യുവ നടിയുടെ ആത്മഹത്യശ്രമത്തിന് പിന്നിൽ ദിലീപിനെതിരെ ഉയർന്ന പുതിയ വെളിപ്പെടുത്തലിന് ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്. മനോരമ ഓൺലൈനാണ് ക്രൈംബ്രാഞ്ചിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദിലീപ് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി കേസിലെ സാക്ഷി കൂടിയായ യുവനടിയുടെ ആത്മഹത്യ ശ്രമത്തിന് ബന്ധമില്ലെന്നും പ്രസവാനന്തരമുള്ള മാനസിക സമ്മർദമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണ് സൂചനയെന്നും റിപ്പോർട്ട് .

നടി ആക്രമണ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരുന്നു. വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പിന്നാലെയാണ് കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. നേരത്തെ കേസിലെ വെളിപ്പെടുത്തലാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ക്രൈംബ്രാഞ്ച് വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തിയേക്കും.

നടിയെ ആക്രമിച്ച കേസിലെ കൂറു മാറ്റത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പൊലീസ്.കേസിലെ വിസ്താര സമയത്ത് കൂറുമാറിയവരുടെ സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കും. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറു മാറി പ്രതിഭാഗം ചേർന്നത്. ഇതിൽ നടൻ സിദ്ദിഖ്, ഇടവേള ബാബു, നടി ഭാമ, ബിന്ദു പണിക്കർ കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സാഗർ എന്നിവരും ഉൾപ്പെടുന്നുണ്ട്. കേസിൽ തുടരെ വന്നു കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നത്. എന്നാൽ കോടതിയിൽ ഇവർ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമാ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സൽ ക്യാമ്പിനിടെ നടിയും ദിലീപും തമ്മിലുണ്ടായ തർക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ്, ഭാമ, ഇടവേള ബാബു, ബിന്ദു പണിക്കർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തത്.കേസിൽ സുപ്രധാന സാക്ഷിയായി കണക്കാക്കിയിരുന്ന സാഗറിന്റെ മാെഴി മാറ്റവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ റിപ്പോർട്ടർ ടിവിക്ക് ലഭിച്ചിട്ടുണ്ട്. കാവ്യ മാധവന്റെ ഡ്രൈവർ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാൻ ഹോട്ടലിൽ വെച്ച് കേസിലെ സാക്ഷിയായ സാഗറിന് പണം കൈമാറിയത് ഹോട്ടലിൽ മുറിയെടുത്ത്. സുധീറിന്റെ പേരിലെന്ന് തെളിയിക്കുന്ന ഹോട്ടൽ രജിസ്റ്ററിന്റെ പകർപ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരൻ അനൂപിന്റെ ശബ്ദരേഖയും റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു.

കേസിലെ സുപ്രധാന സാക്ഷിയായിരുന്നു സാഗർ. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പൾസർ സുനി ലക്ഷ്യയിലെത്തി ഒരു കവർ കൊടുക്കുന്നത് താൻ കണ്ടിരുന്നതായാണ് സാഗർ നേരത്തെ നൽകിയിരുന്ന മൊഴി. എന്നാൽ ഇയാൾ പിന്നീട് അത് മാറ്റുകയായിരുന്നു. മൊഴി മാറ്റാൽ സാഗറിനുനേൽ സ്വാധീനം ചെലുത്തിയിരുന്നുവെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉൾപ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. ഇത് ശരിവെയ്ക്കുന്ന സംഭാഷണവും കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവി പുറത്തു വിട്ടിരുന്നു.