തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ഥിയായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ സുരേഷ്‌ഗോപി. ഇക്കാര്യം ബിജെപിയുടെ കേന്ദ്രസംസ്ഥാന നേതാക്കളെ സുരേഷ്‌ഗോപി അറിയിച്ചു. സുരേഷ്‌ഗോപിയെ തിരുവനന്തപുരത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിപ്പിക്കാന്‍ നീക്കം നടത്തിയ ബിജെപിക്ക് നടന്റെ തീരുമാനം കനത്ത തിരിച്ചടിയായി. അനുനയ ശ്രമങ്ങളുമായി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേന്ദ്രനേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. സുരേഷ്‌ഗോപിയുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ദേശീയ ചലചിത്ര വികസന കോര്‍പ്പറേഷന്‍ (എന്‍എഫ്ഡിസി) ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് നടന്റെ പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
സുരേഷ്‌ഗോപിയെ എന്‍എഫ്ഡിസി ചെയര്‍മാനായി നിയമിക്കുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സുരേഷ്‌ഗോപിയും മാധ്യമങ്ങളോട് ഇക്കാര്യം ശരിവച്ചിരുന്നു. കഴിഞ്ഞവര്‍ഷം മെയില്‍ ഡല്‍ഹിയിലെത്തി അരുണ്‍ ജെയ്റ്റ്‌ലിയെയും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രിയെയും കണ്ടത് പ്രചരണങ്ങള്‍ക്ക് ആക്കംകൂട്ടി. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രത്തിന്റെ തീരുമാനമുണ്ടായില്ല. ഇതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നറിയുന്നു. എന്നാല്‍, വാര്‍ത്തയോട് പ്രതികരിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായില്ല. സുരേഷ്‌ഗോപി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വര്‍ഷങ്ങളായി പ്രചരണമുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്നായിരുന്നു ആദ്യപ്രചരണം. പിന്നീട് താരം ബിജെപിയുമായി അടുത്തു. തിരുവനന്തപുരം മണ്ഡലത്തില്‍ തരൂരിനെതിരെ മത്സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും സ്ഥാനാര്‍ഥിമോഹം ഉപേക്ഷിക്കേണ്ടിവന്നു. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കായി സുരേഷ്‌ഗോപി പ്രചരണത്തിനിറങ്ങിയിരുന്നു.
നേരത്തെ കൊല്ലം ലോകസഭാ സീറ്റുകിട്ടുമെന്ന പ്രതീക്ഷയില്‍ സുരേഷ്‌ഗോപി കുറേക്കാലം കോണ്‍ഗ്രസ് അനുകൂല നിലപാടുമായി മുന്നോട്ടു പോയിരുന്നു. പിന്നീട് സീറ്റു കിട്ടാതെ വന്നപ്പോള്‍ ആണ് ഡല്‍ഹിയില്‍ പോയി മോഡിയെ കണ്ടതും താന്‍ മോഡിയുടെ അടിമയാണെന്ന പ്രസ്താവന നടത്തിയതും.