നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാർ (പൾസർ സുനി) ദിലീപിന്റെ 10 സിനിമകളുടെ സെറ്റിൽ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇവയിൽ ചില ചിത്രങ്ങളിൽ കാവ്യ മാധവനും അഭിനയിച്ചിരുന്നു. പൾസർ സുനിയെ അറിയില്ലെന്നാണ് ദിലീപും കാവ്യ മാധവനും മൊഴി നൽകിയത്. ഇതിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് 2013 മാർച്ച് മുതൽ 2016 നവംബർ വരെ ദിലീപ് അഭിനയിച്ച സിനിമകളുടെ സെറ്റിൽ പൾസർ സുനി എത്തിയിരുന്നോയെന്ന് പൊലീസ് അന്വേഷിച്ചത്.
ഈ കാലഘട്ടത്തിനിടയിൽ 17 സിനിമകളിലാണ് ദിലീപ് അഭിനയിച്ചത്. ഇതിൽ 10 സിനിമകളുടെ സെറ്റിൽ ഡ്രൈവറായോ സഹായിയായോ പ്രൊഡക്ഷൻ അസിസ്റ്റന്റായോ പൾസർ സുനി എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ചില സെറ്റുകളിൽ ദിലീപിനെ കാണുന്നതിനുവേണ്ടിയാണ് എത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സിനിമകളിൽ പ്രവർത്തിച്ച ചിലരുടെ മൊഴികളിൽനിന്നാണ് സുനിൽ കുമാർ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചത്.
അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യും. നടിയെ ആക്രമിച്ചതിനു ശേഷമുളള ചില കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യുക. ആലുവ പൊലീസ് ക്ലബിലായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക.
Leave a Reply