മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് നടി കനിഹ. വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ താരം വിവാഹ ശേഷവും സിനിമയില്‍ സജീവമാണ്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗം. സിനിമയില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും കനിഹയ്ക്ക് വലിയ വേദന സമ്മാനിച്ച നാളുകളുണ്ടായിരുന്നു. അടുത്തിടെ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അവര്‍ അക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
അഞ്ച് മാസം ഗര്‍ഭിണി ആയിരിക്കവെ അബോര്‍ഷനായി. കുഞ്ഞിനെ നഷ്ടമായ വേദനയില്‍ നിന്നും മുക്തയാവാന്‍ കുറച്ചു സമയമെടുത്തു. ഈ കാലത്ത് മാനസികവും ശാരീരികവുമായ വേദനകളിലൂടെയാണ് താന്‍ കടന്നുപോയെത്. ഇതിനിടയിലാണ് താനും ശ്യാമും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതൊക്കെ നുണയല്ലേയെന്നും കാര്യങ്ങളെക്കുറിച്ച് നമുക്ക് കൃത്യമായി അറിയാമല്ലോയെന്നും പറഞ്ഞ് അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു. അതുപോലെ അടുത്ത പ്രാവശ്യവും കുട്ടിയെ ജീവനോടെ കിട്ടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു.
അവന്‍ ഞങ്ങളുടെ അത്ഭുത ബാലനാണ്. മരിക്കും എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും മരണത്തെ തോല്‍പ്പിച്ച് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയ പോരാളി. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു പ്രസവം. ജനിച്ചപ്പോഴേ ഹൃദയത്തിന് തകരാര്‍ ഉണ്ടായിരുന്നു. കുഞ്ഞിനെ കയ്യില്‍ തന്നിട്ട് ഉടനെ മടക്കി വാങ്ങി. ഒരുപക്ഷേ ഇനിയവനെ ജീവനോടെ കാണില്ലെന്ന് പറഞ്ഞു. തളര്‍ന്നു പോയി ഞാന്‍.
പത്തു മാസം ചുമന്നു പെറ്റ കുഞ്ഞിന്റെ ജീവനാണ് എന്റെ കയ്യില്‍ നിന്ന് തട്ടിയെടുക്കുന്നത്. ഞാന്‍ അലറിക്കരഞ്ഞു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. പരാജയപ്പെട്ടാല്‍ കുട്ടിയുടെ മരണം ഉറപ്പ്. വിജയിച്ചാല്‍ തന്നെ ജീവിതത്തിലേയ്ക്ക് മടങ്ങി വരാന്‍ ഒരുപാട് കടമ്പകള്‍. ഒരോ ദിവസവും എന്നെക്കൊണ്ട് പല പേപ്പറുകളിലും ഒപ്പു വയ്പ്പിക്കും. കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്നും എന്തെങ്കിലും പറ്റിയാല്‍ ആശുപത്രിയും ഡോക്ടര്‍മാരും ഉത്തരവാദികളല്ലെന്നുമുള്ള സമ്മത പത്രങ്ങളാണ് അവ.
ഒടുവില്‍ അമ്പതാം ദിവസമാണ് എനിക്കെന്റെ കുഞ്ഞിനെ കാണാന്‍ പറ്റുന്നത്, ഐസിയുവിലെ ഏകാന്തതയില്‍. സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ഉണ്ടായിരുന്നില്ല. ആ കുഞ്ഞ് ശരീരത്തില്‍. രണ്ടു മാസം ഐസിയുവില്‍ മരണത്തോടു പോരാടി വിജയിച്ചു ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇപ്പോഴും ആ പാടുണ്ട് അവന്റെ ദേഹത്ത് കനിഹ പറയുന്നു.
വിവാഹമോചന വാര്‍ത്തകളെപ്പറ്റിയും കനിഹയ്ക്ക് പറയാനേറെയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ സജീവമാണ്. എന്റെ ഫേസ്ബുക്ക് പേജുകള്‍ നേരിട്ട് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. മറ്റുള്ളവരെ വേദിപ്പിക്കുകയും അതില്‍ ആഹ്ലാദം കണ്ടെത്തി ആസ്വദിക്കുന്നതും ചിലരുടെ വിനോദമാണ്. വിവാഹ മോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടര്‍ന്നപ്പോള്‍ ഫോണ്‍ വിളിയുടെ തിരക്കായിരുന്നു. വല്ലാത്ത സങ്കടവും ദേഷ്യവും തോന്നിയിരുന്നു. പിന്നെ അത് വിട്ടു കളയുകയാണ് ചെയ്തത്- കനിഹ പറയുന്നു.
Leave a Reply