ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മോഹിനി ഇപ്പോള്‍ എവിടെയാണ്? നിരവധി കഥകള്‍ മോഹിനിെയക്കുറിച്ച് പ്രചരിച്ചിരുന്നെങ്കിലും ഒടുവില്‍ അവര്‍ നേരില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹിനി സിനിമ വിട്ടതിനു ശേഷമുള്ള ജീവിതം വെളിപ്പെടുത്തിയിരിക്കുന്നത്. പതിമൂന്നാം വയസ്സില്‍ എറമന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മോഹിനി 2011ല്‍ കലക്ടര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. മോഹന്‍ലാല്‍ നായകനായ സത്യന്‍ അന്തിക്കാട് ചിത്രമായ ‘ഇന്നത്തെ ചിന്താവിഷയത്തില്‍’ ആണ് അവസാനമായി മലയാളത്തില്‍ കണ്ടത്. വിവാഹശേഷം യുഎസിലേക്ക് ചേക്കേറിയ മോഹിനി ഇപ്പോള്‍ ജീവിതത്തിന്റെ പുതിയ തിരക്കുകളിലാണ്.
മഹാലക്ഷ്മിയെന്ന തമിഴ് ബ്രാഹ്മപെണ്‍കുട്ടി സിനിമയില്‍ എത്തിയപ്പോള്‍ മോഹിനിയായി. പിന്നീട് സിനിമ വിട്ടു കുടുംബ ജീവിതത്തിലേക്ക് കടന്ന അവര്‍ ഇപ്പോള്‍ ക്രിസ്റ്റീന എന്ന ക്രിസ്തുമത വിശ്വാസിയായി. അതിനുള്ള കാരണം മോഹിനി തന്നെ വ്യകത്മാക്കുന്നു. ‘ഞാന്‍ ഭയങ്കര ദൈവവിശ്വാസിയായിരുന്നു. വളരെയേറെ പാരമ്പര്യമുളള ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. എന്റെ ഭക്തിയും വിശ്വാസവും കണ്ട് വീട്ടുകാര്‍ ഞാന്‍ സന്യാസിയാകുമോ എന്നുവരെ ഭയപ്പെട്ടിരുന്നു. അങ്ങനെയുള്ള എനിക്ക് വിവാഹശേഷം ജീവിതത്തില്‍ നേരിടേണ്ടി വന്നത് കടുത്ത പരീക്ഷണങ്ങളാണ്. മോശം കാര്യങ്ങള്‍ ചെയ്തവര്‍ക്ക് മാത്രമേ ജീവിതത്തില്‍ തിരിച്ചടികളുണ്ടാകൂ എന്ന് വിചാരിച്ചിരുന്ന എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. എന്റെ വിഷമങ്ങള്‍ക്ക് ഉത്തരം തേടി ഞാന്‍ ഹിന്ദു മതത്തിലെ മിക്ക പുസ്തകങ്ങളും വായിച്ചു. ബുദ്ധ മതത്തെക്കുറിച്ചും സിഖ് മതത്തെക്കുറിച്ചും ഖുറാനും എല്ലാം വായിച്ചു.

അങ്ങനെയിരിക്കെ വീട്ടിലെ ജോലിക്കാരിയില്‍ നിന്ന് ഒരു ബൈബിള്‍ ലഭിച്ചത് ഞാന്‍ വായിച്ചു തുടങ്ങി. വായിക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ ബൈബിളിലെ കഥകള്‍ വായിച്ചു തുടങ്ങി. അന്ന് രാത്രി സ്വപ്‌നത്തില്‍ ഞാന്‍ ഒരു പ്രകാശവും ഒരു ദൈവീക രൂപവും കണ്ടു. ആ രൂപം എനിക്ക് നോഹയെയും നോഹയുടെ പെട്ടകവും കാണിച്ചു തന്നു. വെളളത്തില്‍ കിടന്നിരുന്ന ആ ബോട്ടിലേക്ക് എന്നെയും കൊണ്ടുപോകാന്‍ ആ രൂപം പറഞ്ഞു. അത് വലിയൊരു തിരിച്ചറിവാണ് എനിക്ക് നല്‍കിയത്. പക്ഷേ പിന്നെയും ഞാന്‍ യഥാര്‍ഥ ദൈവത്തെ തേടിയുളള അന്വേഷണം തുടര്‍ന്നു.

അങ്ങനെ അവസാനം ഞാന്‍ ദൈവമാതാവിലേക്കും ക്രിസ്തുവിലേക്കുമുളള വഴി കണ്ടെത്തി. ക്രിസ്തുമതം സ്വീകരിക്കാനുള്ള കാരണം മോഹിനി വിശദീകരിക്കുന്നു. സിനിമയില്‍ നിന്ന് പൂര്‍ണമായും അകന്ന മോഹിനി ഇപ്പോള്‍ കുടുംബവുമൊത്ത് യുഎസിലാണ് താമസിക്കുന്നത്. രണ്ട് ആണ്‍മക്കളാണ് എനിക്കുളളത്. രണ്ടാമത്തെ മകനെ ഗര്‍ഭിണിയാകുന്നതു വരെ സിനിമയിലും ടെലിവിഷനിലും സജീവമായിരുന്നു.

ഒരാള്‍ക്ക് 17 വയസ്സും ഇളയ കുട്ടിക്ക് ആറ് വയസ്സും. ഭര്‍ത്താവ് ഭരത് കൃഷ്ണസ്വാമി ഇവിടെ എച്ച്‌സിഎല്ലില്‍ ജോലി ചെയ്യുന്നു. ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ ഒരുപാട് യാത്രകള്‍ എനിക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഇടവേള വരുന്നത്. നല്ല റോളുകള്‍ കിട്ടിയാല്‍ തീര്‍ച്ചയായും ഇനി ചെയ്യും.’– വീട്ടമ്മയുടെ പക്വതയോടെ മോഹിനി പറഞ്ഞു നിർത്തി.