റ്റിജി തോമസ്

കേരളത്തിൽ എല്ലാ പാർട്ടികളും നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കടന്നുകഴിഞ്ഞു. ഈ അവസരത്തിൽ അമേരിക്കൻ പ്രസിഡൻറ് ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ചുക്കാൻ പിടിച്ച ഈ സൂപ്പർ താരം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ അവതരിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. ഇത് മറ്റാരുമല്ല , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ശക്തി പകർന്ന ചാറ്റ് റോബോർട്ടാണ്. ഇത്തരം സാങ്കേതികവിദ്യകൾ വരും കാലത്ത് പാർട്ടികളും സ്ഥാനാർഥികളും വ്യാപകമായി ഉപയോഗിക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്.

അതായത് സ്ഥാനാർത്ഥിക്ക് പകരം വോട്ടർമാരോട് സമൂഹമാധ്യമങ്ങളിലൂടെ സംവേദിക്കുന്നത് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള ഈ റോബോർട്ടുകളായിരിക്കും. സ്ഥാനാർഥിയുടെയും മുന്നണിയുടെയും പൊതു നിലപാടുകൾക്കും പ്രകടനപത്രികൾക്കും അനുസൃതമായിട്ടായിരിക്കും ഈ റോബോട്ടുകൾ സമ്മതിദായകരുമായി ആശയവിനിമയം നടത്തുന്നത്. സ്ഥാനാർഥി നേരിട്ട് തങ്ങളോട് വോട്ട് അഭ്യർത്ഥിക്കുന്നതായും തങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുന്നതായിട്ടായിരിക്കും സമ്മതിദായകർക്ക് തോന്നുക.

ഇവിടെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ഥാനാർത്ഥിയുടെ ശൈലിയ്ക്കും മുന്നണിയുടെ പൊതു മിനിമം പരിപാടിക്കും ഒക്കെ അനുസൃതമായിട്ടായിരിക്കും റോബോർട്ടുകൾ പെരുമാറുക. സമ്മതിദായകർ ഏത് മുന്നണിയുടെ അനുഭാവി ആണെന്നോ അതോ സ്വതന്ത്ര നിലപാടുള്ള ആളോണോ എന്നൊക്കെ മനസ്സിലാക്കി ഉചിതമായ രീതിയിൽ സംഭാഷണത്തിൽ ഏർപ്പെടാൻ ഈ റോബോർട്ടുകൾക്ക് കഴിയും. മാത്രമല്ല ഇതിൽ നിന്നും ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് വരുംകാല തന്ത്രങ്ങൾ മെനയാൻ ഈ സാങ്കേതികവിദ്യ മുന്നണിയേയും സ്ഥാനാർത്ഥിയേയും സഹായിക്കുകയും ചെയ്യും.