ആരോഗ്യപരമായ വിഷമതകളെ തുടർന്ന് സൂപ്പർതാരം രജനികാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന തീരുമാനം ഉപേക്ഷിച്ചു. ഉടനെ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നും രാഷ്ട്രീയത്തിലേക്ക് രജനി അരങ്ങേറുമെന്നും പ്രതീക്ഷിച്ചവർക്ക് വലിയ തിരിച്ചടിയായാണ് രജനികാന്തിന്റെ പിന്മാറം.
അപ്രതീക്ഷിത പിന്മാറ്റത്തിന് പിന്നാലെ രജനി ആരാധകരോട് മാപ്പും ചോദിച്ചു. നേരത്തെ ആരാധകരുടെ കൂട്ടായ്മയുടെ യോഗത്തിൽ രജനി ഉടൻ രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇതോടെ, ഈ മാസം അവസാനം പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു സൂചന. പക്ഷെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് താരം തീരുമാനത്തിൽ നിന്ന് പിൻമാറിയത്. തന്റെ ട്വിറ്ററിൽ തമിഴിൽ എഴുതിയ കത്തിൽ രജനി ആരാധകരോട് മാപ്പ് പറഞ്ഞു.
”അതീവ നിരാശയോടെയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം ഞാൻ അറിയിക്കുന്നത്. ഈ തീരുമാനം നിങ്ങളോട് പറയാൻ ഞാൻ അനുഭവിച്ച വേദന എനിക്ക് മാത്രമേ അറിയു. ഇത് എന്റെ ആരാധകരെ നിരാശപ്പെടുത്തുമെന്ന് അറിയാം. പക്ഷെ ദയവ് ചെയ്ത് നിങ്ങൾ എനിക്ക് മാപ്പ് തരൂ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിലും ഞാൻ ജനസേവനത്തിൽ നിന്ന് പിൻമാറില്ല.”- രജനി ട്വിറ്ററിൽ കുറിച്ചതിങ്ങനെ.
അണ്ണാത്തെ ചിത്രത്തിന്റെ ഷൂട്ടിങിനിടെ കടുത്ത രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞദിവസമാണ് രജനി ആശുപത്രി വിട്ടത്. ഇതിന് പിന്നാലെയാണ് രാഷ്ട്രീയത്തിൽ നിന്നും പിന്മാറുന്നത്.
ജനങ്ങളെ സേവിക്കുന്ന പാർട്ടി എന്നർത്ഥം വരുന്ന മക്കൾ സേവൈ കച്ചി എന്ന പേരിലാണ് രജനീകാന്ത് പാർട്ടി രൂപീകരിക്കുകയെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. അനൈത് ഇന്ത്യ ശക്തി കഴകം എന്ന പേരിലാണ് ആദ്യം പാർട്ടി രജിസ്റ്റർ ചെയ്തതെങ്കിലും മക്കൾ സേവൈ കച്ചി എന്ന പേരിൽ പൊതുരംഗത്ത് സജീവമാകാനാണ് താരം നീക്കം നടത്തിയിരുന്നത്.
ഡിസംബർ മാസം 31ന് തന്നെ രാഷ്ട്രീയപാർട്ടി സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് രജനീകാന്ത് അറിയിച്ചിരുന്നു. 2021 മുതൽ പാർട്ടിപ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ക്രിസ്മസ് ദിനത്തിലായിരുന്നു രക്ത സമ്മർദ്ദത്തിലെ വ്യതിയാനം മൂലം രജനികാന്തിനെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Leave a Reply