കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എന്തിനാണെന്ന് ദിലീപിനോട് ഹൈക്കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെയാണ് കോടതി ദിലീപിനോട് ഇങ്ങനെ ചോദിച്ചത്. ദൃശ്യങ്ങള്‍ മുമ്പ് കണ്ടതല്ലേയെന്നും കോടതി ചോദിച്ചു. അതേസമയം ശരിയായ വിചാരണയ്ക്ക് ദൃശ്യങ്ങള്‍ ആവശ്യമാണെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്.

ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നതായി സംശയമുണ്ട്. പോലീസ് ഇക്കാര്യം മറച്ചു പിടിക്കാന്‍ ശ്രമിക്കുകയാണ്. അക്രമിക്കപ്പെട്ട നടിയുടേത് തന്നെയാണോ വീഡിയോയിലെ സ്ത്രീശബ്ദമെന്ന് സ്ഥിരീകരിക്കണം. നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായി സംശയമുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

പുരുഷന്‍മാരുടെയും സ്ത്രീശബ്ദത്തിന്റെയും തീവ്രതയില്‍ വ്യത്യാസമുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. നടിയെ ആക്രമിക്കുന്നതിനിടെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി പകര്‍ത്തിയ വീഡിയോയാണ് ഇത്. തെളിവായി ഹാജരാക്കിയ ഈ ദൃശ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.