ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് കത്തിയ സംഭവത്തിൽ പ്രതികരണവുമായി നടിയും നിർമ്മാതാവുമായി സാന്ദ്രാ തോമസ്. സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ടവർ ഇടപെട്ടത് വളരെ മോശമായിട്ടാണെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. കൊച്ചിയിൽ നിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ടാണ് അവിടെ നിന്നും മാറിയിരിക്കുന്നത്. മാരകമായ സാഹചര്യമാണ് കൊച്ചിയിലുള്ളതെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സാന്ദ്രയുടെ വാക്കുകൾ ഇങ്ങനെ: ‘ബ്രഹ്‌മപുരം കത്തി എന്ന് അറിഞ്ഞ് അവിടെ നിന്ന് പോന്നെങ്കിലും കുട്ടികൾ ഇപ്പോഴും അത് അനുഭവിക്കുകയാണ്. ചുമയും തലവേദനയും മൂക്കൊലിപ്പും അങ്ങനെ അതിന്റേതായ എല്ലാ പ്രത്യാഘാതങ്ങളും ഞാനും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയും കൊച്ചിയിൽ നിൽക്കാൻ സാധിക്കാത്ത സാഹചര്യമായത് കൊണ്ടാണ് അവിടെ നിന്നും മാറിയത്. എന്നാൽ എവിടെയും പോകാനാകാത്ത ഒരുപാട് കുടുംബങ്ങളുണ്ട്, അമ്മമാരുണ്ട്.

കുട്ടികളാണ് ഇതിന്റെ ദൂഷ്യ ഫലങ്ങൾ വളരെ അധികം അനുഭവിക്കുന്നത്. അതിനൊപ്പം പരീക്ഷയും. പരീക്ഷ എങ്ങനെ കുട്ടികൾ എഴുതും എന്നാണ് സർക്കാർ വിചാരിക്കുന്നത്. മന്ത്രിമാരെന്നല്ല, രാഷ്ട്രീയ പ്രവർത്തകരെന്നല്ല, സിനിമ താരങ്ങൾ എല്ലാം വളരെ മോശമായിട്ടാണ് ഇതിൽ ഇടപെട്ടിരിക്കുന്നത്. കൊച്ചിയിൽ അസ്വഭാവിക സാഹചര്യം ഇല്ല എന്നാണ് എല്ലാവരും പറഞ്ഞു കൊണ്ടിരുന്നത്. മേയറും ഉദ്യോഗസ്ഥരും അടക്കമുള്ള ഉത്തരവാദിപ്പെട്ടവരുടേതെല്ലാം ഒരു പ്രതിരോധ പറച്ചിലുകളായിരുന്നു.

അവിടെ ജീവിക്കുന്ന ആളുകൾക്ക് അറിയാം എന്താണ് സംഭവിക്കുന്നതെന്ന്. ഇത്രയും മാരകമായ ഒരു സാഹചര്യം എങ്ങനെ മറികടക്കുമെന്നാണ് ഉദ്യോഗസ്ഥർ എല്ലാം പറയുന്നത്. കൊച്ചിയിലേക്ക് വരാൻ എനിക്ക് പേടിയാണ്. ബ്രഹ്‌മപുരം കത്തി മൂന്നാമത്തെ ദിവസമാണ് നിയമസഭ നടക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്തെങ്കിലും പറയും എന്ന് ഞാൻ പ്രതീക്ഷിച്ചു. ഒരക്ഷരം മിണ്ടിയില്ല എന്നതാണ് വേദനാജനകമായ ഒരു കാര്യം’ സാന്ദ്ര തോമസ് പറഞ്ഞു.

പ്രതികരണവുമായി നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഫേസ്ബുക്കിലൂടെ ആണ് തീപിടിത്തത്തെ ന്യായീകരിക്കുന്നവർക്കെതിരെ പിഷാരടി രംഗത്തെത്തിയത്. പൊളിറ്റക്കൽ കറകട്നസ് അഥവാ ‘പൊ ക’ എന്ന പേരിൽ തന്റെ ഫേസ്ബുക്ക് പേജിൽ ഇട്ട പോസ്റ്റിലാണ് പിഷാരടി വിമർശനം ഉന്നയിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തീപിടിത്തത്തിൽ കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞു തടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സിനോട് അനുതാപമാണെന്ന് രമേഷ് പിഷാരടി കുറിച്ചു. ബ്രഹ്‌മപുരത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും അഗ്‌നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും ആദരവുണ്ടെന്നും പിഷാരടി പറഞ്ഞു.

പിഷാരടിയുടെ കുറിപ്പ് ഇങ്ങനെ

‘പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സ് അഥവാ ‘പൊക’ബ്രഹ്‌മപുരത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്. അഗ്‌നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും എനിക്ക് ആദരവുണ്ട്. എന്നാൽ അനുതാപമുള്ളത് കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സിനോടാണ്’, എന്നാണ് പിഷാരടി കുറിച്ചത്.

അതേസമയം ബ്രഹ്മപുരത്തെ പുകയില്‍ അതിജാഗ്രത വേണമെന്നും സുരക്ഷിതരായിരിക്കണമെന്നും ആവശ്യപ്പെട്ട് നടന്മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട് തുടങ്ങിയ താരങ്ങൾ. മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങളുടെ വിവരങ്ങൾ അടങ്ങിയ ചിത്രം പങ്കുവച്ചായിരുന്നു പ്രതികരണം. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇവർ ഓര്‍മപ്പെടുത്തി.

ബ്രഹ്മപുരം വിഷയത്തില്‍ ചലച്ചിത്രതാരങ്ങളാരും പ്രതികരിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം നിര്‍മാതാവ് ഷിബു ജി. സുശീലന്‍ രംഗത്തെത്തിയിരുന്നു. വിജയ് ബാബു, മിഥുൻ മാനുവൽ തോമസ്, സജിത മഠത്തിൽ, ബാദുഷ, ഹരീഷ് പേരടി തുടങ്ങിയവർ ഈ വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ച് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു.