്ലാം ചെയ്തത്. ഞാൻ ചെറുപ്പം മുതൽ പണം സമ്പാദിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല’ പൊന്നമ്പലം പറഞ്ഞു.

അടുത്തിടെ വൃക്കകളുടെ പ്രവർത്തനം നിലച്ച് പൊന്നമ്പലത്തെ അത്യാഹിത നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.മരണത്തിൽ നിന്നും ബന്ധുവും സംവിധായകനുമായ ജഗന്നാനാഥൻ വൃക്ക ദാനം ചെയ്തതോടെയാണ് ഇദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഫെബ്രുവരി പത്തിനായിരുന്നു പൊന്നമ്പലത്തിൻറെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ഇപ്പോൾ ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലായ ഇദ്ദേഹം സുഖപ്പെട്ട് വരുകയാണ്.