കൊച്ചി: കേരള സമൂഹത്തെ ഒന്നാകെ ഞെട്ടിച്ച നടി ആക്രമണ കേസിന്റെ വിചാരണ നടപടികള്‍ നാളെ ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരിക്കും വിചാരണ ആരംഭിക്കുക. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പ്രതികളും വിചാരണ ആരംഭിക്കുന്ന ദിവസം ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണ ദിവസം ഹാജരാകാന്‍ നിര്‍ദേശിച്ചുകൊണ്ട് എല്ലാ പ്രതികള്‍ക്കും കോടതി സമന്‍സ് കൈമാറി. പ്രാരംഭ വിചാരണ നടപടിക്രമങ്ങളായിരിക്കും നാളെ നടക്കുക. പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുക തുടങ്ങിയ നടപടികള്‍ ആദ്യഘട്ടത്തില്‍ നടക്കും.
കേസിന്റെ വിചാരണ നടപടികള്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. വിചാരണ നടപടിക്രമങ്ങള്‍ നീട്ടിവെക്കാന്‍ കഴിയില്ലെന്ന് ദിലീപിന്റെ അഭിഭാഷകരെ കോടതി അറിയിച്ചു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍ കുമാര്‍ ഉള്‍പ്പെടെ ആറു പ്രതികള്‍ ഇപ്പോഴും റിമാന്റില്‍ തുടരുകയാണ്. എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള ഏഴുപേര്‍ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
പ്രധാന പ്രതിയായ പള്‍സര്‍ സുനി ദിലീപിനെതിരെ പരസ്യ പ്രസ്താവനകള്‍ ഉന്നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇയാളുമായി ഇപ്പോള്‍ നേരിട്ട് കൂടിക്കാഴ്ച നടത്തേണ്ടെതില്ലെന്നാണ് ദിലീപിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങനെയാകുമ്പോള്‍ നാളെ ആരംഭിക്കുന്ന വിചാരണ വേളയില്‍ ദിലീപ് കോടതിയില്‍ ഹാജരാകാന്‍ സാധ്യതയില്ല. അഭിഭാഷകന്‍ മുഖേന അവധി അപേക്ഷ നല്‍കാനുള്ള ശ്രമത്തിലാണ് ദിലീപെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പോലീസ് ഹാജരാക്കിയിരിക്കുന്ന തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇപ്പോഴും കോടതിയുടെ പരിഗണയിലാണ്.
Leave a Reply