വിചാരണ നടപടികൾ പുനരാരംഭിച്ചു, ദിലീപ് അടക്കമുള്ളവർ ചൊവ്വാഴ്ച ഹാജരാകണം; പ്രതികളുടെ ജാമ്യം റദ്ദാക്കി

വിചാരണ നടപടികൾ പുനരാരംഭിച്ചു, ദിലീപ് അടക്കമുള്ളവർ ചൊവ്വാഴ്ച ഹാജരാകണം; പ്രതികളുടെ ജാമ്യം റദ്ദാക്കി
November 30 08:41 2019 Print This Article

നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ പുനരാരംഭിച്ചു. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. വിചാരണക്കായി ഹൈക്കോടതി നിയോഗിച്ച കൊച്ചി സിബിഐ കോടതിയിലാണ് നടപടികൾ. അതേസമയം ഇന്ന് കോടതിയിൽ ഹാജരാകാതിരുന്ന ഒൻപതാം പ്രതി സനൽ കുമാറിന്റെ ജാമ്യം റദ്ദാക്കി.

ജാമ്യക്കാർക്ക് നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു. കേസിൽ ആകെയുള്ള പത്തു പ്രതികളിൽ എട്ടുപേർ ഇന്ന് ഹാജരായി. സിനിമയുടെ പ്രചാരണത്തിനായി കോടതിയുടെ അനുമതിയോടെ വിദേശത്ത് പോയ ദിലീപ് അടക്കമുള്ളവർ ചൊവ്വാഴ്ച ഹാജരാകേണ്ടി വരും.

അതേസമയം, നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പ്രതി ദിലീപിന് നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ദൃശ്യങ്ങൾ പരിശോധിക്കാനും കേന്ദ്ര ഫോറന്‍സിക് ലാബ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ വിദഗ്ധാഭിപ്രായം തേടാനും ദിലീപിന് അനുമതി നല്‍കി. ദൃശ്യങ്ങൾ പരിശോധിക്കുന്നതിനുള്ള വ്യവസ്ഥകളും കോടതി പുറപ്പെടുവിച്ചു. ദൃശ്യങ്ങൾ നൽകുന്ന കാര്യത്തിൽ തീർപ്പായതോടെ കേസില്‍ നിര്‍ത്തിവച്ചിരുന്ന വിചാരണ നാളെ തുടങ്ങും.

നടിയെ ആക്രമിച്ച കേസിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിന് സുപ്രീംകോടതി തീർപ്പ് കൽപ്പിച്ചു. ദൃശ്യങ്ങളുടെ പകർപ്പ് പ്രതി ദിലീപിന് നൽകേണ്ടതില്ല. ദൃശ്യങ്ങൾ പരിശോധിക്കാൻ മാത്രം അവസരം. നീതിയുക്തമായ വിചാരണ പ്രതിക്ക് ഉറപ്പാക്കാൻ വേണ്ടിയാണ് ഇതെന്ന് വിധിയിൽ പറയുന്നു. ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനുള്ള ഉപാധികളും പുറപ്പെടുവിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച് സംസ്ഥാന ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എങ്കിലും കേന്ദ്ര ഫോറൻസിക് ലാബ് ഉൾപ്പെടെയുള്ള സ്വതന്ത്ര ഏജൻസികളില്‍ നിന്നുകൂടി ദിലീപിന് അഭിപ്രായം തേടാം എന്നും വിധിയിൽ ഉണ്ട്.

ഇതിന് വേണ്ടി അംഗീകൃത ഫോറന്‍സിക് ഏജന്‍സിക്ക് കൈമാറുന്ന ദൃശ്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. ദൃശ്യങ്ങളോ, അതിന്മേലുള്ള റിപ്പോര്‍ട്ടോ ഒരുകാരണവശാലും പുറത്തേക്ക് പോകാന്‍ പാടില്ല. ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട് വിചാരണ സമയത്ത് പ്രോസിക്യൂഷനെതിരായ തെളിവായി ദിലീപിന് ഉപയോഗിക്കാമെന്നും വിധിയിലുണ്ട്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രേഖയാണ്. ക്രിമിനല്‍ നടപടിച്ചട്ടം 207 പ്രാകാരം ഇതിന്‍റെ പകര്‍പ്പിന് പ്രതിയെന്ന നിലയില്‍ ദിലീപിന് അവകാശവുമുണ്ട്. എങ്കിലും ഇരയുടെ സ്വകാര്യത മാനിച്ച് ഈ അവകാശം അനുവദിക്കാന്‍ കഴിയില്ലെന്നും വിധിയില്‍ വ്യക്തമാക്കുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles