നടൻ ഉണ്ണി രാജയ്ക്ക് കഴിഞ്ഞ ദിവസമാണ് കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ജോലി ലഭിച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി രംഗത്ത് വന്നത്. എന്തു ജോലിയും ചെയ്യാനുള്ള മനസിനെയാണ് ആരാധകർ അഭിനന്ദിച്ചത്. അതേസമയം, നെറ്റിചുളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഇതിനെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ഉണ്ണി രാജ. നാലാളറിഞ്ഞുവെന്ന് കരുതി ദൈവം വച്ചുനീട്ടിയ തൊഴിൽ സ്വീകരിക്കാതിരിക്കേണ്ട കാര്യമില്ലല്ലോ എന്നാണ് ഉണ്ണി രാജയുടെ നിലപാട്.
ഉണ്ണി രാജയുടെ വാക്കുകൾ;
‘ഏറെകാലമായുള്ള ആഗ്രഹമാണ് ഒരു ഗവൺമെന്റ് ജോലി എന്നുള്ളത്. എന്ത് ജോലി കിട്ടിയാലും ഇരുകയ്യും നീട്ടി സ്വീകരിക്കാൻ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ സ്വഭാവത്തിന് ഇന്നും മാറ്റമില്ല. കലാരംഗത്തെ പ്രവർത്തനം വഴി നാലാളറിഞ്ഞു എന്നുകരുതി ദൈവം വച്ചുനീട്ടിയ തൊഴിൽ സ്വീകരിക്കാതിരിക്കേണ്ട കാര്യമില്ലല്ലോ. ‘നിങ്ങൾ ഒരു സെലിബ്രിറ്റി അല്ലെ നിങ്ങൾക്ക് ഇത് ചെയ്യേണ്ട ആവശ്യമുണ്ടോ?’ എന്ന ഇന്റർവ്യൂ ബോർഡ് അംഗങ്ങളുടെ ചോദ്യത്തിന് ഞാൻ അല്ലെങ്കിൽ വേറെ ആരെങ്കിലും ഇത് ചെയ്യില്ലേ സാറേ, അവരിൽ നിന്ന് എനിക്കെന്താ വ്യത്യാസം.
”ഒരു ഗവണ്മെന്റ് ജോലി കിട്ടിയെങ്കിൽ എന്ന് ഒരുപാടു പ്രാവശ്യം ആഗ്രഹിച്ചിട്ടുണ്ട്. കുടുംബം പുലർത്താൻ കൂലിപ്പണികൾ ഒരുപാടു ചെയ്തിട്ടുണ്ട്. കലയിൽ താല്പര്യവും ഭാഗ്യവുമുള്ളതുകൊണ്ട് ഇന്ന് അല്ലലില്ലാതെ ജീവിച്ചുപോകാനുള്ള വക കല എനിക്ക് തരുന്നുണ്ട്. പക്ഷേ അതിനൊപ്പം തന്നെ ജോലി എന്ന സ്വപ്നം ഉപേക്ഷിച്ചിരുന്നില്ല. പിഎസ്സി എഴുതി കിട്ടാത്തതുകാരണം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഇടയ്ക്കിടെ പോയി റജിസ്ട്രേഷൻ പുതുക്കിയിടുമായിരുന്നു. അങ്ങനെയിരിക്കെയാണ് കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ‘സ്കാവഞ്ചർ’ എന്ന എന്ന പോസ്റ്റിലേക്ക് ജോലിക്കുള്ള ഉത്തരവ് റജിസ്ട്രേഡായി ലഭിച്ചത്. പിന്നെ ഒന്നും നോക്കിയില്ല സർട്ടിഫിക്കറ്റുകളുമെടുത്ത് നേരെ ഇന്റർവ്യൂവിനു ഹാജരായി.
എന്നെക്കണ്ടു ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നവർ ഒന്ന് പകച്ചു. ഇതെന്താ മറിമായമോ എന്നാണു അവർ ചോദിച്ചത്. മാറിമയവും ഓപ്പറേഷൻ ജാവ, തൊണ്ടിമുതലും ദൃക്സാക്ഷികളും എല്ലാം കണ്ടവരായിരുന്നു അവർ. ഈ ജോലിക്ക് വേണ്ടി സന്നദ്ധതയോടെ ചെന്ന എന്നെക്കണ്ടു അവർ ഞെട്ടി. ഈ ജോലിയെക്കുറിച്ച് അറിഞ്ഞുതന്നെയാണോ അപേക്ഷിച്ചത്?” എന്നാണ് അവർ ചോദിച്ചത് ഞാൻ പറഞ്ഞു അതെ. ബ്രിട്ടീഷ്കാരുടെ കാലത്തേയുള്ള ‘സ്കാവഞ്ചർ’ എന്ന പോസ്റ്റാണിത്. പേര് അതുതന്നെ ആണെങ്കിലും ജോലി ശൗചാലയം വൃത്തിയാക്കലാണ്. നിങ്ങൾക്ക് ഈ ജോലിക്ക് ചേരേണ്ട ആവശ്യമുണ്ടോ എന്നവർ ചോദിച്ചു. ഞാൻ പറഞ്ഞു അതിനെന്താ ഏത് ജോലിക്കും അതിന്റേതായ മഹത്വമുണ്ട്.
ഗാന്ധിജിപോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. ഞാൻ ചെയ്തില്ലെങ്കിൽ മറ്റൊരാൾ ഇത് ചെയ്യും. അയാളിൽ നിന്ന് എന്ത് വ്യത്യാസമാണ് എനിക്കുള്ളത്. ദൈവത്തെയും എന്റെ മാതാപിതാക്കളെയും മനസ്സിൽ ധ്യാനിച്ച് ഞാൻ എനിക്ക് ആദ്യമായി കിട്ടിയ ജോലിക്ക് ചേർന്നു. അവിടെ നിന്ന് ഇറങ്ങിയപ്പോൾ പുറത്തുനിൽക്കുന്ന എല്ലാവരും എന്നോടൊപ്പമുള്ള സെൽഫിയെടുത്തു. ഈ ജോലി കിട്ടിയിട്ട് ചേരാൻ മടിച്ചു നിൽക്കുന്ന മറ്റുള്ളവർക്കും എന്റെ പ്രവർത്തി ഒരു മാതൃക ആകുന്നെങ്കിൽ ആകട്ടെ. എന്നെ മറ്റുള്ളവർ അറിയുന്ന നിലയിലാക്കിയത് മറിമായം എന്ന സീരിയലിലെ അഭിനയമാണ്. ഞാൻ ജോലിക്ക് കയറി എന്നുകരുതി കല ഉപേക്ഷിക്കില്ല. അഭിനയവും ജോലിയും ഒരുമിച്ച് കൊണ്ടുപോകണം എന്നാണു ആഗ്രഹം. എനിക്ക് ജോലി കിട്ടിയതിൽ അമ്മയ്ക്കും കുടുംബത്തിനും വളരെയധികം സന്തോഷമായി.”
Leave a Reply