അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേത്രിയായിരുന്നു കവിയൂര്‍ പൊന്നമ്മ. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ആര്‍ട്ടിസ്റ്റുകളില്‍ ഒരാള്‍ കൂടിയാണ്.

പത്തനംതിട്ടയിലെ കവിയൂരില്‍ 1945 ലാണ് ജനനം. ടി.പി ദാമോദരന്‍, ഗൗരി എന്നിവരുടെ ഏഴ് മക്കളില്‍ മൂത്തകുട്ടിയായിരുന്നു. അന്തരിച്ച നടി കവിയൂര്‍ രേണുക ഇളയസഹോദരിയാണ്.

സംഗീതത്തില്‍ അഭിരുചിയുണ്ടായിരുന്ന പൊന്നമ്മ പിന്നീട് എല്‍.പി.ആര്‍. വര്‍മയുടേ ശിക്ഷണത്തില്‍ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരി എത്തി. വെച്ചൂര്‍ എസ് ഹരിഹരസുബ്രഹ്‌മണ്യയ്യരുടെ കീഴിലും സംഗീതം അഭ്യസിച്ചു. പതിനാലാമത്തെ വയസ്സില്‍ അക്കാലത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആര്‍ട്ട്‌സിന്റെ നാടകങ്ങളില്‍ ഗായികയായാണ് കലാരംഗത്തു വരുന്നത്. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി.

1962 ല്‍ ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. രാവണനായി കൊട്ടാരക്കര ശ്രീധരന്‍ നായരെത്തിയപ്പോള്‍ മണ്ഡോദരിയായത് കവിയൂര്‍ പൊന്നമ്മയായിരുന്നു. തൊമ്മന്റെ മക്കള്‍ (1965) എന്ന സിനിമയില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ടു. മലയാളത്തില്‍ മിക്കവരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. 1965 ലെ തന്നെ ഓടയില്‍നിന്നില്‍ സത്യന്റെ നായികാകഥാപാത്രമായി ‘അമ്പലക്കുളങ്ങരെ’ എന്ന മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമുള്‍പ്പടെയുള്ള രംഗങ്ങളില്‍ നമുക്ക് കവിയൂര്‍ പൊന്നമ്മയെ മറക്കാനാകില്ല. ആ വര്‍ഷം തന്നെ സത്യന്റെ അമ്മവേഷവും ചെയ്തു എന്നത് ആ അഭിനേത്രിയുടെ കഴിവിന്റെ സാക്ഷ്യപത്രം തന്നെയാണ്. നെല്ല് (1974)എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളില്‍ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൊമ്മന്റെ മക്കള്‍, ഓടയില്‍നിന്ന്, അന്വേഷിച്ചു കണ്ടെത്തിയില്ല, അസുരവിത്ത്, വെളുത്ത കത്രീന, നദി, ഒതേനന്റെ മകന്‍, ശരശയ്യ, വിത്തുകള്‍, ആഭിജാത്യം, ശ്രീ ഗുരുവായൂരപ്പന്‍, ഏണിപ്പടികള്‍, പൊന്നാപുരം കോട്ട, നിര്‍മാല്യം, നെല്ല്, ദേവി കന്യാകുമാരി, തുലാവര്‍ഷം, സത്യവാന്‍ സാവിത്രി, കൊടിയേറ്റം, ഇതാ ഇവിടെ വരെ, ഈറ്റ, ചാമരം, സുകൃതം, കരിമ്പന, ഓപ്പോള്‍, ഇളക്കങ്ങള്‍, സുഖമോ ദേവി, നഖക്ഷതങ്ങള്‍, അച്ചുവേട്ടന്റെ വീട്, തനിയാവര്‍ത്തനം, മഴവില്‍ക്കാവടി, വന്ദനം, കിരീടം, ദശരഥം, കാട്ടുകുതിര, ഉള്ളടക്കം, സന്ദേശം, ഭരതം, കുടുംബസമേതം, ചെങ്കോല്‍, മായാമയൂരം, വാത്സല്യം, ഹിസ് ഹൈനസ് അബ്ദുള്ള, തേന്‍മാവിന്‍ കൊമ്പത്ത്, അരയന്നങ്ങളുടെ വീട്, കാക്കക്കുയില്‍, വടക്കുന്നാഥന്‍, ബാബാ കല്യാണി, ഇവിടം സ്വര്‍ഗമാണ്, ഒപ്പം തുടങ്ങിയവയാണ് ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. കൂടാതെ സത്യാ എന്ന തമിഴ് ചിത്രത്തിലും പ്രിയുരാലു എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. 2021 ല്‍ റിലീസ് ചെയ്ത ആണും പെണ്ണും എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.

1963 ല്‍ കാട്ടുമൈന എന്ന സിനിമയിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. വെളുത്ത കത്രീന, തീര്‍ഥയാത്ര, ധര്‍മയുദ്ധം, ഇളക്കങ്ങള്‍, ചിരിയോ ചിരി, കാക്കക്കുയില്‍ തുടങ്ങി എട്ടോളം സിനിമകളില്‍ പാട്ടുപിടിയിട്ടുണ്ട്. 1999 മുതല്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ്. ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ ടെലിവിഷന്‍ ചാനലുകളില്‍ ഒട്ടേറെ പരമ്പരകളില്‍ വേഷമിട്ടിട്ടുണ്ട്.

ചലച്ചിത്ര രംഗത്തെ ഏറ്റവും നല്ല സഹ നടിക്കുള്ള പുരസ്‌കാരങ്ങള്‍ 1971,1972,1973,1994 എന്നീ വര്‍ഷങ്ങളില്‍ നാല് തവണ ലഭിച്ചു. ഭരത് മുരളി പുരസ്‌കാരം, പി.കെ റോസി പുരസ്‌കാരം, കാലരത്‌നം പുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര വകുപ്പിന്റെ പ്രത്യേക പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ തേടിയെത്തി.

സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയാണ് കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ്. ആദ്യമായി നായികാ വേഷത്തിലെത്തിയ റോസിയുടെ നിര്‍മാതാവായ മണിസ്വാമി സിനിമാ സെറ്റില്‍ വച്ചാണ് വിവാഹഭ്യര്‍ഥന നടത്തിയത്. 1969 ല്‍ വിവാഹിതരായി. ഈ ബന്ധത്തില്‍ ബിന്ദു എന്ന മകളുണ്ട്. മകളുടെ ജനനത്തിന് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മണിസ്വാമിയും കവിയൂര്‍ പൊന്നമ്മയും വേര്‍പിരിഞ്ഞു. എന്നിരുന്നാലും വാര്‍ധക്യത്തില്‍ മണിസ്വാമി രോഗബാധിതനായപ്പോള്‍ 2011 ല്‍ അദ്ദേഹത്തിന്റെ മരണം വരെ കവിയൂര്‍ പൊന്നമ്മയാണ് പരിചരിച്ചത്.